പാരാലിംപിക്സില് അഭിമാന നേട്ടം: ദീപാ മാലിക്കിന് അഭിനന്ദന പ്രവാഹം
പാരാലിംപിക്സില് അഭിമാന നേട്ടം: ദീപാ മാലിക്കിന് അഭിനന്ദന പ്രവാഹം
പാരാലിംപിക്സില് ഇന്ത്യക്ക് വേണ്ടി മെഡല് നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതി സ്വന്തമാക്കിയ ദീപാ മാലിക്കിന്
പാരാലിംപിക്സില് അഭിമാന നേട്ടം സ്വന്തമാക്കിയ ഇന്ത്യന് താരം ദീപാ മാലിക്കിന് അഭിനന്ദന പ്രവാഹം. കായിക രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖര്‍ ദീപയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി.
പാരാലിംപിക്സില് ഇന്ത്യക്ക് വേണ്ടി മെഡല് നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതി സ്വന്തമാക്കിയ ദീപാ മാലിക്കിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് മത്സരിക്കുകയാണ് കായിക രാഷ്ട്രീയ സിനിമാ ലോകം.
താങ്കളെ പോലെ പ്രചോദനമേകുന്നവര്‍ക്ക് വേണ്ടി കയ്യടിക്കാന്‍ മാത്രം ഞങ്ങളെ ഭാഗ്യവാന്മാരാക്കിയതിന് നന്ദിയെന്ന് പറഞ്ഞ വീരേന്ദര്‍ സെവാഗിന്റെ അഭിനന്ദന ട്വീറ്റ് ഇതിനകം വൈറലാണ് സോഷ്യല്‍ മീഡിയയില്‍. പിന്നാലെ സച്ചിന് ടെണ്ടുല്‍ക്കറും ദീപയെ പ്രശംസിച്ച് രംഗത്തെത്തി. ക്രിക്കറ്റ് ലോകത്ത് നിന്ന് ശിഖര്‍ ധവാനും ആര്‍ അശ്വിനും ദീപക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഒളിമ്പിക്സ് ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക് ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാള്‍, ജ്വാലാ ഗുട്ട എന്നിവരും ദീപയെ അഭിനന്ദിച്ച് ട്വിറ്ററിലെത്തി.
ദീപയുടെ ചരിത്ര നേട്ടത്തെ പുകഴ്ത്തി സിനിമാലോകത്ത് നിന്നും അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ രംഗത്തെത്തി. സംസ്ഥാനത്തിന്റെ അഭിമാനമായി മാറിയ ദീപക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് 40 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു.
പിന്തുണച്ച എല്ലാവര്‍ക്കും ട്വിറ്ററിലൂടെ തന്നെ ദീപ നന്ദിയര്‍പ്പിച്ചു. ഇന്ത്യയിലെ ഭിന്നശേഷിക്കാരായ വനിതകളുടെ പുരോഗമനത്തിനായി തന്റെ വെള്ളിമെഡല്‍ നേട്ടത്തെ പ്രയോജനപ്പെടുത്തുമെന്നും ദീപ പ്രഖ്യാപിച്ചു.
ഷോട്ട് പുട്ടില്‍ 4.61 മീറ്റര്‍ ദൂരം എറിഞ്ഞിട്ടാണ് മധ്യപ്രദേശുകാരി ദീപാ മാലിക് പാരാലിംപിക്സില് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. അരക്ക് താഴെ തളര്‍ന്ന മധ്യപ്രദേശുകാരി വീല്‍ചെയറില്‍ ഇരുന്നാണ് മത്സരിച്ചത്
പാരാലിംപിക്സില്‍ വെള്ളി നേടുന്ന ആദ്യവനിതയെന്ന നേട്ടത്തിലേക്ക് ദീപ മാലിക് എത്തിയത് ഒട്ടേറെ കടമ്പകള്‍ കടന്നാണ്. വീല്‍ചെയറിലിരുന്ന് ലോകത്തെ നോക്കി ചിരിക്കുകയാണ് ഈ 45കാരി. ഷോട്ട്പുട്ട് എഫ്-35 വിഭാഗത്തിലാണ് ദീപയുടെ വെള്ളിനേട്ടം.
17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നട്ടെല്ലിലുണ്ടായ ട്യൂമറാണ് ദീപയെ വീല്‍ചെയറിലിരുത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ ശേഷമാണ് ദീപ സര്‍ജറിക്ക് വിധേയയായത്. നട്ടെല്ലിന് മൂന്ന് ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. 153 സ്റ്റിച്ചുകള്‍. ഭാര്യയുടെയും അമ്മയുടെയും റോളുകളില്‍ ദീപ പരാജയപ്പെട്ടെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. പക്ഷേ തോല്‍ക്കാത്ത മനസ്സുമായി ദീപ അവരെ നേരിട്ടു. യഥാര്‍ഥത്തില്‍ വീല്‍ചെയറില്‍ നിന്നാണ് ദീപയുടെ ജീവിതം തുടങ്ങുന്നത്. വ്യായാമമെന്നോണം നീന്തിത്തുടങ്ങിയ ദീപ പിന്നീട് മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. 2006ല്‍ ജാവലിന്‍ ത്രോയിലും ഷോട്ട്പുട്ടിലും പരിശീലനം ആരംഭിച്ചു. അഹമ്മദ് നഗറിലെ റെസ്റ്റോറന്റ് അടച്ചുപൂട്ടി, 2010 കോമണ്‍വെല്‍ത് ഗെയിംസിനുള്ള പരിശീലനമായിരുന്നു പിന്നീടങ്ങോട്ട്. ഷോട്ട്പുട്ടില്‍ ആറാം സ്ഥാനത്ത് ദീപ ഫിനിഷ് ചെയ്തു. 2010 പാരാ ഏഷ്യന്‍ ഗെയിംസിലെ വെങ്കലത്തിലൂടെയും 2014ലെ വെള്ളിയിലൂടെയും ദീപയെ ലോകമറിഞ്ഞുതുടങ്ങി. ജാവ്‌ലിന്‍ ത്രോയിലെ ഏഷ്യന്‍ റെക്കോര്‍ഡ് ദീപയുടെ പേരിലാണ്.
പ്രത്യേകം തയ്യാറാക്കിയ കാറില്‍ ഡല്‍ഹിയില്‍ നിന്ന് ലെയിലേക്ക് 3000 കിലോമീറ്റര്‍ യാത്ര ചെയ്ത് ദീപ അത്ഭുതമായി. ഒന്നോ രണ്ടോ ഇനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ദീപയുടെ കായികസ്വപ്നങ്ങള്‍. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ ക്ലബ്സ് ഓഫ് ഇന്ത്യയുടെ ലൈസന്‍സ് ലഭിക്കുന്ന രാജ്യത്തെ ആദ്യ ഭിന്നശേഷിയുള്ള വ്യക്തി കൂടിയാണ് ദീപ. യാത്ര തുടങ്ങിയിട്ടേയുള്ളൂ ദീപ. ഇനിയുമേറെ ദൂരം പോകാനുണ്ട്, വീല്‍ചെയറിലിരുന്ന് തന്നെ..
Adjust Story Font
16