യുവരാജ് തിരിച്ചെത്തുമ്പോള്‍
യുവരാജ് തിരിച്ചെത്തുമ്പോള്‍
ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ താരം പരാജയപ്പെടുകയാണെങ്കില്‍ അത് വിലയിരുത്തപ്പെടുക യുവ നിരക്ക് നഷ്ടമായ അവസരങ്ങളെന്ന പേരിലാകും. 2015 ലോകകപ്പിന് അയോഗ്യനായ യുവി 2019ന് ഏത് അര്‍ഥത്തിലാണ് അനുയോജ്യനാകുക
ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്‍റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഏറെ ശ്രദ്ധേയമായത് യുവരാജ് സിങിന്‍റെ തിരിച്ചുവരവാണ്. ഡിസംബര്‍ 2013ലാണ് യുവി അവസാനമായി ഇന്ത്യക്കായി ഒരു ഏകദിന മത്സരം കളിക്കുന്നത്. അര്‍ബുദത്തെ കീഴടക്കി 2012 അവസാനത്തോടെ ഏകദിന ടീമില്‍ തിരിച്ചെത്തിയ ശേഷം ഇതിനിടെ 16 മത്സരങ്ങള്‍ കളിച്ചു. നേടിയത് കേവലം 278 റണ്‍സ് മാത്രം. ടീമിന് പുറത്തേക്കുള്ള വാതില്‍ തുറന്നത് ഇതോടെയായിരുന്നു. അടുത്ത ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ ചുരുങ്ങിയ സമയം മാത്രം അവശേഷിക്കെ മൂപ്പത്തിയഞ്ചുകാരനായ യുവരാജ് ടീമിലെത്തുമ്പോള്‍ അതുയര്‍ത്തുന്ന ചോദ്യങ്ങള്‍ പലതാണ്.
അടുത്ത ലോകകപ്പിനുള്ള ടീമില്‍ യുവി ഒരു സാന്നിധ്യമാകുമെന്ന് സെലക്ടര്‍മാര്‍ കരുതുന്നുണ്ടോ എന്നതു തന്നെയാണ് ഇതില്‍ പ്രധാനം. അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് പ്രാദേശിക മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളുടെ മികവില്‍ യുവി സെല്ക്ടര്‍മാരുടെ വാതിലില്‍ മുട്ടുന്നത്. ലോകപ്പിനു മുമ്പായി 55 ഏകദിന മത്സരങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ യുവരാജിന് അവസരം നല്‍കുക വഴി സെലക്ടര്‍മാര്‍ നല്‍കുന്ന സന്ദേശം എന്താകും? ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റ് വരെയുള്ള ഒരു താത്ക്കാലിക ഒത്തുതീര്‍പ്പ് മാത്രമാകുമോ യുവരാജിനെ ഉള്‍പ്പെടുത്തിയതിന് പിന്നില്‍?
പ്രാദേശിക മത്സരങ്ങളിലെ ഫോം അവഗണിക്കാനാകാത്തതെന്ന വാദം ഒരു പരിധിവരെ ശരിയാണെങ്കിലും ടീമില്‍ ഇടം നേടി കാത്തിരിക്കുന്ന യുവ നിരയെ കാണാതിരിക്കുന്നത് കടുത്ത അപരാധമാകും. കൊഹ്‍ലി എന്ന യുവനായകനു കീഴിലൊരു മികച്ച ടീമിനെ ലോകകപ്പിന് ഒരുക്കുക എന്ന വലിയ ലക്ഷ്യം കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. രഞ്ജിയില്‍ യുവിക്കൊപ്പം കളിക്കുന്ന മന്‍ദീപ് സിങ് , ട്രിപിള്‍ ശതകവുമായി ടെസ്റ്റില്‍ വരവറിയിച്ച കരുണ്‍ നായര്‍, റിഷ്ബ പന്ത്, ശ്രേയസ് അയ്യര്‍ തുടങ്ങി ഏകദിനത്തിലേക്ക് ഒരുങ്ങിയിരിക്കുന്ന യുവനിര ശക്തമാണ്.
ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്ന യുവി ഏത് പൊസിഷനിലാകും ഇറങ്ങുക എന്നതും ഒരു ചോദ്യമാണ്. നായക സ്ഥാനം വെടിഞ്ഞ ധോണി ബാറ്റിംഗ് ക്രമത്തില്‍ നാലാം സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ കണ്ടെത്തലായ കേധാര്‍ ഝാദവ് ആറാം സ്ഥാനത്തും. അതിനാല്‍ തന്നെ യുവിക്ക് മുന്നിലുള്ളത് ബാറ്റിങ് ക്രമത്തിലെ അഞ്ചാം സ്ഥാനമാണ്. മനീഷ് പാണ്ഡെയും അജിങ്ക്യ രഹാനെയുമാണ് ഇവിടെ പ്രതിയോഗികള്‍. സ്പിന്നറെന്ന നിലയില്‍ ഉപയോഗിക്കാനാകുമെന്നതും ഫീല്‍ഡിലെ പഴയ സിംഹമല്ലെങ്കിലും വിശ്വസനീയമായ കരങ്ങളാണെന്നത് യുവിക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്.
ഏകദിനങ്ങളില്‍ മികച്ച ഒരു ഫിനിഷറെ തേടിയുള്ള അന്വേഷണം ഇനിയും വിജയം കണ്ടിട്ടുള്ളത് യുവ താരങ്ങളെയും പരിചയ സമ്പന്നനായ യുവിയെയും വേര്‍തിരിക്കുന്ന ഘടകമാണ്. ഇവിടെ എന്തുകൊണ്ടും യുവിക്കാണ് മുന്‍തൂക്കം. കൂറ്റനടികളുടെ തോഴനാണെന്ന് ഹാര്‍ദിക് പാണ്ഡെ തെളിയിച്ചിട്ടുണ്ടെങ്കിലും സമ്മര്‍ദ ഘട്ടങ്ങളില്‍ ടീമിനെ തോളിലേറ്റി മുന്നേറാന്‍ ഹാര്‍ദിക് ഇനിയും ഏറെ ദൂരം താണ്ടാനുണ്ട്. കേദാര്‍ ഝാദവിനും സമാന വിശേഷണങ്ങള്‍ ചേരും. ഇന്ത്യ കണ്ട മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണി തന്നെ ഫിനിഷിങില്‍ യുവിയാണ് താരമെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത് കൂടി കൂട്ടിവായിക്കുമ്പോള്‍ ടീമിന് പുറത്തു നില്‍ക്കുന്ന യുവനിരയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച ഫിനിഷറെന്ന ടാഗിന് ഏറ്റവും അനുയോജ്യന്‍ യുവി തന്നെയാണെന്ന സത്യം മറനീക്കി പുറത്തുവരും.
യുവിയുടെ തിരിച്ചുവരവിനെ പല തരത്തിലും വായിക്കാമെങ്കിലും ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ താരം പരാജയപ്പെടുകയാണെങ്കില്‍ അത് വിലയിരുത്തപ്പെടുക യുവ നിരക്ക് നഷ്ടമായ അവസരങ്ങളെന്ന പേരിലാകും. 2015 ലോകകപ്പിന് അയോഗ്യനായ യുവി 2019ന് ഏത് അര്‍ഥത്തിലാണ് അനുയോജ്യനാകുക എന്ന ചെറിയ വലിയ ചോദ്യം അതോടെ പ്രസക്തമാകുകയും ചെയ്യും.
Adjust Story Font
16