Quantcast

അച്ചടക്ക ലംഘനത്തിന് മാപ്പ് ചോദിച്ച് സഞ്ജു

MediaOne Logo

Ubaid

  • Published:

    21 April 2018 7:33 PM GMT

അച്ചടക്ക ലംഘനത്തിന് മാപ്പ് ചോദിച്ച് സഞ്ജു
X

അച്ചടക്ക ലംഘനത്തിന് മാപ്പ് ചോദിച്ച് സഞ്ജു

തന്റെയും പിതാവിന്റെയും പെരുമാറ്റം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നാണ് സഞ്ജു കെ.സി.എക്ക് അയച്ച കത്തിലുള്ളത്.

അച്ചടക്ക ലംഘനത്തിന് മാപ്പ് ചോദിച്ച് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ കേരള ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചു. സഞ്ജുവിനെതിരായ പരാതിയില്‍ താരവും പിതാവ് വിശ്വനാഥനും നാളെ കെ.സി.എ അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും. ഡ്രസിങ് റൂമില്‍ ബാറ്റ് നിലത്തടിച്ചെന്നും മാനേജ്മെന്റിനെ അറിയിക്കാതെ പുറത്തുപോയെന്നുമാണ് സഞ്ജുവിനെതിരായ പരാതി. സഞ്ജുവിന്റെ പിതാവ് കെ.സി.എ ഭാരവാഹികളെ ഫോണില്‍ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.

തന്റെയും പിതാവിന്റെയും പെരുമാറ്റം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നാണ് സഞ്ജു കെ.സി.എക്ക് അയച്ച കത്തിലുള്ളത്. സഞ്ജുവിനെതിരായ പരാതി അന്വേഷിക്കാന്‍ കെ.സി.എ നിയോഗിച്ച അന്വേഷണ സമിതി നാളെ യോഗം ചേരാനിരിക്കെയാണ് മാപ്പ് ചോദിച്ചുകൊണ്ട് താരം കത്ത് നല്‍കിയിരിക്കുന്നത്.

പരാതിയില്‍ അന്വേഷണ സമിതി നാളെ സഞ്ജുവിന്റെയും പിതാവിന്റെയും വിശദീകരണം കേള്‍ക്കും. സഞ്ജുവിന്റെ മാപ്പപേക്ഷിച്ചുള്ള കത്തും സമിതി പരിഗണിക്കും. വിഷയത്തില്‍ കെ.സി.എ പ്രസിഡന്റ് ടി.സി മാത്യുവിന്റെ കൂടി ഭാഗം കേട്ട ശേഷമാകും അന്വേഷണ സമിതി അച്ചടക്ക നടപടിയിന്‍മേല്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

മുൻ കേരള ടീം ക്യാപ്റ്റനും മുൻ ബി.സി.സി.ഐ മാച്ച് റഫറിയുമായ എസ്. രമേശ്, ബി.സി.സി.ഐ മാച്ച് റഫറി പി. രംഗനാഥൻ എന്നിവരടങ്ങിയ നാലംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്.

TAGS :

Next Story