Quantcast

ആസ്ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ - നദാല്‍ ക്ലാസിക് ഫൈനല്‍ ഇന്ന്

MediaOne Logo

Alwyn K Jose

  • Published:

    14 Jun 2017 12:11 AM GMT

ആസ്ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ - നദാല്‍ ക്ലാസിക് ഫൈനല്‍ ഇന്ന്
X

ആസ്ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ - നദാല്‍ ക്ലാസിക് ഫൈനല്‍ ഇന്ന്

ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും തമ്മിലാണ് ഫൈനല്‍. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്.

ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ക്ലാസിക് ഫൈനല്‍ ഇന്ന്. ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും തമ്മിലാണ് ഫൈനല്‍. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്.

ടെന്നീസ് കോര്‍ട്ടിലെ രണ്ട് ഇതിഹാസങ്ങള്‍ മെല്‍ബണ്‍ പാര്‍ക്കില്‍ മുഖാമുഖം എത്തുകയാണ്. പതിനേഴ് തവണ ഗ്രാന്റ് സ്ലാം കിരീടം ചൂടിയ താരമാണ് സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍. നദാല്‍ നേടിയത് 14 ഗ്രാന്റ് സ്ലാമുകള്‍. നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ റെക്കോഡിന്റെ ആനുകൂല്യം നദാലിനാണ്. 23 തവണ നദാല്‍ ജയിച്ചപ്പോള്‍ ഫെഡറര്‍ സ്വന്തമാക്കിയത് 11 ജയങ്ങള്‍. ഗ്രാന്റ് സ്ലാമുകളില്‍ 11 തവണ ഏറ്റുമുട്ടിയപ്പോള്‍ ഒമ്പതിലും ജയിച്ചത് നദാല്‍ തന്നെ. ഇതില്‍ കൂടുതലും ജയിച്ചത് ഫ്രഞ്ച് ഓപ്പണിലായിരുന്നു. 2011 ലെ ഫ്രഞ്ച് ഓപ്പണില്‍ ഇരുവരും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ജയം നദാലിനൊപ്പം നിന്നു. മൂന്ന് വര്‍ഷം മുമ്പ് ആസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയിലും ഇരുവരും നേര്‍ക്കുനേര്‍ വന്നു. അന്നും ജയിക്കാന്‍ ഫെഡറര്‍ക്കായില്ല.

2014 ലെ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയതിന് ശേഷമാണ് ആദ്യമായാണ് നദാല്‍ ഗ്രാന്റ് സ്ലാം ഫൈനലില്‍ പ്രവേശിക്കുന്നത്. 2012 ലെ വിംബിള്‍ഡണാണ് ഫെഡറര്‍ അവസാനമായി നേടിയ ഗ്രാന്റ് സ്ലാം. സമീപകാലത്ത് പരിക്കിനെ തുടര്‍ന്ന് മികച്ച കളി പുറത്തെടുക്കാന്‍ ഇരുവര്‍ക്കുമായില്ല. ഇക്കുറി ആസ്ട്രേലിയന്‍ ഓപ്പണില്‍ ഇരുവരും ക്വാര്‍ട്ടറിനപ്പുറം കടക്കില്ലെന്ന് ടെന്നീസ് വിദഗ്ധര്‍ വിധിയെഴുതിയിരുന്നു. നാട്ടുകാരനായ സ്റ്റാനിസ്ലാസ് വാവ്റിങ്കയെ സെമിയില്‍ അഞ്ചുസെറ്റ് നീണ്ട തകര്‍പ്പന്‍ പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ കീഴടക്കിയത്. ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രേവിനെ അനായാസം തോല്‍പ്പിക്കാന്‍ നദാലിനായില്ല. ജയിച്ചത് അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ തന്നെ. അത്യന്തം വാശിയേറിയ ക്ലാസിക് പോരാട്ടമാകും ഫെഡറര്‍- നാദാല്‍ ഫൈനല്‍.

Next Story