Quantcast

ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് അവിസ്മരണീയ ജയം

MediaOne Logo

rishad

  • Published:

    13 May 2018 12:21 PM GMT

ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് അവിസ്മരണീയ ജയം
X

ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് അവിസ്മരണീയ ജയം

188 റണ്‍സ് വിജയ ലക്ഷ്യം മുന്നിട്ടിറങ്ങിയ ഓസീസിന്‍റെ രണ്ടാം ഇന്നിങ്സ് 112 റണ്‍സിന് അവസാനിച്ചു. ആറ് വിക്കറ്റെടുത്ത അശ്വിനാണ് കംഗാരുക്കളെ തകര്‍ത്തത്

ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 75 റണ്‍സിനാണ് കംഗാരുക്കളെ ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ(1-1) ഒപ്പമെത്തി. പൂനെ ടെസ്റ്റില്‍ ആസ്ട്രേലിയക്കായിരുന്നു വിജയം. ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്ട്രേലിയക്ക് 112 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആറു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് ആസ്ട്രേലിയയെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടും രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്ട്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍ണറും മാറ്റ് റെന്‍ഷോവും 22 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും 5 റണ്‍സെടുത്ത റെന്‍ഷോയെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് ഇഷാന്ത് ശര്‍മ്മ ആദ്യ വിക്കറ്റ് സമ്മാനിച്ചു. 28 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനും 24 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്കോമ്പിനും മാത്രമെ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളൂ. ബാക്കിയുളളവരെല്ലാം വന്നാ പാടെ കൂടാരം കയറി.

നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 274ന് അവസാനിച്ചിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജോഷ് ഹേസില്‍ വുഡിന്റെ പ്രകടനമാണ് ഇന്ത്യയെ വീഴ്ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് സ്റ്റീവന്‍ ഒക്കീഫി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 92 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയാണ് ടോപ് സ്കോറര്‍. അജിങ്ക്യ രഹാനെ(52) ലോകേഷ് രാഹുല്‍(51) എന്നിവരും തിളങ്ങി.

213ന് നാല് എന്ന നിലയില്‍ നാലാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് 61 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ രഹാനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. പിന്നീടൊക്കെ ചടങ്ങുകള്‍ മാത്രമായിരുന്നു. മലയാളി താരം കരണ്‍ നായരെ പൂജ്യത്തിന് പുറത്താക്കി സ്റ്റാര്‍ക്ക് ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. പുജാരയെയും അശ്വിനെയും ഹേസില്‍വുഡ് മടക്കി. വാലറ്റത്ത് ഇഷാന്ത് ശര്‍മ്മയെ കൂട്ടുപിടിച്ച് വിക്കറ്റ് കീപ്പര്‍ സാഹ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ശര്‍മ്മയെ ഒക്കീഫി മടക്കിയതോടെ ഇന്ത്യന്‍ പതനം പൂര്‍ത്തിയായി. സാഹ 20 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 189ന് അവസാനിച്ചിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണാണ് ഇന്ത്യയുടെ നടുവൊടിച്ചത്. 90 റണ്‍സെടുത്ത ലോകേഷ് രാഹുലായിരുന്നു ടോപ് സ്കോറര്‍. മറുപടി ബാററിങ്ങിനിറങ്ങിയ ആസ്ട്രേലിയ 276 റണ്‍സിന് പുറത്തായി. 87 റണ്‍സിന്റെ നിര്‍ണായക ലീഡും ആസ്ട്രേലിയ സ്വന്തമാക്കി. ആറു വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജദേജയുടെ മികവാണ് കംഗാരുക്കളെ 276ല്‍‌ ഒതുക്കാനായത്. ഷോണ്‍ മാര്‍ഷ്(66) മാറ്റ് റെന്‍ഷോ(60) മാത്യു വേഡ്(40) എന്നിവരാണ് ആസ്ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്.

TAGS :

Next Story