Quantcast

ഒളിമ്പിക്‌സിൽ അയോഗ്യത; വിനേഷ് ഫോഗട്ടിന്റെ ഭാഗത്തും തെറ്റുണ്ടെന്ന് സൈന നെഹ്‌വാൾ

അധിക ഭാരം ഇല്ലാതാക്കാനായി രാത്രിയിലുടനീളം താരം സൈക്കിളിങ്ങടക്കമുള്ളവ ചെയ്‌തെങ്കിലും ഭാര പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു

MediaOne Logo

Sports Desk

  • Published:

    7 Aug 2024 4:11 PM GMT

Disqualification from the Olympics; Saina Nehwal says Vinesh Phogat is also at fault
X

ന്യൂഡൽഹി: ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ. വിഷയത്തിൽ ഫോഗട്ടിനും തെറ്റുപറ്റിയെന്ന് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ബി.ജെ.പി എം.പി കൂടിയായ സൈന പറഞ്ഞു. പരിചയ സമ്പന്നയായ അത്‌ലറ്റിൽ നിന്ന് ഇത്തരമൊരു പിഴവ് വരാൻ പാടില്ലാത്തതാണെന്നും ഫൈനലിൽ പ്രവേശിക്കവെ ഇങ്ങനെയൊരു തിരിച്ചടി അത്ഭുതപ്പെടുത്തിയെന്നും ഒളിമ്പിക്‌സ് മെഡലിസ്റ്റ് സൈന പറഞ്ഞു.

''അവൾ പരിചയസമ്പന്നയായ അത്ലറ്റാണ്. ശരിയും തെറ്റും എന്താണെന്ന് അവൾക്ക് അറിയാം. നൂറുശതമാനം കഠിനാദ്ധ്വാനം ചെയ്യുന്ന താരം. സാധാരണയായി ഇത്തരം പിഴവുകൾ ഈയൊരു സാഹചര്യത്തിൽ ഒരു കായിക താരത്തിനും സംഭവിക്കില്ല. ഇതെങ്ങനെ സംഭവിച്ചു എന്നത് സംശയത്തിന് ഇടനൽകുന്നു. കാരണം അവൾക്ക് സഹായത്തിനൊരു ടീമുണ്ട്. നിരവധി പരിശീലകരും ഫിസിയോകളും പരിശീലകരുമുണ്ട്. ഇത്തരമൊരു അയോഗ്യത അവർക്കെല്ലാം വളരെ മോശമായി മാറും-സൈന പറഞ്ഞു. 100 ഗ്രാം അധികമുണ്ടെന്ന് കാണിച്ചാണ് താരത്തെ അയോഗ്യയാക്കിയത്. യു.എസ്.എയുടെ സാറാ ഹിൽഡെബ്രാൻറ്റിനെതിരെയാണ് സ്വർണമെഡൽ മത്സരം നിശ്ചയിച്ചിരുന്നത്.

അധിക ഭാരം ഇല്ലാതാക്കാനായി രാത്രിയിലുടനീളം താരം സൈക്കിളിങ്ങടക്കമുള്ളവ ചെയ്‌തെങ്കിലും ഭാര പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഒളിമ്പിക് അസോസിയേഷന്റെ പ്രഖ്യാപനം. മുടിവെട്ടിയും രക്തം പുറത്തുകളഞ്ഞും വരെ ഭാരം കുറക്കാൻ കഠിന പ്രയത്‌നം തന്നെ നടത്തിയെങ്കിലും ഫലമുണ്ടായില്ല. യുണൈറ്റഡ് വേൾഡ് റസ്‌ലിങ് റൂൾ ബുക്കിലെ ആർട്ടിക്കിൾ 11 പ്രകാരം ഒരു താരം ഭാര പരിശോധനയിൽ പരാജയപ്പെടുകയോ എത്തിച്ചേരാതിരിക്കുകയോ ചെയ്താൽ അവരെ ടൂർണമെന്റിൽ ഏറ്റവും അവസാനത്താണ് റാങ്ക് ചെയ്യുക. ഇതിനെത്തുടർന്ന് ഫോഗട്ടിന് ഒരു മെഡലിനും അർഹതയുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ചൊവ്വാഴ്ച ഗോദയിൽ നേടിയ തുടർച്ചയായ മൂന്ന് ജയങ്ങളോടെയാണ് താരം ഫൈനലിലെത്തിയത്. ഒരു അന്താരാഷ്ട്ര മത്സരത്തിൽ പോലും തോൽക്കാത്ത, നാലുതവണ ലോകം ജയിച്ച, ഒളിമ്പിക്‌സിലെ സ്വർണത്തിളക്കവുമുള്ള ജപ്പാന്റെ യൂയി സുസാക്കിയായിരുന്നു പ്രീക്വാർട്ടറിൽ ഫോഗട്ടിന് മുന്നിലെത്തിയത്. അതേസമയം, വിനേഷ് ഫോഗട്ടിന് പിന്തുണയുമായി വിഖ്യാത യുഎസ് റസ്ലർ ജോർഡാൻ ബറോസ് അടക്കം പ്രമുഖർ നേരത്തെ രംഗത്തെത്തിയിരുന്നു. അയോഗ്യത കൽപ്പിച്ചതിനെതിരെ ഗുസ്തി ഫെഡറേഷൻ യുണൈറ്റഡ് വേൾഡ് റസ്ലിങ്ങിന് മുമ്പാകെ അപ്പീൽ നൽകി. ആശുപത്രിയിൽ ചികിത്സയിലുള്ള ഫോഗട്ടിനെ കണ്ട് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡണ്ട് പി.ടി ഉഷ പിന്തുണ അറിയിച്ചു. ഒളിംപിക്സ് വില്ലേജിലെ ക്ലിനിക്കിൽ ചികിത്സയിലാണിപ്പോൾ ഫോഗട്ട്.

TAGS :

Next Story