1983 ജൂണ്‍ 25 ; കപിലിന്റെ ചെകുത്താൻമാർ ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ട് 40 വർഷം
എന്തും നേടാൻ നമുക്ക്കഴിയുമെന്ന ആത്മവിശ്വാസം ഒരോ ഇന്ത്യക്കാരനിലും കുത്തിനിറച്ചു എന്നതായിരുന്നു ആ ജയം നൽകിയ ഏറ്റവും വലിയ സമ്മാനം
ഇന്ത്യൻ കായികരംഗത്തിന്റെ തലവര തിരുത്തിയ 1983 ഏകദിന ലോകകപ്പ് ജയത്തിന് ഇന്ന് നാൽപതാം വാർഷികം. അസാധ്യമെന്ന് ലോകം ഉറപ്പിച്ച ലോകകിരീടം കൈയിലേറ്റുവാങ്ങിയ കപിൽദേവും സംഘവും സാധ്യമാക്കിയത് അവിശ്വസനീയ നേട്ടമായിരുന്നു. എന്തും നേടാൻ നമുക്ക്കഴിയുമെന്ന ആത്മവിശ്വാസം ഒരോ ഇന്ത്യക്കാരനിലും കുത്തിനിറച്ചു എന്നതായിരുന്നു ആ ജയം നൽകിയ ഏറ്റവും വലിയ സമ്മാനം..
40 വർഷം മുൻപ് ഇതേ ദിനത്തിലാണ് ലോർഡ്സ് മൈതാനത്തേക്ക് വലിയൊരു ജനക്കൂട്ടം ഓടിയിറങ്ങിയത്. തോറ്റത് ലോകക്രിക്കറ്റിലെ അതികായരായിരുന്ന വെസ്റ്റ് ഇൻഡീസും ജയിച്ചത് അന്നോളം അധികമാരും ഗൗനിക്കാതിരുന്ന ഇന്ത്യയുമായിരുന്നു. കളിക്കിറങ്ങുമ്പോൾ ഒരാൾക്ക് മാത്രമേ ഇന്ത്യ ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലാതിരുന്നുള്ളൂ. അത് മറ്റാര്‍ക്കുമല്ലായിരുന്നു, ക്യാപ്റ്റൻ കപിൽദേവിന്.അയാളുടെ ബാഗിൽ മറ്റാരുമറിയാതെ ഒരു ഷാമ്പെയ്ൻ കുപ്പിയുണ്ടായിരുന്നു. കിരിടം വാങ്ങിയ ശേഷം ആഘോഷിക്കാൻ. കളിക്കിറങ്ങും മുൻപ് സഹതാരങ്ങളോട് കപിൽ പറഞ്ഞു. നമ്മൾ ജയിക്കും.
കപിലിന് ഭ്രാന്താണെന്ന് അടക്കം പറഞ്ഞ ശ്രീകാന്ത് 38 റൺസെടുത്ത ടോപ് സ്കോററായ കളിയിൽ ഇന്ത്യ നേടിയത് 183 റൺസാണ്. ഇതിഹാസങ്ങൾ നിറഞ്ഞ കരീബിയൻ ടീമിന് നന്നായൊന്നു ബാറ്റ് വീശാൻ പോലുമില്ലാത്ത സ്കോർ. എന്നിട്ടും ഇന്ത്യ 43 റൺസിന് ജയിച്ചു. 33 റൺസെടുത്ത റിച്ചാർഡ്സിനെ പുറത്താക്കാൻ കപിൽ മുപ്പത് വാര പിന്നോട്ടോടിയെടുത്ത ക്യാച്ച് ചരിത്രമായി.
കളിയിലെ താരമായ അമർനാഥിന്റെയും മദൻലാലിന്റെയും മൂന്ന വീതം വിക്കറ്റുകൾ. ജയിക്കാനുള്ള അടങ്ങാത്ത വാശി. തോറ്റിരുന്നെങ്കിലോ.. എങ്കിൽ ഫൈനലിൽ എത്തിയതിന്റെ സന്തോഷമായി ഞാൻ ആ ഷാമ്പെയ്ൻ പൊട്ടിച്ചേനെയെന്നാണ് ക്യാപ്റ്റൻ പറഞ്ഞത്.
ഒരു പരിശീലകനോ ടീം ഡോക്ടറോ ഫിസിയോതെറാപ്പിസ്റ്റോ ഒന്നുമില്ലാതെ കപിലിന്റെ ചെകുത്താൻമാർ തിരുത്തിയത് ക്രിക്കറ്റിന്റെയും ഇന്ത്യൻ കായികരംഗത്തിന്റെ തലവര. എല്ലാത്തിനും ഓടി നടന്ന പി ആർ മാത്സിങ് എന്ന മാനേജരെ നാം ഒരിക്കലും മറക്കരുത്. ക്രിക്കറ്റ് ഇവിടെ പുതിയ മതമായി. നാല്പതു വർഷം മുൻപ് അത്ഭുതമായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ക്രിക്കറ്റിലെ അമരക്കാരാണ്. മറ്റൊരു ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ കപിലും സംഘവും ഊർജമാകട്ടെയെന്ന് ആശംസിക്കാം.
Adjust Story Font
16