വാംഖഡെ സ്റ്റേഡിയത്തില്‍ ഐപിഎല്‍ ഉദ്ഘാടന മത്സരം നടത്താന്‍ അനുമതി
വാംഖഡെ സ്റ്റേഡിയത്തില്‍ ഐപിഎല്‍ ഉദ്ഘാടന മത്സരം നടത്താന്‍ അനുമതി
തുടര്‍ മത്സരങ്ങള്‍ക്കുള്ള അനുമതിയുടെ കാര്യം പിന്നീട് തീരുമാനിക്കും
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഐപിഎല്‍ ഉദ്ഘാടന മത്സരം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. അതേസമയം തുടര്‍ മത്സരങ്ങള്‍ക്കുള്ള അനുമതിയുടെ കാര്യത്തില്‍ തീരുമാനം പിന്നീട്. മത്സരങ്ങള്‍ നടത്തുന്നതിന് വെള്ളം അമിതമായി ഉപയോഗിക്കേണ്ടി വരുമെന്നും, മഹാരാഷ്ട്രയിലെ കടുത്ത വരള്‍ച്ചയുടെ സാഹചര്യത്തില്‍ ഇത് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് വിധി. അതേസമയം, ബിസിസിഐക്ക് മൈതാനം സംരക്ഷിക്കാന്‍ ഇത്രയും അധികം വെള്ളം ലഭിക്കുന്നത് എവിടെ നിന്നാണെന്ന് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.
കടുത്ത കുടിവെള്ളം ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍, മുംബൈയിലെ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേ, ഇന്നും മുംബൈ ഹൈക്കോടതി ബിസിസിഐക്കും, സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശമാണ് നടത്തിയത്. മനുഷ്യന്‍ മരിച്ച് വീഴുന്നതാണോ, ക്രിക്കറ്റാണോ വലിയ കാര്യമെന്ന് കോടതി ചോദിച്ചു. എന്നാല്‍, ഐപിഎല്‍ മത്സരത്തിനായി മാത്രം കൂടുതല്‍ വെള്ളം വേണ്ടെന്നും, ക്രിക്കറ്റ് മൈതാനും സംരക്ഷിക്കാന്‍ എല്ലാ കാലത്തും ഉപയോഗിക്കുന്ന വെള്ളമേ ഇപ്പോഴും ഉപയോഗിക്കുന്നുള്ളൂ എന്നും ബിസിസിഐ വാദിച്ചു. അതേസമയം, 22 കിലോ ലിറ്റര്‍ വെള്ളമേ മൈതാനം സംരക്ഷിക്കാന്‍ നല്‍കുന്നുള്ളൂ എന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം.
അങ്ങനെയാണെങ്കില്‍ 66 കിലോ ലിറ്റര്‍ ലിറ്റര്‍ വെള്ളം പിന്നെ എങ്ങനെയാണ് ബിസിസിഐക്ക് ലഭിക്കുന്ന കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി അറിയിക്കാനും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉദ്ഘാടന മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും, ആ സാഹചര്യത്തില്‍ മത്സരം മാറ്റിവെക്കുന്നത് വലിയ നഷ്ടത്തിനിടയാക്കുമെന്നുമുള്ള ബിസിസിഐയുടെ വാദം കോടതി അംഗീകരിച്ചു. അങ്ങനെയാണ്, ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന ഉദ്ഘാടന മത്സരവുമായി മുന്‍പോട്ട് പോകാന്‍ കോടതി അനുമതി നല്‍കിയത്. തുടര്‍ മത്സരങ്ങള്‍ നടത്തണമോ വേണ്ടയോ എന്നകാര്യത്തില്‍ തീരുമാനം പിന്നീടേ ഉണ്ടാകു. ഹരജിയില്‍ ചൊവ്വാഴ്ച വാദം തുടരും.
Adjust Story Font
16