സാഫ് ഗെയിംസിന് ഗുവാഹത്തിയില്‍ നാളെ തിരിതെളിയും
സാഫ് ഗെയിംസിന് ഗുവാഹത്തിയില്‍ നാളെ തിരിതെളിയും
12 ദിവസം, 24 ഇനങ്ങള്‍ എട്ട് രാജ്യങ്ങളില്‍ നിന്നായി 2500 താരങ്ങള്‍. ഗുവാഹത്തിയും ഷില്ലോങ്ങും പന്ത്രണ്ട് രാപ്പകലുകള്‍ ദക്ഷിണേഷ്യന്‍ കായിക ലോകത്തിന്റെ തലസ്ഥാനങ്ങളാകും
ദക്ഷിണേഷ്യന്‍ ഗെയിംസിന് അസമിലെ ഗുവഹാത്തിയില്‍ നാളെ തിരി തെളിയും. ഈ മാസം പതിനാറ് വരെ ഗുവാഹത്തിയിലും മേഘാലയിലെ ഷില്ലോങിലുമാണ് ഗെയിംസ് നടക്കുക. ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. എട്ട് രാജ്യങ്ങളില്‍ നിന്നായി 2500 കായിക താരങ്ങളാണ് മാറ്റുരക്കുക.
12 ദിവസം, 24 ഇനങ്ങള്‍ എട്ട് രാജ്യങ്ങളില്‍ നിന്നായി 2500 താരങ്ങള്‍. ഗുവാഹത്തിയും ഷില്ലോങ്ങും പന്ത്രണ്ട് രാപ്പകലുകള്‍ ദക്ഷിണേഷ്യന്‍ കായിക ലോകത്തിന്റെ തലസ്ഥാനങ്ങളാകും. വൈകിട്ട് ഗുവഹാത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ കലാ സാംസ്കാരിക വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വര്‍ണ്ണാഭമായ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും, ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുക. 2010ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന അവസാന ഗെയിംസില്‍ 90 സ്വര്‍ണ്ണമടക്കം 175 മെഡലുകള്‍ വാരിക്കൂട്ടിയ ഇന്ത്യക്ക് സ്വന്തം നാട്ടില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബോക്സിംഗില്‍ മേരികോം, സരിത ദേവി, ബാഡ്മിന്റണില്‍ സൈന നെഹുവാള്‍, ഷൂട്ടിംഗില്‍ ഗഗന്‍ നാരംഗ്, വിജയ് കുമാര്‍, അതലറ്റിക്സില്‍ എം.ആര്‍ പൂവമ്മ, മയൂഖ ജോണി, ഇന്ദര്‍ജിത് സിംഗ് തുടങ്ങിയവരൊക്കെ കളത്തിലിറങ്ങുമ്പോള്‍ ആ പ്രതീക്ഷ അസ്ഥാനത്തല്ല. ടിന്റു ലൂക്ക, ഒ.പി ജെയ്ഷ തുടങ്ങിയ പ്രമുഖര്‍ ഇത്തവണ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. എങ്കിലും അത്ലറ്റിക്സില്‍ 11 മലയാളി താരങ്ങളാണ് ഇന്ത്യയെ പ്രതിനധീകരിക്കുക.
ഷൂട്ടിംഗില്‍ ദേശീയ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് എലിസബത്ത് സൂസണ്‍ കോശിയുമുണ്ട്. അത്ലറ്റിക്സില്‍ ശ്രീലങ്കയും, മറ്റ് ഇനങ്ങളില്‍ പാകിസ്താനുമായിരിക്കും ഇന്ത്യക്ക് വെല്ലുവിളി. ടീം ഇനങ്ങളില്‍ ഇന്ത്യ-പാക് ഹോക്കി പോരാട്ടത്തിന തന്നെയായിരിക്കും ഗ്ലാമര്‍.
Adjust Story Font
16