Quantcast

ധോണി തോറ്റു; കൊഹ്‍ലി ജയിച്ചു

MediaOne Logo

admin

  • Published:

    14 Feb 2018 3:14 AM GMT

ധോണി തോറ്റു; കൊഹ്‍ലി ജയിച്ചു
X

ധോണി തോറ്റു; കൊഹ്‍ലി ജയിച്ചു

ഐപിഎല്ലില്‍ എംഎസ് ധോണി നയിക്കുന്ന റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സിന് വീണ്ടും തോല്‍വി.

ഐപിഎല്ലില്‍ എംഎസ് ധോണി നയിക്കുന്ന റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സിന് വീണ്ടും തോല്‍വി. വിരാട് കൊഹ്‍ലി നായകനായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സാണ് പൂനെയെ ഏഴു വിക്കറ്റിനു കെട്ടുകെട്ടിച്ചത്. കൊഹ്‍ലിയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവില്‍ റോയല്‍ ചലഞ്ചേഴ്‍സ് ധോണിക്ക് മേല്‍ രാജകീയ വിജയം ആഘോഷിച്ചു. സ്‍കോര്‍: പൂനെ - 191/6 (20/20 ov), ബാംഗ്ലൂര്‍ - 195/3 (19.3/20 ov). അവസാന ഓവറിലെ മൂന്നാമത്തെ പന്ത് അതിര്‍ത്തി കടത്തി കൊഹ്‍ലി ധോണിക്കൂട്ടത്തിനു മേല്‍ വിജയതാണ്ഡമാടുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ പൂനെയെ ബാറ്റിങിനു അയച്ചു. ഇത്തവണ ബാറ്റ്സ്‍മാന്‍മാര്‍ താളം കണ്ടെത്തിയപ്പോള്‍ പൂനെ, നിശ്ചിത 20 ഓവറില്‍ അധികം പരിക്കുകളൊന്നുമില്ലാതെ ആറു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. ഓപ്പണര്‍ അജന്‍ക്യ രഹാനെയുടെയും സൌരഭ് തിവാരിയുടെയും അര്‍ധ ശതകങ്ങളാണ് പൂനെയ്ക്കു മാന്യമായ സ്‍കോര്‍ നേടിക്കൊടുത്തത്. ബാംഗ്ലൂര്‍ നിരയില്‍ പന്തെടുത്തവരെല്ലാം അടി വാങ്ങിക്കൂട്ടിയപ്പോള്‍ പൂനെയുടെ സ്‍കോര്‍ കുതിച്ചു കയറി. 48 പന്തില്‍ നിന്നു 74 റണ്‍സെടുത്ത രഹാനെയും 39 പന്തില്‍ നിന്നു 52 റണ്‍സ് അടിച്ചെടുത്ത തിവാരിയും പൂനെയെ വിജയ പ്രതീക്ഷയിലേക്ക് നയിക്കുകയായിരുന്നു. ധോണി രണ്ടക്കം കാണാതെ പുറത്തായി. ബാംഗ്ലൂര്‍ നിരയില്‍ നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ധോണിയുടേതടക്കം മൂന്നു വിക്കറ്റ് വീഴ്‍ത്തിയ വാട്സന്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

മറുപടി ബാറ്റിങിനിറങ്ങിയ ബാംഗ്ലൂര്‍ നായകന്‍ കൊഹ്‍ലിയുടെ ചിറകിലേറി വിജയത്തിലേക്ക് ഊളിയിടുകയായിരുന്നു. ഓപ്പണര്‍ ലോകേഷ് രാഹുലിനെ ഒരറ്റത്ത് നിര്‍ത്തി കൊഹ്‍ലി നടത്തിയ വെടിക്കെട്ട് ബാറ്റിങ്, ഓപ്പണിങ് വിക്കറ്റില്‍ 94 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. 12 ഓവറില്‍ രാഹുല്‍ 38 റണ്‍സുമായി മടങ്ങിയപ്പോള്‍ കൊഹ്‍ലിക്ക് കൂട്ടിനെത്തിയത് ഈ തലമുറയിലെ ലോകോത്തര ബാറ്റ്സ്‍മാന്‍മാരില്‍ ഒരാളായ ഡിവില്ലിയേഴ്‍സ്. എന്നാല്‍ മൂന്നു പന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്‍സ് സാംബയുടെ പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് കളംവിട്ടു. അടുത്തടുത്ത് തിരിച്ചടികള്‍ നേരിട്ടതോടെ കൊഹ്‍ലി റണ്‍സ് വേഗം കൂട്ടി. വാട്സനായിരുന്നു കൊഹ്‍ലിക്ക് ഉറച്ച പിന്തുണ നല്‍കിയത്. വാട്സനുമൊത്ത് മുന്നേറിയ കൊഹ്‍ലി 19 ാം ഓവറില്‍ ആര്‍പി സിങിനെ രണ്ടു തവണ ഗാലറിയില്‍ എത്തിച്ച് വിജയം ഉറപ്പിച്ചു. സിക്സറോടെ കൊഹ്‍ലി സീസണിലെ രണ്ടാം സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഒടുവില്‍ അവസാന ഓവറിലെ മൂന്നാമത്തെ പന്ത് അതിര്‍ത്തി കടത്തി കൊഹ്‍ലി തന്നെ അനിവാര്യമായ വിജയം പിടിച്ചടക്കി. ഇതോടെ ധോണിയുടെ പൂനെ പത്തു മത്സരങ്ങളില്‍ നിന്നു വഴങ്ങിയ തോല്‍വികളുടെ എണ്ണം ഏഴായി. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് പൂനെ.

TAGS :

Next Story