Quantcast

ഐഎസ്എല്‍ കലാശപോരാട്ടം ഇന്ന്

MediaOne Logo
ഐഎസ്എല്‍ കലാശപോരാട്ടം ഇന്ന്
X

ഐഎസ്എല്‍ കലാശപോരാട്ടം ഇന്ന്

മൂന്നാമത് ഐഎസ്എല്‍ ഫൈനലില്‍ ഇന്ന് ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും.

മൂന്നാമത് ഐഎസ്എല്‍ ഫൈനലില്‍ ഇന്ന് ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. ഐഎസ്എല്‍ ആദ്യ ഫൈനലില്‍ അത് ലറ്റിക്കോയോടേറ്റ പരാജയത്തിന് കണക്ക് തീര്‍ക്കാനാണ് ബ്ലാസറ്റേഴ്സ് ബൂട്ടണിയുന്നത്. അതേസമയം ഹ്യൂമിന്‍റെ കരുത്തില്‍ രണ്ടാമതൊരിക്കല്‍കൂടി കപ്പുയര്‍ത്താമെന്ന ആത്മവിശ്വസത്തിലാണ് കൊല്‍ക്കത്ത. ടീമുടമകളായ സച്ചിനും ഗാംഗുലിക്കും പുറമെ അംബാനി കുടുംബവും ബച്ചന്‍ കുടുംബവും ആവേശം പകരാന്‍ സ്റ്റേഡിയത്തിലെത്തും. കനത്ത സുരക്ഷയാണ് മത്സരത്തിന് ഒരുക്കിയിരിക്കുന്നത്.

2014ലെ ആദ്യഫൈനലില്‍ അധികസമയത്തെ ഏകഗോളിന് കൈവിട്ട കിരീടം തിരിച്ചുപിടിക്കുക. സ്വന്തം കാണികള്‍ക്കു മുന്നില്‍ അപരാജിതരായി സീസണ്‍ പൂര്‍ത്തിയാക്കുക. ഇതില്‍ കുറഞ്ഞൊന്നുകൊണ്ടും കോപ്പലിന്‍റെ കേരള ബ്ലാസ്റ്റേഴ്സ് തൃപ്തരാകില്ല. ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലിനൊപ്പം സി കെ വിനീതെന്ന ലോക്കല്‍ ബോയിയുടെ പ്രകടനം ഒരിക്കല്‍കൂടി തുണയ്ക്കുമെന്ന് ബ്ലാസ്റ്റേഴ്സ് വിശ്വസിക്കുന്നു. ഡല്‍ഹിയെ അധിക സമയത്തിനുമപ്പുറം ഷൂട്ടൌട്ടില്‍ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസവും തുണ.

ലീഗ് മത്സരത്തില്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് പരാജയം നുണഞ്ഞത് അത് ലറ്റിക്കോയോട് മാത്രമാണ്. ഇയാന്‍ ഹൂമെന്ന കുന്തമുനയെ ചുറ്റിപറ്റിയാണ് അത് ലറ്റിക്കോയുടെ തന്ത്രങ്ങള്‍ ഒരുങ്ങുന്നത്. കൊച്ചിയില്‍ ആരാധകരേറെയുള്ള ഹ്യൂം തന്നെയാണ് ഐഎസ്എല്ലിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരന്‍. ബ്ലാസ്റ്റേഴ്സിനെതിരെ മാത്രം പക്ഷെ ഹ്യൂമിന് വലകുലുക്കാനായിട്ടില്ല.

ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച ഹ്യൂമും പിയേഴ്സണും എതിരിടാനെത്തുമ്പോള്‍ ആദ്യ കപ്പ് അത് ലറ്റിക്കോയ്ക്ക് സമ്മാനിച്ച റഫീക്ക് ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകും. ഹൊസുവില്ലെങ്കിലും ജിങ്കനും ഹ്യൂസും ഹെങ്ബെര്‍ട്ടുമെല്ലാം തീര്‍ക്കുന്ന പ്രതിരോധകോട്ട പൊളിക്കാന്‍ ഹ്യൂമിനും പോസ്റ്റിഗയ്ക്കും നന്നേ വിയര്‍ക്കേണ്ടിവരും. ഒപ്പം വിനീതിനേയും ബെല്‍ഫോര്‍ട്ടിനേയുമെല്ലാം തളക്കുകയെന്നത് അത് ലറ്റിക്കോയ്ക്കും കഠിനമാകും.

അരലക്ഷത്തിലേറെ വരുന്ന ആരാധകരുടെ പ്രാര്‍ത്ഥനയ്ക്കൊപ്പം പ്രകടനവും തുണച്ചാല്‍ കോപ്പലിന്‍റെ കുട്ടികള്‍ക്ക് നാട്ടില്‍ കപ്പുയര്‍ത്താം. മറിച്ചായാല്‍ അത് ലറ്റിക്കോയ്ക്ക് വീണ്ടും കപ്പില്‍ മുത്തമിടാം. ഫലം എന്തായാലും ഇതിഹാസ താരങ്ങളായ സച്ചിനും ഗാംഗുലിയും അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമെല്ലാം ആവേശം പകരാന്‍ ഗ്യാലറിയിലുണ്ടാകും.

TAGS :

Next Story