Quantcast

പ്രീമിയര്‍ ലീഗില്‍ ചെല്‍സി, ആഴ്‍സനല്‍ ഗ്ലാമര്‍ പോരാട്ടം ഇന്ന്

MediaOne Logo

Ubaid

  • Published:

    27 April 2018 1:46 PM GMT

പ്രീമിയര്‍ ലീഗില്‍ ചെല്‍സി, ആഴ്‍സനല്‍ ഗ്ലാമര്‍ പോരാട്ടം ഇന്ന്
X

പ്രീമിയര്‍ ലീഗില്‍ ചെല്‍സി, ആഴ്‍സനല്‍ ഗ്ലാമര്‍ പോരാട്ടം ഇന്ന്

മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ലീഗ് കപ്പില്‍ നോര്‍താംപ്ടണെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ ഇന്ന് കളത്തിലിറങ്ങും. മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡിന് നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയാണ് എതിരാളികള്‍. ചെല്‍സി ആഴ്സനലിനെ നേരിടും. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്കും നാളെ മത്സരമുണ്ട്.

മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ലീഗ് കപ്പില്‍ നോര്‍താംപ്ടണെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സ്വന്തം തട്ടകത്തില്‍ ലെസ്റ്ററിനെതിരായ മികച്ച റെക്കോഡും മൌറീന്യോയുടെ ടീമിന് കരുത്താണ്.

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞിട്ടില്ല ആഴ്സനല്‍. ലീഗ് കപ്പില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെയും പ്രീമിയര്‍ ലീഗില്‍ ഹള്‍സിറ്റിക്കെതെരിയും ജയം നേടിയത് മികച്ച മാര്‍ജിനിലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് അടിച്ചു കൂട്ടിയത് എട്ട് ഗോളുകളും. ലിവര്‍പൂളിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലെസ്റ്ററിനെതിരെ നേടിയ ജയം ചെല്‍സിക്ക് കരുത്തു പകരുന്നു.

പ്രീമിയര്‍ ലീഗില്‍ ആഴ്സനലിനെതിരായ മികച്ച റെക്കോര്‍ഡും നീലപ്പടയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ലീഗില്‍ 2011ന് ശേഷം ചെല്‍സിക്കെതിരെ ജയം നേടാന്‍ ഗണ്ണേഴ്സിന് കഴിഞ്ഞിട്ടില്ല. പരിക്കില്‍ നിന്നും മോചിതരായ ആരോണ്‍ റാംസിയും ഒലിവര്‍ ജിറൌഡും ചെല്‍സിക്കെതിരെ കളിച്ചേക്കും. ജോണ്‍ ടെറി തിരിച്ചെത്തുന്നത് ചെല്‍സിക്ക് ആശ്വാസമാകും. നിലവില്‍ പത്ത് പോയിന്‍റുള്ള ആഴ്സണല്‍ നാലാമതും അത്രയും തന്നെ പോയിന്‍റുള്ള ചെല്‍സി അഞ്ചാം സ്ഥാനത്തുമാണ്. പോയിന്‍റ് പട്ടികയില്‍ മുന്നേറ്റം ലക്ഷ്യമിടുന്ന ഇരു ടീമുകളും അതുകൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വാന്‍സി സിറ്റിയാണ് എതിരാളികള്‍. കഴിഞ്ഞ ദിവസം നടന്ന ലീഗ് കപ്പ് മത്സരത്തില്‍ സ്വാന്‍സി സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചിരുന്നു. സ്വന്തം തട്ടകത്തില്‍ ലിവര്‍പൂളിന് നേരിടേണ്ടത് ഹള്‍സിറ്റിയെ ആണ്. ഹോം ഗ്രൌണ്ടില്‍ ഹള്‍സിറ്റിക്കെതിരെ ലിവര്‍പൂള്‍ ഇതുവരെ തോല്‍വി വഴങ്ങിയിട്ടില്ല.

TAGS :

Next Story