Quantcast

പുജാരക്കും രഹാനക്കും ശതകം; ഇന്ത്യ ഭദ്രമായ നിലയില്‍

MediaOne Logo

Ubaid

  • Published:

    6 May 2018 9:08 AM GMT

പുജാരക്കും രഹാനക്കും ശതകം; ഇന്ത്യ ഭദ്രമായ നിലയില്‍
X

പുജാരക്കും രഹാനക്കും ശതകം; ഇന്ത്യ ഭദ്രമായ നിലയില്‍

പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ രാഹുലും അര്‍ധശതകം നേടി. മൂന്ന് വിക്കറ്റിന് 344 എന്ന നിലയിലാണ് ആദ്യ ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്.

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെയും അജിങ്ക്യ രഹാനെയുടെയും ശതകങ്ങളുടെ നിറവില്‍ ഇന്ത്യ പിടിമുറുക്കുന്നു. പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ കെആര്‍ രാഹുലിന്‍റെ അര്‍ധശതകവും ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായി. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ മൂന്നിന് 344 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ.

ഏകദിന ശൈലിയില്‍ അടിച്ചു കയറിയ ധവാനും രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. സ്കോര്‍ 56ല്‍ എത്തിനില്‍ക്കെ 35 റണ്‍സെടുത്ത ധവാന്‍ വീണു. അമ്പതാം ടെസ്റ്റിന്‍റെ നിറവിലുള്ള പുജാരയാണ് അടുത്തതായി ക്രീസിലെത്തിയത്. സ്കോറിങില്‍ വല്ലാതെ പിശുക്ക് കാട്ടിയ പുജാര എത്തിയതോടെ ഇന്ത്യന്‍ ഇന്നിങ്സിന് വേഗതയും നഷ്ടമായി. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 100 കടത്തി. ഇതിനിടെയായിരുന്നു രാഹിലിന്‍റെ അര്‍ധശതകം. ടെസ്റ്റില്‍ രാഹുലിന്‍റെ തുടര്‍ച്ചയായ ആറാം അര്‍ധശതകമാണിത്.

53 റണ്‍സെടുത്ത രാഹുല്‍ അനാവശ്യമായ ഒരു റണ്‍ഔട്ടിലൂടെ കൂടാരം കയറി. ഹെറാത്തിന്‍റെ പന്ത് എക്സ്ട്രാ കവറിലേക്ക് അടിച്ചകറ്റിയ രാഹുല്‍ റണ്ണിനായി ഓടിയെങ്കിലും ആദ്യം അനുകൂല നിലപാട് പ്രകടമാക്കിയ പുജാരക്ക് പിന്നീട് മനംമാറ്റം ഉണ്ടായതോടെ ക്രീസിന്‍റെ മധ്യത്തില്‍ കുടുങ്ങുകയായിരുന്നു. പുജാരക്ക് നേരെയുള്ള അരിശം പ്രകടമാക്കിയാണ് രാഹുല്‍ കളം വിട്ടത്. തുടര്‍ന്നെത്തിയ നായകന്‍ കൊഹ്‍ലി രണ്ട് ബൌണ്ടറികളോടെ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ ഹെറാത്തിന്‍റെ മനോഹരമായ പന്ത് കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ സ്ലിപ്പില്‍ പിടികൊടുത്ത് മടങ്ങി. 13 റണ്‍സ് മാത്രമായിരുന്നു നായകന്‍റെ സമ്പാദ്യം. ശ്രീലങ്കക്കായി ഹെറാത്തും പെരേരയും ഓരോ വിക്കറ്റ് വീതം നേടി.

പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തിലാണ് പുജാരക്ക് കൂട്ടായി രഹാനെ എത്തിയത്.മെല്ലെപ്പോക്കില്‍ കാര്യമില്ലെന്ന് മനസിലാക്കിയ രഹാനെ ചില മനോഹരമായ ഡ്രൈവുകളിലൂടെ തന്‍റെ വരവറിയിച്ചു. ഒരുവശത്ത് പതിയെ നീങ്ങിയ പുജാര അര്‍ധശതകം നേടിയപ്പോള്‍ മറുപുറത്ത് മനോഹരമായ ഷോട്ടുകളുടെ പെരുമഴക്കാലം സൃഷ്ടിച്ച് ലങ്കന്‍ ബൌളര്‍മാരുടെ ഉറക്കം കെടുത്തുന്ന ചുമതല രഹാനെ ഏറ്റെടുത്തു. ഇരുവരും താളത്തിലായതോടെ ആതിഥേയരുടെ നിര പരുങ്ങലിലുമായി. മൂന്നിന് 238 എന്ന താരതമ്യേന ശക്തമായ നിലയിലാണ് ഇന്ത്യ ചായക്ക് പിരിഞ്ഞത്.

അവസാന സെഷന്‍റെ ആദ്യ പാദത്തില്‍ തന്നെ പുജാര നൂറിലേക്ക് എത്തി. അരങ്ങേറ്റക്കാരന്‍ പുഷ്പകുമാരയെ സ്‍ക്വയര്‍ ലഗിലേക്ക് തിരിച്ച് രണ്ട് റണ്‍ സ്വന്തമാക്കിയായിരുന്നു ടെസ്റ്റ് കരിയറിലെ പതിമൂന്നാം ശതകം പുജാര പൂര്‍ത്തിയാക്കിയത്. ആദ്യ ദിനത്തിന്‍റെ അവസാനത്തോടെ കരിയറിലെ ഒമ്പതാം ശതകമെന്ന നേട്ടം രഹാനെയും എത്തിപ്പിടിച്ചു. 163 പന്തുകളില്‍ നിന്ന് 12 ബൌണ്ടറികളുടെ സഹായത്തോടെയായിരുന്നു രഹാനെയുടെ ശതകം.

TAGS :

Next Story