Quantcast

'അനുചിത അന്തരീക്ഷം' ഉണ്ടാക്കി; പരാഗ്വെ നീന്തൽ താരത്തെ ഒളിംപിക് വില്ലേജില്‍നിന്ന് പുറത്താക്കി

ഒളിംപിക്‌സിനിടെ അസോസിയേഷന്‍റെ അനുമതിയില്ലാതെ അലൻസൊ ഡിസ്‌നിലാൻഡ് സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    8 Aug 2024 8:53 AM GMT

Luana Alonso
X

പാരിസ്: സഹതാരങ്ങൾക്ക് ശ്രദ്ധ തെറ്റിക്കുന്ന അന്തരീക്ഷം ഉണ്ടാക്കിയെന്ന് ആരോപിച്ച് പരാഗ്വൻ നീന്തൽ താരം ലുവാന അലൻസോയെ ഒളിംപിക് വില്ലേജിൽ നിന്ന് പുറത്താക്കി. പരാഗ്വെ ടീം മാനേജറുടെ പരാതിയെ തുടർന്നാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചത്. നൂറു മീറ്റർ ബട്ടർ ഫ്‌ളൈ വിഭാഗത്തിൽ മത്സരിക്കാനെത്തിയ അലൻസോയ്ക്ക് സെമിയിലേക്ക് യോഗ്യത നേടാനായിരുന്നില്ല. 0.24 സെക്കൻഡിലാണ് ഇവർക്ക് സെമി യോഗ്യത നഷ്ടമായത്.

യോഗ്യതാ മത്സരങ്ങളിൽ തോറ്റാലും താരങ്ങളെ ഒളിംപിക് വില്ലേജിൽ താമസിക്കാൻ അനുവദിക്കാറുണ്ട്. എന്നാൽ അലൻസോയുടെ കാര്യത്തിൽ പരാഗ്വൻ അസോസിയേഷൻ അപ്രതീക്ഷിത തീരുമാനമെടുക്കുകയായിരുന്നു. സഹതാരങ്ങളുടെ ശ്രദ്ധ തെറ്റിക്കും വിധം പ്രവർത്തിച്ചതിന് യുവതാരത്തോട് അധികൃതർ ഉടൻ അപാർട്‌മെന്റ് ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് കായിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.



തന്നെ പുറത്താക്കിയതിന് പിന്നാലെ അലൻസോ റിട്ടയർമെന്റും പ്രഖ്യാപിച്ചു. 'ഇപ്പോഴത് ഔദ്യോഗികമായി. ഞാൻ നീന്തലിൽനിന്ന് വിരമിക്കുന്നു. എനിക്കു നൽകിയ പിന്തുണയ്ക്ക് നന്ദി. ക്ഷമിക്കണം, പരാഗ്വെ. എനിക്ക് നന്ദി പറയാൻ മാത്രമേ ആകുന്നുള്ളൂ' - വിരമിക്കൽ പ്രഖ്യാപനം അറിയിച്ചിട്ട ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം കുറിച്ചു. കൈ കൊണ്ട് മുഖം പൊത്തിപ്പിച്ചിടിച്ച സ്വന്തം ചിത്രമാണ് വിരമിക്കൽ പ്രഖ്യാപനത്തിനൊപ്പം അലൻസോ പങ്കുവച്ചത്. പാരിസ് ഒളിംപിക്‌സിൽനിന്നുള്ള കാഴ്ചകളും അവർ പോസ്റ്റു ചെയ്തു.

ഒളിംപിക്‌സിനിടെ അലൻസൊ അനുമതിയില്ലാതെ പാരിസിലെ ഡിസ്‌നിലാൻഡ് സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. പരാഗ്വൻ ഒളിംപിക് കമ്മിറ്റി മേധാവി ലാറിസ സ്‌കാറർ ഇതിൽ അതൃപ്തി അറിയിച്ചിരുന്നു. സഹതാരങ്ങളെ പിന്തുണയ്ക്കുന്നതിന് പകരം വ്യക്തിപരമായ താത്പര്യങ്ങൾക്കാണ് അലൻസോ മുൻതൂക്കം നൽകുന്നത് എന്നാണ് ലാറിസ കുറ്റപ്പെടുത്തിയത്.



എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അലൻസോ നിഷേധിച്ചു. 'എവിടെ നിന്നും പുറത്താക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ദയവായി നിർത്തൂ. ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇത്തരം നുണകൾ ഒരിക്കലുമെന്നെ ബാധിക്കരുത് എന്നാഗ്രഹിക്കുന്നു' - അവർ വ്യക്തമാക്കി.

ബട്ടർഫ്‌ളൈ വിഭാഗത്തിൽ നിരവധി പരാഗ്വൻ റെക്കോർഡുകൾ സ്വന്തമുള്ള താരമാണ് അലൻസോ. നിലവില്‍ യുഎസ് ഡള്ളാസിലെ സതേൺ മെതോഡിസ്റ്റ് സർവകലാശാലയിൽ വിദ്യാർത്ഥിയാണ്. 17-ാം വയസ്സിൽ ടോക്യോ ഒളിംപിക്‌സിൽ മത്സരിച്ചതോടെയാണ് ഇവർ രാജ്യാന്തര ശ്രദ്ധ നേടിയത്. എന്നാൽ സെമിയിലേക്ക് യോഗ്യത നേടാനായിരുന്നില്ല.

TAGS :

Next Story