Quantcast

ഗോള്‍ മഴ... പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

MediaOne Logo

Alwyn

  • Published:

    24 April 2018 2:17 AM GMT

ഗോള്‍ മഴ... പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
X

ഗോള്‍ മഴ... പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

ലോക ഹോക്കി ലീഗില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ.

ലോക ഹോക്കി ലീഗില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യ പാക് പടയെ കെട്ടുകെട്ടിച്ചത്. ആക്രമണത്തിലൂന്നിയായിരുന്നു ഇരു ടീമുകളും കളി തുടങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ പടയാളികളുടെ കുതിപ്പിന് മുമ്പില്‍ കിതച്ചിരിക്കാനെ പാക് പടക്ക് കഴിഞ്ഞുള്ളു.

തുടക്കത്തില്‍ തന്നെ ഇരുകൂട്ടര്‍ക്കും പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആദ്യ ക്വാര്‍ട്ടറിന്‍റെ അവസാന മിനിറ്റുകളില്‍ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഹര്‍മന്‍പ്രീത് സിങ് പാക് വലയില്‍ സുരക്ഷിതമായി നിക്ഷേപിച്ചു. ഇതോടെ ആദ്യ ക്വാര്‍ട്ടര്‍ ഇന്ത്യയുടെ ആധിപത്യത്തില്‍. എന്നാല്‍ ഇന്ത്യന്‍ പടയോട്ടത്തിന്‍റെ തുടക്കം മാത്രമായിരുന്നു അത്. രണ്ടാം ക്വാര്‍ട്ടറില്‍ തല്‍വിന്ദര്‍ സിങ് പാക് വല തുളച്ചു. ഇതോടെ ആക്രമണത്തിലും മുന്നേറ്റത്തിലും കുന്തമുന തീര്‍ത്തായി പാക് പ്രതിരോധം. എന്നാല്‍ ലക്ഷ്യം കാണുന്നതില്‍ മാത്രം അവര്‍ക്ക് പിഴച്ചു. അധികം വൈകാതെ തല്‍വിന്ദര്‍ സിങിന്‍റെ രണ്ടാം ഗോളോടെ ഇന്ത്യ ആദ്യ പകുതിയുടെ ആധിപത്യം 3-0 ല്‍ എത്തിച്ചു.

മൂന്നാം ക്വാര്‍ട്ടറില്‍ ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലീഡ് 4 ആക്കി ഉയര്‍ത്തി. അവസാന ക്വാര്‍ട്ടറിലും ഇന്ത്യക്ക് തന്നെയായിരുന്നു മുന്‍തൂക്കം. നാലാം ക്വാട്ടറിന്‍റെ ആദ്യ മിനിറ്റുകളില്‍ തന്നെ ആകാശ്‍ദീപ് സിങ് പാക് വല കുലുക്കി. തൊട്ടുപിന്നാലെ എത്തി പര്‍ദീപ് മോറിന്‍റെ തകര്‍പ്പന്‍ ഗോള്‍. ഇതോടെ ഇന്ത്യയുടെ ലീഡ് 6-0 ആയി. എതിരാളികളെ നിഷ്പ്രഭരാക്കി കുതിക്കുന്നതിനിടെ ഇന്ത്യന്‍ പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്ത് പാക് താരം ഉമര്‍ ഭുട്ട ആശ്വാസ ഗോള്‍ കണ്ടെത്തി. എന്നാല്‍ അവസാന മിനിറ്റുകളില്‍ ഇതിന് പ്രതികാരം വീട്ടിയത് ആകാശ്‍ദീപിന്‍റെ ഇടിവട്ട് ഗോളായിരുന്നു. ഇതോടെ ഒന്നിനെതിരെ ഏഴു ഗോളിന്‍റെ വെടിക്കെട്ട് ജയം സ്വന്തമാക്കി ഇന്ത്യ കളംവിട്ടു.

Next Story