കൊല്‍ക്കത്തയെ അട്ടിമറിച്ച് പൂനെ
കൊല്‍ക്കത്തയെ അട്ടിമറിച്ച് പൂനെ
സ്വന്തം മണ്ണില്‍ വിജയമെന്ന നീണ്ട കാത്തിരിപ്പിനു അറുതി വരുത്തിയാണ് പൂനെയുടെ ആഘോഷം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കരുത്തരായ അത്‍ലറ്റികോ ഡി കൊല്‍ക്കത്തയെ അട്ടിമറിച്ച് പൂനെ എഫ്‍സി. സ്വന്തം മണ്ണില്‍ വിജയമെന്ന നീണ്ട കാത്തിരിപ്പിനു അറുതി വരുത്തിയാണ് പൂനെയുടെ ആഘോഷം. കിട്ടിയ അവസരങ്ങളൊക്കെ പാഴാക്കാതെ കളിക്കളത്തില്‍ ആക്രമണ ഫുട്ബോളിന്റെ ചാരുതയുമായാണ് ഇരു ടീമുകളും കളംനിറഞ്ഞത്.
ആദ്യ പകുതി അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് എഡ്വേര്‍ഡോ ഫെറീറ (41) പൂനെയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ പൂനെക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി പിഴക്കാത്ത ഷോട്ടുമായി റൊഡ്രിഗസ് കൊല്‍ക്കത്തയുടെ വലയില്‍ എത്തിച്ചതോടെ ലീഡ് രണ്ടായി ഉയര്‍ന്നു. 69 ാം മിനിറ്റില്‍ കൊല്‍ക്കത്തക്ക് ആശ്വാസമായി ലഭിച്ച പെനാല്‍റ്റി തൊടുത്ത ഇയാന്‍ ഹ്യൂമിന് ഒന്നു പിഴച്ചെങ്കിലും ഗോളിയുടെ ഗ്ലൌസില്‍ തട്ടി തിരിച്ച് ഹ്യൂമിലേക്ക് തന്നെ പന്തെത്തി. രണ്ടാം വട്ടം പ്രതിരോധത്തിനുള്ള ചെറുസാധ്യത പോലും ഒരുക്കാതെ ഹ്യൂം പന്ത് പൂനെയുടെ വലയിലെത്തിച്ചു. ഇതോടെ സമനിലക്കായുള്ള പോരാട്ടത്തിന് കൊല്‍ക്കത്ത തന്ത്രമൊരുക്കിയപ്പോള്‍ പ്രതിരോധത്തിന്റെ കടുത്ത മുറ സ്വീകരിക്കുകയായിരുന്നു പൂനെ. പ്രതിരോധത്തിനൊപ്പം തുടരെത്തുടരെ ആക്രമണം അഴിച്ചുവിടാനും പൂനെ മുതിര്‍ന്നു. എന്നാല്‍ ഗോള്‍ മാത്രം പിറന്നില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ വിജയാഹ്ലാദവുമായി പൂനെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കൊല്‍ക്കത്ത മൂന്നാം സ്ഥാനത്താണ്.
Adjust Story Font
16