Quantcast

മലിനജലം ശുദ്ധീകരിച്ചാണ് പിച്ച് നനക്കുന്നതെന്ന് ബിസിസിഐ

MediaOne Logo

admin

  • Published:

    11 May 2018 7:49 PM GMT

മലിനജലം ശുദ്ധീകരിച്ചാണ് പിച്ച് നനക്കുന്നതെന്ന് ബിസിസിഐ
X

മലിനജലം ശുദ്ധീകരിച്ചാണ് പിച്ച് നനക്കുന്നതെന്ന് ബിസിസിഐ

രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ ഐപിഎല്‍ മത്സരങ്ങള്‍ക്കെതിരായ ഹരജിയില്‍ ബോംബെ ഹൈക്കോടതിയില്‍ വാദം തുടരുന്നു.

മഹാരാഷ്ട്രയിലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് പിച്ചും മൈതാനവും ഒരുക്കാന്‍ സംസ്കരിച്ച മലിന ജലമേ ഉപയോഗിക്കൂ എന്ന് ക്രിക്കറ്റ് ബോര്‍ഡ്. ഇതിനായി മുംബൈയിലെ റോയല്‍ വെസ്റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബ്ബിലെ സിവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റില്‍ നിന്ന് വെള്ളം കണ്ടെത്തുമെന്നും, ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന ഹരജിയിലാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ സത്യവാങ്മൂലം നല്‍കിയത്.

മഹാരാഷട്രയിലെ കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മുംബൈയിലും പൂനെയിലും നടക്കാനിരിക്കുന്ന പതിനേഴ് ഐപിഎല്‍ മത്സരങ്ങളും മാറ്റി വെക്കണമെന്ന ഹരജിയില്‍ അന്തിമ വാദം കേള്‍ക്കവേയാണ് ബിസിസിഐയും, മുംബൈ ക്രിക്കറ്റ് അസോസിയേഷനും ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. മത്സരങ്ങള്‍ക്ക് മൈതാനവും പിച്ചും ഒരുക്കാന്‍ കുടിക്കാന്‍ യോഗ്യമായ വെള്ളം ഉപയോഗിക്കില്ല. സംസ്കരിച്ച മലിന ജലം മാത്രമേ ഉപയോഗിക്കൂ. ഇതിനായി മുംബൈയിലെ റോയല്‍ വെസ്റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബ്ബിന്‍റെ സീവേജ് ട്രീറ്റ്മെന്റ പ്ലാന്‍റിലെ വെള്ളം ഉപയോഗിക്കാന്‍ ധാരണയായിട്ടുണ്ടെന്നും ക്രിക്കറ്റ് ബോര്‍ഡ് കോടതിയെ സത്യവാങമൂലത്തിലൂടെ അറിയിച്ചു. എന്നാല്‍ വാക്കാലുള്ള ഉറപ്പ് പോരെന്നും, റോയല്‍ വെസ്റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബ്ബ് ഇക്കാര്യം രേഖമൂലം അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.


അതേസമയം മുംബൈയിലെയും, പൂനെയിലെയും മത്സരിങ്ങളുടെ വേദി മാറ്റുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിയിക്കാന്‍ കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു. ഐപിഎല്‍ മത്സരങ്ങളുടെ ലാഭത്തിന്‍റെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോകുന്നത് എന്ന ബോര്‍ഡിന്‍റെ വാദത്തെ കോടതി ചോദ്യം ചെയ്തു. ഇതുവരെ ദിനേന ഉപയോഗിച്ച നാല്‍പതിനായിരം ലിറ്റര്‍ വെള്ളം വരള്‍ച്ച ബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ ബോര്‍ഡിനാകുമോ എന്ന് കോടതി ചോദിച്ചു. കോടതിയുടെ ഇടപെടല്‍ ഉണ്ടായപ്പോഴാണ്, സംസ്കരിച്ച മലിന ജലം ഉപയോഗിക്കാന്‍ തയ്യാറാണെന്ന് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞതെന്നും, ഇത് മത്സരം മാറ്റിവെക്കുന്നത് തടയാനുള്ള തന്ത്രമാണെന്നും ഹരജിക്കാര്‍ വാദിച്ചു. ഹരജിയിലെ അന്തിമ വാദം നാളെയും തുടരും.

TAGS :

Next Story