Quantcast

മൊഹാലിയില്‍ വീരോചിതം, ഈ വിരാട വിജയം

MediaOne Logo

Alwyn K Jose

  • Published:

    13 May 2018 9:00 AM GMT

മൊഹാലിയില്‍ വീരോചിതം, ഈ വിരാട വിജയം
X

മൊഹാലിയില്‍ വീരോചിതം, ഈ വിരാട വിജയം

ന്യൂസിലന്‍ഡിനെതിരായ മൊഹാലി ഏകദിനത്തില്‍ വിരാട് കൊഹ്‍ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ ഇന്ത്യ ഏഴു വിക്കറ്റ് വിജയം പിടിച്ചടക്കി.

ന്യൂസിലന്‍ഡിനെതിരായ മൊഹാലി ഏകദിനത്തില്‍ വിരാട് കൊഹ്‍ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ ഇന്ത്യ ഏഴു വിക്കറ്റ് വിജയം പിടിച്ചടക്കി. 286 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ 10 പന്തുകള്‍ അവശേഷിക്കെ വിജയതീരമണഞ്ഞു. നായകന്‍ എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിങും വിജയവഴിയില്‍ നിര്‍ണായകമായി.

ഡല്‍ഹി ഏകദിനത്തിലെ 9 റണ്‍സ് എന്ന പിഴവിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു കൊഹ്‍ലി മൊഹാലിയില്‍. 134 പന്തില്‍ നിന്ന് ഒരു സിക്സറിന്റെയും 16 ബൌണ്ടറികളുടെയും അകമ്പടിയോടെ കൊഹ്‍ലി അടിച്ചെടുത്ത 154 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന്റെ മര്‍മ്മം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ(13)യും അജന്‍ക്യ രഹാനെ(5)യും നിരാശരാക്കിയതോടെ ടീമിന്റെ രക്ഷാപ്രവര്‍ത്തനം കൊഹ്‍ലിയും ധോണിയും ചുമലിലേറ്റു.ഇരുവരും മത്സരിച്ച് റണ്‍സ് വാരിക്കൂട്ടാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ നില സുരക്ഷിതം. 91 പന്തില്‍ നിന്ന് റെക്കോര്‍ഡുകളുടെ പെരുമഴയുമായി 80 റണ്‍സ് നേടിയ ധോണി ഹെന്‍റിയുടെ പന്തില്‍ ടെയ്‍ലര്‍ക്ക് പിടികൊടുത്ത് മടങ്ങിയപ്പോഴേക്കും ഇന്ത്യ ഏറെക്കുറെ വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ധോണിയുടെ വിടവിലേക്ക് ബാറ്റുമായി എത്തിയ മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ചാണ് കൊഹ്‍ലി പിന്നീടങ്ങോട്ട് മിന്നലാക്രണം നടത്തിയത്. കൊഹ്‍ലിയുടെ മാരക ഫോമിനെ പിടിച്ചുകെട്ടാന്‍ കിവീസിന്റെ ബോളര്‍മാര്‍ മാറി മാറി എത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ 48 ാം ഓവറിലെ അവസാന പന്ത് ബൌണ്ടറി പായിച്ച് കൊഹ്‍ലി ടീം ഇന്ത്യയെ കിവീസിനൊപ്പമെത്തിച്ചു. പിന്നീടങ്ങോട്ട് വിജയറണ്‍ നേടുകയെന്ന അനായസജോലി മാത്രമായിരുന്നു പാണ്ഡെയ്ക്കു മുന്നിലുണ്ടായിരുന്നത്. പാണ്ഡെ 28 റണ്‍സ് നേടി. വിജയത്തോടെ പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡ് 285 റണ്‍സിന് പുറത്തായിരുന്നു. നിശ്ചിത 50 ഓവര്‍ അവസാനിക്കാന്‍ രണ്ടു പന്തുകള്‍ ശേഷിക്കെ ബുംറയുടെ പന്തില്‍ ബൌള്‍ട്ടിന്റെ വിക്കറ്റ് ഇളകിയതോടെ കിവീസ് 285ല്‍ ഒതുങ്ങി. 46 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ നിന്നു ഭേദപ്പെട്ട തുടക്കം ലഭിച്ച കിവീസ് ആദ്യം മുതല്‍ അവസാനം വരെ ഒരേ താളത്തില്‍ നീങ്ങാനായിരുന്നു ശ്രമം. മധ്യനിരയില്‍ ആന്‍ഡേഴ്‍സനും റോഞ്ചിയും രണ്ടക്കം കാണാതെ പുറത്തായത് കിവീസിന് തിരിച്ചടിയായെങ്കിലും നീഷമി(57)ന്റെ അര്‍ധ സെഞ്ച്വറി തകര്‍ച്ചയില്‍ നിന്നു കരകയറ്റാന്‍ പ്രാപ്തമായിരുന്നു. ഓപ്പണിങിന് ഇറങ്ങിയ ടോം ലഥാം നേടിയ 61 റണ്‍സില്‍ നിന്നാണ് കിവീസ് കുതിപ്പ് തുടങ്ങിയത്. 22 റണ്‍സ് അടിച്ചെടുത്ത നായകന്‍ വില്യംസണും അര്‍ധ സെഞ്ച്വറിക്ക് ആറു റണ്‍സ് അകലെ മിശ്രയുടെ പന്തില്‍ ധോണിക്ക് പിടികൊടുത്ത് മടങ്ങിയ ടെയ്‍ലറും വാലറ്റത്ത് ധീരമായി പോരാടിയ മാറ്റ് ഹെന്‍റി 37 പന്തില്‍ നിന്നു നേടിയ 39 റണ്‍സുമാണ് കിവീസ് നിരയിലെ മികച്ച പ്രകടനങ്ങള്‍. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ്, കേദാര്‍ ജാദവ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും ബുംറ, അമിത് മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും പിഴുതു.

TAGS :

Next Story