Quantcast

ഇന്ത്യക്ക് ആധികാരിക ജയം

MediaOne Logo

Jaisy

  • Published:

    12 April 2017 1:18 AM GMT

ഇന്ത്യക്ക് ആധികാരിക ജയം
X

ഇന്ത്യക്ക് ആധികാരിക ജയം

ഇന്ത്യക്കുവേണ്ടി വിരാട് കോഹ്ലി 85 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അരങ്ങേറ്റ ഏകദിനത്തിനിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി...

ന്യൂസിലന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ന്യൂസിലന്റിന് 43.5 ഓവറില്‍ 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 16 ഓവറും അഞ്ച് പന്തും ബാക്കി നില്‍ക്കേ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഇന്ത്യക്കുവേണ്ടി വിരാട് കോഹ്ലി 85 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അരങ്ങേറ്റ ഏകദിനത്തിനിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയും സ്പിന്നര്‍ അമിത് മിശ്രയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

സോധി എറിഞ്ഞ 34ആം ഓവറിലെ ആദ്യ പന്ത് സിക്‌സറിന് പറത്തിയാണ് വിരാട് കോഹ്ലി ധര്‍മ്മശാല ഏകദിനത്തില്‍ വിജയം കുറിച്ചത്. തികച്ചും ആധികാരികമായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നേടി കിവീസിനെ ബാറ്റിംങിനയക്കാനുള്ള ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ പാണ്ഡ്യക്കും മിശ്രക്കും പുറമേ രണ്ട് വിക്കറ്റുകള്‍ വീതം നേടി ഉമേഷ് യാദവും കേദാര്‍ ജാദവും മികച്ച പിന്തുണ നല്‍കി. പാര്‍ട്ട് ടൈം ബൗളറായി എത്തിയ കേദാര്‍ ജാദവ് മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് നേടിയത്. ആദ്യ ഏകദിനത്തിനിറങ്ങിയ പാണ്ഡ്യ ഏഴ് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി.

നേരത്തെ മുന്‍നിരയും മധ്യനിരയും തകര്‍ന്നടിഞ്ഞ കിവീസിന് തുണയായത് വാലറ്റക്കാരന്‍ ടിം സൗത്തി(55)യുടേയും ഓപണര്‍ ലാത(79*)മിന്റേയും പ്രകടനമായിരുന്നു. തുടരെ വിക്കറ്റുകള്‍ വീഴുമ്പോഴും ഒരറ്റത്ത് പിടിച്ചു നിന്ന ഓപണര്‍ ലാതമും ഒമ്പതാം നമ്പറുകാരന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റുവീശിയ ടിം സൗത്തിയുമാണ് ന്യൂസിലന്‍റിനെ മാന്യമായ സ്കോറിലെത്തിച്ചത്. ഒരവസരത്തില്‍ 31.5 ഓവറില്‍ എട്ട് വിക്കറ്റിന് 106 എന്ന സ്‌കോറില്‍ നിന്നും റണ്‍സ് എന്ന പൊരുതാവുന്ന സ്‌കോര്‍ ന്യൂസിലന്റിന് സമ്മാനിച്ചത് ഇവരാണ്. 40 ഓവറിന് മുമ്പേ ഓള്‍ഔട്ടാകുമെന്ന് കരുതിയ ന്യൂസിലന്റ് ഇന്നിംങ്‌സിന്റെ ജീവന്‍ നീട്ടിക്കൊടുത്തത് 58 പന്തുകളില്‍ നിന്നും ഇവര്‍ നേടിയ 71റണ്‍സാണ്.

45 പന്തില്‍ ആറ് ബൗണ്ടറികളുടേയും മൂന്ന് സിക്‌സറുകളുടേയും അകമ്പടിയില്‍ 55 റണ്‍സ് എടുത്ത ടിം സൗത്തിയുടെ നിര്‍ണ്ണായക വിക്കറ്റ് വീഴ്ത്തിയത് അമിത്ത് മിശ്രയായിരുന്നു. പാണ്ഡ്യെക്ക് കാച്ച് സമ്മാനിച്ച് സൗത്തി മടങ്ങിയത് 41ആം ഓവറിലെ മൂന്നാം പന്തില്‍. പത്ത് ഓവറോളം ക്രീസില്‍ നിന്ന സൗത്തി ന്യൂസിലന്‍റിന് പൊരുതാനുള്ള ആത്മവിശ്വാസം നല്‍കിയാണ് വിടവാങ്ങിയത്.

സൗത്തി കൂടെ വീണതോടെ പരമാവധി വേഗത്തില്‍ റണ്‍സ് കണ്ടെത്താനായി ടോം ലാതമിന്റെ ശ്രമം. നാല്‍പ്പത്തിനാലാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറിയും സിക്‌സറും അടിച്ചാണ് ലാതം നയം വ്യക്തമാക്കിയത്. എന്നാല്‍ ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ഇഷ് സോധിയെ വിക്കറ്റിന് മുന്നില്‍ കുരുക്കി അമിത് മിശ്ര ന്യൂസിലന്റ് ഇന്നിംങ്സ് 190ല്‍ അവസാനിപ്പിച്ചു. ന്യൂസിലന്റ് ഇന്നിംഗ്‌സിന് വേഗത നല്‍കിയത് സൗത്തിയാണെങ്കില്‍ നട്ടെല്ലായത് ഓപണറായി ഇറങ്ങി പുറത്താവാതെ നിന്ന ലാതമായിരുന്നു. കിവീസ് ഇന്നിംങ്‌സില്‍ ഇവര്‍ മാത്രമാണ് 15 റണ്‍സില്‍ കൂടുതല്‍ നേടിയത്. മൂന്ന് പേര്‍ ഡക്കായപ്പോള്‍ മൂന്ന് പേര്‍ക്ക് അഞ്ചില്‍ കുറവ് റണ്‍സ് മാത്രമാണ് നേടാനായത്.

മറുപടി ബാറ്റിംങ് തുടങ്ങിയപ്പോള്‍ വിജയലക്ഷ്യത്തിന് അനുയോജ്യമായ അടിത്തറയിട്ടതിന് ശേഷമാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. പത്താം ഓവറിലെ രണ്ടാം പന്തില്‍ രോഹിത് ശര്‍മ്മ(14) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വൈകാതെ രണ്ട് സിക്‌സറുകളും നാല് ഫോറുമായി അപകടകരമായി ബാറ്റു വീശിയ രഹാനെ(34 പന്തില്‍33) കൂടി പുറത്തായെങ്കിലും വിരാട് കോഹ്ലി ഉറച്ചു നിന്നു. പാണ്ഡെ(17)യേയും ധോണി(21)യേയും ജാദവി(10*)നേയും ഒപ്പം കൂട്ടി കോഹ്ലി ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലെത്തിച്ചു. ഒമ്പത് ഫോറുകളുടേയും ഒരു സിക്‌സറിന്റേയും സഹായത്തിലാണ് വിരാട് കോഹ്ലി 85* റണ്‍സ് നേടിയത്.

അരങ്ങേറ്റ ഏകദിന മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് കളിയിലെ താരം.

TAGS :

Next Story