29 വര്‍ഷത്തിന് ശേഷം ഗിഗ്‍സ് യുണൈറ്റഡ് പടിയിറങ്ങുന്നു
29 വര്‍ഷത്തിന് ശേഷം ഗിഗ്‍സ് യുണൈറ്റഡ് പടിയിറങ്ങുന്നു
ക്ലബിനായി 963 മത്സരങ്ങളില്‍ കളിച്ച ഗിഗ്സ് 2014ല്‍ ബൂട്ടഴിച്ചു. എന്നാല്‍ ഗിഗ്സിനെ വിടാന്‍ യുണൈറ്റഡും യുണൈറ്റഡിനെ വിടാന്‍ ഗിഗ്സും തയ്യാറായില്ല.
യൂറോ കപ്പിനിടെ ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശയുള്ള ഒരു വാര്‍ത്ത. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരം റയാന്‍ ഗിഗ്സ് ക്ലബ് വിട്ടു. കളിക്കാരനായും സഹപരിശീലകനായും പരിശീലകനായുമെല്ലാം 29 വര്‍ഷം ക്ലബിനൊപ്പം ചെലവിട്ട ശേഷമാണ് ഗിഗ്സ് ക്ലബ് വിടുന്നത്.
29 വര്‍ഷം, 35 കീരീടങ്ങള്‍ കളിക്കാരന്‍, നായകന്‍, പരിശീലകന്‍, സഹപരിശീലകന്‍.. ഫുട്ബോള്‍ ജീവിതം മുഴുവന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമര്‍പ്പിച്ച റയാന്‍ ഗിഗ്സ് ക്ലബ് വിടുകയാണ്.
പതിനാലാം വയസില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിയ ഗിഗ്സ് കരിയര്‍ മുഴുവന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയാണ് കളിച്ചത്. സര്‍ അലക്സ് ഫെര്‍ഗൂസന്‍ നേതൃത്വം നല്‍കിയ യുണൈറ്റഡിന്റെ സുവര്‍ണതലമുറയിലെ മുന്നണി പോരാളിയായിരുന്നു ഗിഗ്സ്. ബെക്കാമും,നിസ്റ്റള്‍ റോയും, റൊണാള്‍ഡോയുമെല്ലാം കൂട് മാറി പോയിട്ടും ഗിഗ്സ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഉറച്ച് നിന്നു. കളിച്ചിരുന്ന കാലത്ത് സ്വന്തം രാജ്യമായ വെയ്ല്‍സിന് ഫുട്ബോളില്‍ മേല്‍വിലാസം ഇല്ലാതിരുന്നിട്ട് കൂടി ഗിഗ്സ് ലോകത്തിലെ മികച്ച താരങ്ങളില്‍ ഒരാളായി.
ക്ലബിനായി 963 മത്സരങ്ങളില്‍ കളിച്ച ഗിഗ്സ് 2014ല്‍ ബൂട്ടഴിച്ചു. എന്നാല്‍ ഗിഗ്സിനെ വിടാന്‍ യുണൈറ്റഡും യുണൈറ്റഡിനെ വിടാന്‍ ഗിഗ്സും തയ്യാറായില്ല. ഡേവിഡ് മോയസിനെ പുറത്താക്കിയതിനെ തുടര്‍ന്ന് നാല് മത്സരങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ചു. പിന്നെ ലൂയി വാന്‍ഗാലിന് കീഴില്‍ സഹപരിശീലകനായി. പുതിയ പരിശീലകന്‍ ഹൊസെ മൌറീഞ്ഞ്യോക്ക് ഗിഗ്സിനെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമില്ലാത്തതിനാലാണ് ഗിഗ്സ് യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.
ഗിഗ്സ് ഇറങ്ങുമ്പോള്‍ അലക്സ് ഫെര്‍ഗൂസന്‍ സൃഷ്ടിച്ച സുവര്‍ണ തലമുറയുടെ അവസാന കണ്ണി കൂടി യുണൈറ്റഡിനെ വിട്ട് പോവുകയണ്. ഇനി പുതിയ യുണൈറ്റഡാണ്. പൂര്‍ണമായും ഹൊസെ മൌറീഞ്ഞോ സൃഷ്ടിക്കുന്ന പുതിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
Adjust Story Font
16