Quantcast

നഗ്നപാദനായി ഓടി മാരത്തണ്‍ സ്വര്‍ണം നേടിയ അബീബി ബിക്കില

MediaOne Logo

Subin

  • Published:

    10 May 2018 11:39 PM GMT

നഗ്നപാദനായി ഓടി  മാരത്തണ്‍ സ്വര്‍ണം നേടിയ അബീബി ബിക്കില
X

നഗ്നപാദനായി ഓടി മാരത്തണ്‍ സ്വര്‍ണം നേടിയ അബീബി ബിക്കില

എത്യോപ്യയുടെ ഒന്നാം നമ്പര്‍ ഓട്ടക്കാരന്‍ വാമി ബിറാട്ടുവിന് അസുഖം കാരണം പങ്കെടുക്കാന്‍ പറ്റാതിരുന്നപ്പോള്‍ അവസാന നിമിഷമാണ് ബിക്കില ഒളിന്പിക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

1960 റോം ഒളിമ്പിക്സിനെ ശ്രദ്ധേയമാക്കിയത് നഗ്നപാദനായി മാരത്തണില്‍ ഓടി സ്വര്‍ണം നേടിയ എത്യോപ്യക്കാരന്‍ അബീബി ബിക്കിലയായിരുന്നു. 42 കിലോമീറ്റര്‍ ദൂരം ഷൂവില്ലാതെ ഓടിയ ബിക്കില രണ്ട് മണിക്കൂറും പതിനഞ്ച് മിനുട്ടുമെടുത്ത് ഒന്നാമതെത്തി. എത്യോപ്യയുടെ മുന്‍നിരതാരം അസുഖം മൂലം പിന്‍വാങ്ങിയതോടെ പകരക്കാരനായാണ് ബിക്കില ഒളിമ്പിക് ടീമിലെത്തിയത്.

1960 സെപ്തംബര്‍ പത്തിനായിരുന്നു റോം ഒളിമ്പിക്സില്‍ മാരത്തണ്‍ മത്സരം അരങ്ങേറിയത്. 38 രാജ്യങ്ങളില്‍ നിന്നായി 75 പേരുണ്ടായിരുന്നു മത്സരരംഗത്ത്. മൊറോക്കോക്കാരന്‍ റാദി ബിന്‍ അബ്ദുസ്സലാമായിരുന്നു ശ്രദ്ധേയതാരം. എഴുപത്തഞ്ച് പേര്‍ കൂട്ടമായി ഓടുന്നതിനിടെ സ്വാഭാവികമായും ആ കറുത്ത് മെലിഞ്ഞ ആഫ്രിക്കക്കാരനെ ആരും ശ്രദ്ധിച്ചില്ല.

ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയുന്തോറും അയാള്‍ മുന്നോട്ടേക്ക് കയറിവന്നു. അപ്പോള്‍ മാത്രം ആളുകള്‍ അയാളെ ശ്രദ്ധിച്ചു. അബീബി ബിക്കിലയെന്ന എത്യോപ്യക്കാരന്‍. അയാളുടെ കാലുകളില്‍ ഷൂ ഉണ്ടായിരുന്നില്ല. നഗ്നപാദനായി അയാള്‍ റോമിന്‍റെ തെരുവീഥികളിലൂടെ കുതിച്ചു. വില കൂടിയ ഷൂ ധരിച്ചവരില്‍ പലരും 26 മൈല്‍ താണ്ടുന്നതിനിടെ പിന്‍വാങ്ങിയിരുന്നു. പക്ഷെ വിശപ്പിന്‍റെയും യാതനകളുടെ നാട്ടില്‍ നിന്നെത്തിയ ബിക്കിലയുടെ കാലുകള്‍ക്ക് റോമിലെ നല്ല തെരുവീഥികളെ പുണരാന്‍ ഇഷ്ടമായിരുന്നു

ഓട്ടത്തിനിടെയെപ്പോഴോ റാദി ബിന്‍ അബ്ദുസ്സലാമിനെയൊക്കെ ബിക്കില പിന്നിലാക്കി. ഒടുവില്‍ രണ്ട് മണിക്കൂറും പതിനഞ്ച് മിനുട്ടും പതിനാറ് സെക്കന്‍റുമെടുത്ത് ബിക്കില ഒന്നാമതെത്തി. മാരത്തണില്‍ അന്നത്തെ റെക്കോര്‍ഡ് പ്രകടനം. എന്തുകൊണ്ട് ഷൂ ധരിച്ചില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം വന്നു. നിശ്ചയദാര്‍ഡ്യത്തിന്‍റെയും ചങ്കൂറ്റത്തിന്‍റെയും പര്യായമായ എന്‍റെ രാജ്യത്തെ ലോകം മുഴുവന്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചുപോയാല്‍ തെറ്റ് പറയാനൊക്കുമോയെന്ന് മറുപടി. അത് മാത്രമായിരുന്നില്ല ബിക്കില ഷൂ ഇടാതിരിക്കാന്‍ കാരണം.

എത്യോപ്യയുടെ ഒന്നാം നമ്പര്‍ ഓട്ടക്കാരന്‍ വാമി ബിറാട്ടുവിന് അസുഖം കാരണം പങ്കെടുക്കാന്‍ പറ്റാതിരുന്നപ്പോള്‍ അവസാന നിമിഷമാണ് ബിക്കില ഒളിന്പിക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അഡിഡാസ് കമ്പനിയായിരുന്നു താരങ്ങള്‍ക്കുള്ള ഷൂ നല്‍കേണ്ടിയിരുന്നത്. അവസാനം വന്നയാളായതിനാല്‍ ബിക്കിലക്ക് പാകമുള്ള ഷൂ കമ്പനി തയ്യാറാക്കിയിരുന്നില്ല. ഒടുവില്‍ ഒരിഞ്ച് അധികമുള്ള ഷൂ ഒപ്പിച്ചു. പക്ഷെ ഷൂവില്ലാതെ ഓടാനായിരുന്നു ബിക്കിലയുടെ തീരുമാനം.

അബീബി ബിക്കിലയെ ലോകമറിയാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. പൂര്‍ണമായും ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത ആദ്യ ഒളിമ്പിക്സ് കൂടിയായിരുന്നു 1960 റോം ഒളിമ്പിക്സ്.

TAGS :

Next Story