നാലടിയില്‍ ചിലി ക്വാര്‍ട്ടറില്‍
നാലടിയില്‍ ചിലി ക്വാര്‍ട്ടറില്‍
കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചിലി ക്വാര്‍ട്ടറില്‍ കടന്നു.
കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചിലി ക്വാര്‍ട്ടറില്‍ കടന്നു. നിര്‍ണായക മത്സരത്തില്‍ പനമയെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചാണ് ചിലിയുടെ ക്വാര്‍ട്ടര്‍ പ്രവേശം. ഇതോടെ ക്വാര്‍ട്ടറില്‍ ചിലി മെക്സിക്കോയെ നേരിടും. എഡ്വേര്‍ഡോ വര്‍ഗാസിന്റെയും അലക്സിസ് സാഞ്ചസിന്റെയും ഇരട്ട ഗോളിലാണ് ചിലി ക്വാര്‍ട്ടിലേക്ക് മാര്‍ച്ച് ചെയ്തത്. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ചിലിയെ പനമ ഞെട്ടിച്ചു. മിഗല്‍ കമാര്‍ഗോ ആയിരുന്നു ചിലിയുടെ വലയില്‍ ആദ്യം പന്തെത്തിച്ചത്. എന്നാല്‍ അത് അണയാന്‍ പോകുന്നതിനു മുമ്പുള്ള ആളിക്കത്തല്‍ മാത്രമായിരുന്നു. പിന്നീടങ്ങോട്ട് ചിലി ആക്രമണം അഴിച്ചുവിട്ടതോടെ പനമയുടെ പ്രതിരോധമുഖം യുദ്ധക്കളമായി. പത്തു മിനിറ്റിനുള്ളില്‍ തന്നെ ചിലി മറുപടി നല്‍കി. വര്‍ഗാസിന്റെയായിരുന്നു സമനില ഗോള്‍. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ വര്‍ഗാസിന്റെ വക രണ്ടാം ഗോള്‍ പനമയുടെ വലയില്‍ വിശ്രമിച്ചു. രണ്ടാം പകുതിയും ചിലിയുടെ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. 50 ാം മിനിറ്റില്‍ സാഞ്ചസ് ചിലിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 75 ാം മിനിറ്റില്‍ ചിലിയുടെ പിഴവ് മുതലെടുത്ത് അരോയോ നേടിയ ഗോള്‍ പനമയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ പനമയുടെ പ്രതിരോധ ഭടന്‍മാരെ അരിഞ്ഞുവീഴ്‍ത്തി സാഞ്ചസിന്റെ രണ്ടാം ഗോള്‍ പിറന്നു. ഇതോടെ ഗാംഭീര്യത്തോടെ ചിലിയുടെ പോരാളികള്‍ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു.
Adjust Story Font
16