146 റണ്‍സ് ജയത്തോടെ മുംബൈ പ്ലേ ഓഫില്‍
146 റണ്‍സ് ജയത്തോടെ മുംബൈ പ്ലേ ഓഫില്‍
മുംബൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 66 റണ്‍സിന് ഓള്‍ഔട്ടായി...
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തി. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 146 റണ്‍സിന് തകര്‍ത്താണ് പ്ലേ ഓഫ് പ്രവേശം. മുംബൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 66 റണ്‍സിന് ഓള്‍ഔട്ടായി. മുംബൈക്കായി സിമ്മണ്‍സും പൊള്ളാര്‍ഡും അര്‍ധ സെഞ്ച്വറി നേടി. ഡല്‍ഹി നിരയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
43 പന്തില്‍ 66 റണ്‍സ് നേടിയ സിമ്മണ്‍സും 35 പന്തില്‍ 63 റണ്‍സ് നേടി പുറത്താകാതെ നിന്ന പൊള്ളാര്‍ഡുമാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന സ്‌കോറര്‍മാര്‍. ഇരുവരും അഞ്ച് വീതം ഫോറും നാല് വീതം സിക്‌സറുമാണ് അടിച്ചുകൂട്ടിയത്. മൂന്ന് സിക്‌സറും ഒരു ഫോറും പറത്തി 29 റണ്ണടിച്ച ഹാര്‍ദിക് പാണ്ഡ്യയും അവസാന ഓവറുകളില്‍ സ്‌കോറിംങിന് വേഗം കൂട്ടി.
ഡല്‍ഹി ബൗളര്‍മാരില്‍ സഹീര്‍ഖാനാണ് ഏറ്റവും കുറവ് തല്ലുകിട്ടിയത്. നാല് ഓവറില്‍ 29 റണ്‍സാണ് സഹീര്‍ വിട്ടുകൊടുത്തത്. നാല് ഓവറില്‍ 59 റണ്‍സ് വിട്ടുകൊടുത്ത കുമ്മിന്‍സിനേയും രണ്ട് ഓവറില്‍ 29 റണ്‍ നല്‍കിയ കോറി ആന്‍ഡേഴ്‌സണേയും മുംബൈ ബാറ്റ്‌സ്മാന്മാര്‍ ദയയില്ലാതെ പെരുമാറി.
മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ പന്തില്‍ പുറത്തായതോടെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ തകര്‍ച്ച ആരംഭിച്ചു. കഴിഞ്ഞ മത്സരത്തിലെ താരമായിരുന്ന റിഷഭ് പന്തും പൂജ്യനായി മടങ്ങി. 15 പന്തില്‍ 21റണ്‍ നേടിയ കരുണ്‍നായരും കുമ്മിന്‍സും(10) കോറി ആന്‍ഡേഴ്‌സണും(10) മാത്രമാണ് രണ്ടക്കം കണ്ടത്. വിക്കറ്റുകള്‍ അതിവേഗം വീണപ്പോള്‍ 13.4 ഓവറില്‍ വെറും 66 റണ്‍സിന് ഡല്‍ഹിയുടെ ഡെയര്‍ ഡെവിള്‍സ് പവലിയനിലെത്തി.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കരണ്‍ശര്‍മ്മയും ഹര്‍ഭജനുമാണ് ഡല്‍ഹിയുടെ തകര്‍ച്ചക്ക് പ്രധാന പങ്കുവഹിച്ചത്. രണ്ട് ഓവറില്‍ വെറും അഞ്ച് റണ്‍ മാത്രം വിട്ടുകൊടുത്ത് മലിംഗ രണ്ട് വിക്കറ്റുകള്‍വീഴ്ത്തി.
Adjust Story Font
16