4x400 മീറ്റർ റിലേ: ഏഷ്യൻ റെക്കോർഡോടെ ഇന്ത്യ പുറത്ത്
ഒളിംപിക്‌സ് 4x400 മീറ്റർ റിലേയിൽ ഇന്ത്യ നാലാമത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹ്‌യ, ടോം നോഹ് നിർമൽ എന്നിവരും ഏഷ്യൻ വേഗറെക്കോർഡ് നേടിയ സംഘത്തിലുണ്ടായിരുന്നു
ഏഷ്യൻ റെക്കോർഡ് തകർത്തെങ്കിലും ടോക്യോ ഒളിംപിക്‌സ് 4x400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം ഫൈനൽ കാണാതെ പുറത്ത്. പുരുഷ വിഭാഗത്തിലാണ് ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തത്.
ഹീറ്റ്സ് രണ്ടിൽ മത്സരിച്ച ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 3:00:25 സെക്കൻഡിൽ ഫിനിഷ് ലൈൻ തൊട്ട ഇന്ത്യൻ സംഘം ഏഷ്യൻ റെക്കോര്‍ഡ് പഴങ്കഥയാക്കി. 2018 ഏഷ്യൻ ഗെയിംസിൽ 3:00.56 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഖത്തർ സംഘത്തിന്റെ പേരിലായിരുന്നു ഇതുവരെ റെക്കോർഡ് ഏഷ്യൻ വേഗം. ഇതാണ് ഇന്ത്യന്‍ താരങ്ങള്‍ തിരുത്തിയെഴുതിയത്.
മലയാളികൾക്ക് കൂടുതൽ അഭിമാനം പകരുന്നതാണ് ഇന്ത്യയുടെ നേട്ടം. മുഹമ്മദ് അനസ് യഹ്‌യ, ടോം നോഹ് നിർമൽ എന്നിങ്ങനെ രണ്ട് മലയാളി താരങ്ങളാണ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിലുണ്ടായിരുന്നത്. രാജീവ് അറോകിയ, അമോജ് ജേക്കബ് എന്നിവരാണ് മറ്റു താരങ്ങൾ.
മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യയ്ക്ക് ഫൈനൽ യോഗ്യത നേടാനായില്ല. രണ്ടാം ഹീറ്റിൽ നാലാമതായെങ്കിലും മൊത്തത്തില്‍ ഒൻപതാണ് ഇന്ത്യയുടെ സ്ഥാനം. കരുത്തരായ ജപ്പാന്‍, ഫ്രാന്‍സ്, കൊളംബിയ, ദക്ഷിണാഫ്രിക്ക ടീമുകളെയെല്ലാം ഇന്ത്യ പിന്നിലാക്കിയിരുന്നു.
Adjust Story Font
16