Quantcast

കോഹ്ലി സച്ചിനെ മറികടക്കുമെന്ന് പാകിസ്താന്‍ ഇതിഹാസ താരം

MediaOne Logo

Subin

  • Published:

    6 May 2018 2:36 AM GMT

കോഹ്ലി സച്ചിനെ മറികടക്കുമെന്ന് പാകിസ്താന്‍ ഇതിഹാസ താരം
X

കോഹ്ലി സച്ചിനെ മറികടക്കുമെന്ന് പാകിസ്താന്‍ ഇതിഹാസ താരം

18 ടെസ്റ്റ് സെഞ്ചുറികളും 32 ഏകദിന സെഞ്ചുറികളുമാണ് നിലവില്‍ കോഹ്ലിയുടെ അക്കൗണ്ടിലുള്ളത്...

വിരാട് കോഹ്ലിയുടെ ഇതുവരെയുള്ള ബാറ്റിംങ് പ്രകടനം വിലയിരുത്തുന്ന ആര്‍ക്കും സച്ചിന്റെ റെക്കോഡുകള്‍ക്കുള്ള വെല്ലുവിളിയാണ് ഇന്ത്യന്‍ നായകനെന്ന് തോന്നാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറിയെന്ന അഭേദ്യമെന്ന് കരുതപ്പെടുന്ന സച്ചിന്റെ റെക്കോഡ് കോഹ്ലി മറികടക്കുമെന്ന് ഉറപ്പിച്ചുപറയുകയാണ് പാക് പേസ്ബൗളിംങ് ഇതിഹാസം ഷൊഹൈബ് അക്തര്‍. അടുത്തിടെ കോഹ്ലി 50 അന്താരാഷ്ട്ര സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 18 ടെസ്റ്റ് സെഞ്ചുറികളും 32 ഏകദിന സെഞ്ചുറികളുമാണ് നിലവില്‍ കോഹ്ലിയുടെ അക്കൗണ്ടിലുള്ളത്.

കോഹ്ലിക്ക് സച്ചിനെ മറികടക്കാനാകുമോ എന്നത് കുറച്ചുവര്‍ഷങ്ങളായി ഉയരുന്ന ചോദ്യമാണ്. തീര്‍ച്ചയായും കഴിയുമെന്നും 44 വയസുവരെയെങ്കിലും തടസമില്ലാതെ കളിക്കാന്‍ വലംകൈ ബാറ്റ്‌സ്മാനായ കോഹ്ലിക്ക് സാധിക്കുമെന്നും അക്തര്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ കോഹ്ലി 120 സെഞ്ചുറി നേടാന്‍ പോലും സാധ്യതയുണ്ടെന്നും റാവല്‍ പിണ്ടി എക്‌സ്പ്രസ് പ്രവചിക്കുന്നു.

'മിസ്ബ ഉള്‍ഹക്കിന് 43 വയസുവരെ ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചെങ്കില്‍ കോഹ്ലിക്ക് 44 വയസുവരെയെങ്കിലും കളിക്കാം. അത്രയും സമയം കളിക്കാന്‍ കഴിഞ്ഞാല്‍ സച്ചിനെ മറികടക്കാന്‍ കോഹ്ലിക്ക് സാധിക്കും. 120 സെഞ്ചുറികള്‍ സ്വന്തം പേരില്‍ കോഹ്ലി കുറിച്ചാലും അത്ഭുതപ്പെടാനില്ല' ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഷുഹൈബ് അക്തര്‍ പറയുന്നു. അതേസമയം ക്രിക്കറ്റിലെ എക്കാലത്തേയും ഇതിഹാസ താരമായ സച്ചിനെ കോഹ്ലിയുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ എട്ടാമതാണ് വിരാട് കോഹ്ലി. ബ്രയാന്‍ ലാറ(53), ജയവര്‍ധനെ(54), ഹാഷിം അംല(54), കാലിസ്(62) സംഗക്കാര(63) പോണ്ടിംങ് (71) സച്ചിന്‍(100) എന്നിങ്ങനെയാണ് സെഞ്ചുറിയിലെ മുമ്പന്മാരുടെ പട്ടിക. ടെസ്റ്റില്‍ 18 സെഞ്ചുറി നേടിയതോടെ ഇന്ത്യക്കാരില്‍ ദിലീപ് വെങ്‌സര്‍ക്കാറിന്റെ(17) റെക്കോഡ് കോഹ്ലി മറികടന്നു. അസ്ഹറുദീന്‍(22), സെവാഗ്(23), ഗവാസ്‌കര്‍(34) ദ്രാവിഡ്(36), സച്ചിന്‍(51) എന്നിവരാണ് ടെസ്റ്റിലെ സെഞ്ചുറികളില്‍ കോഹ്ലിക്ക് മുന്നിലുള്ളത്.

TAGS :

Next Story