സെറീന വീനസ് പോരാട്ടം ഇന്ന്
സെറീന വീനസ് പോരാട്ടം ഇന്ന്
എട്ട് വര്‍ഷത്തിന് ശേഷമാണ് വില്യംസ് സഹോദരിമാര്‍ ഗ്രാന്റ്സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്...
ആസ്‌ത്രേലിയന്‍ ഓപണ്‍ ഫൈനലില്‍ ഇന്ന് സെറീന വീനസ് പോരാട്ടം. ഇത് എട്ടാം തവണയാണ് അമേരിക്കക്കാരികളായ വില്യംസ് സഹോദരിമാര്‍ ഗ്രാന്റ് സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് വില്യംസ് സഹോദരിമാര്‍ ഗ്രാന്റ്സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍സമയം ഉച്ചക്ക് രണ്ടിനാണ് ഫൈനല്‍.
ആര് ജയിച്ചാലും ചരിത്രനേട്ടമാകും അത്. ഇരുപത്തിമൂന്നാം ഗ്രാന്റ്സ്ലാം കിരീടം തേടിയാണ് സെറീന വില്യംസ് ചേച്ചി വീനസിനെ നേരിടുന്നത്. നിലവില്‍ സ്‌റ്റെഫി ഗ്രാഫിന്റെ ഇരുപത്തിരണ്ട് ഗ്രാന്റ്സ്ലാം നേട്ടമെന്ന റെക്കോഡിനൊപ്പമാണ് സെറീന. ആറ് ആസ്‌ട്രേലിയന്‍ ഓപണുകളും സെറീനയുടെ ശേഖരത്തിലുണ്ട്.
ഏഴ് ഗ്രാന്റ് സ്ലാമുകളാണ് വീനസ് വില്യംസിന് സ്വന്തമായുള്ളത്. ഫൈനല്‍ ജയിച്ചാല്‍ വീനസിന്റെ ആദ്യ ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടമാകും അത്. മാത്രമല്ല ആസ്‌ത്രേലിയന്‍ ഓപണ്‍ നേടുന്ന ഏറ്റവും പ്രായമേറിയ വനിത, കൂടിയ ഇടവേളയില്‍(എട്ടര വര്‍ഷം) ഗ്രാന്റ്സ്ലാം നേടുന്ന താരം എന്നീ റെക്കോഡുകള്‍ 36കാരി വീനസിന് സ്വന്തമാകും. ഫൈനലിലെത്തിയപ്പോള്‍ തന്നെ കലാശപ്പോരാട്ടത്തിന്‌യോഗ്യത നേടുന്ന പ്രായമേറിയ വനിതാ താരത്തിന്റെ റെക്കോഡ് വീനസ് സ്വന്തമാക്കിയിരുന്നു. 2008ല്‍ നേടിയ വിംബിള്‍ഡണാണ് വീനസ് അവസാനമായി വിജയിച്ച ഗ്രാന്റ് സ്ലാം ടൂര്‍ണ്ണമെന്റ്. 2009ല്‍ കളിച്ച വിംബിള്‍ഡണ്‍ ഫൈനലാണ് അവസാന ഗ്രാന്റ്സ്ലാം ഫൈനല്‍.
1999ല്‍ സെറീനയാണ് യുഎസ് ഓപണ്‍ നേടിക്കൊണ്ട് വില്യംസ് സഹോദരിമാരുടെ വരവറിയിച്ചത്. തൊട്ടടുത്ത വര്‍ഷം വിംബിള്‍ഡണ്‍ നേടി വീനസ് എത്തി. അഞ്ച് തവണ വിംബിള്‍ഡണും രണ്ട് തവണ യുഎസ് ഓപണും നേടിയിട്ടുള്ള വീനസിന് ഫ്രഞ്ച് ഓപണും ആസ്‌ത്രേലിയന്‍ ഓപണും നേടാന്‍ സാധിച്ചിട്ടില്ല.
നാല് ഗ്രാന്റ്സ്ലാമും നേടി കരിയര്‍സ്ലാം നേടിയ താരമാണ് സെറീന വില്യംസ്. വിംബിള്‍ഡണ്‍(ഏഴ്), ആസ്‌ത്രേലിയന്‍ ഓപണ്‍(ആറ്), യുഎസ് ഓപണ്‍(ആറ്), ഫ്രഞ്ച് ഓപണ്‍(മൂന്ന്) എന്നിങ്ങനെയാണ് സെറീനയുടെ ഗ്രാന്റ്സ്ലാം നേട്ടങ്ങള്‍. ഇത് എട്ടാം തവണയാണ് വില്യംസ് സഹോദരിമാര്‍ ഗ്രാന്റ്സ്ലാം ഫൈനലില്‍ മത്സരിക്കുന്നത്. ആറ് തവണയും ജയം സെറീനക്കൊപ്പമായിരുന്നു. 2001 യുഎസ് ഓപണില്‍ ആദ്യ ഏറ്റുമുട്ടലില്‍ വീനസ് ജയിച്ചപ്പോള്‍ അവസാനം കണ്ടുമുട്ടിയ 2009 വിംബിള്‍ഡണില്‍ സെറീന വിജയിച്ചു.
Adjust Story Font
16