Quantcast

ഒളിമ്പിക്സ് ചരിത്രത്തില്‍ ഇടം നേടാമെന്ന പ്രതീക്ഷയില്‍ കിംബെര്‍ലി റോഡി

MediaOne Logo

Jaisy

  • Published:

    14 May 2018 10:55 PM GMT

ഒളിമ്പിക്സ് ചരിത്രത്തില്‍ ഇടം നേടാമെന്ന പ്രതീക്ഷയില്‍ കിംബെര്‍ലി റോഡി
X

ഒളിമ്പിക്സ് ചരിത്രത്തില്‍ ഇടം നേടാമെന്ന പ്രതീക്ഷയില്‍ കിംബെര്‍ലി റോഡി

കരിയറിലെ ആറാം ഒളിമ്പിക്സിലും മെഡല്‍ നേടാനായാല്‍ റെക്കോഡ് നേട്ടമാണ് ഈ മുപ്പത്തിയേഴുകാരിയെ കാത്തിരിക്കുന്നത്.

ഒളിമ്പിക്സ് ചരിത്രത്തില്‍ ഇടം നേടാമെന്ന പ്രതീക്ഷയിലാകും അമേരിക്കയുടെ കിംബെര്‍ലി റോഡി ഇത്തവണ റിയോയിലെത്തുക. കരിയറിലെ ആറാം ഒളിമ്പിക്സിലും മെഡല്‍ നേടാനായാല്‍ റെക്കോഡ് നേട്ടമാണ് ഈ മുപ്പത്തിയേഴുകാരിയെ കാത്തിരിക്കുന്നത്.

പിത്താശയ ശസ്ത്രക്രിയ, പ്രസവത്തെ തുടര്‍ന്നുളള ശാരീരിക ബുദ്ധിമുട്ടുകള്‍, അടുത്ത സുഹൃത്തുക്കളുടെ അപ്രതീക്ഷിത മരണം, ... പ്രതിസന്ധികളോട് പടവെട്ടിയാണ് കിം റോഡി ഇത്തവണ ഒളിംപിക്സിനെത്തുന്നത്.... മുപ്പത്തിയേഴാം വയസ്സില്‍ കരിയറിലെ ആറാം ഒളിംപിക്സില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ഒരുപിടി റെക്കോഡുകള്‍ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഈ വീട്ടമ്മ. റിയോയിലും മെഡല്‍ നേടാനായാല്‍ തുടര്‍ച്ചയായി ആറ് സമ്മര്‍ ഒളിമ്പിക്സുകളില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ അത്ലറ്റെന്ന ബഹുമതി ഈ അമേരിക്കന്‍ ഷൂട്ടിംഗ് താരത്തിന് സ്വന്തമാക്കാം.

1996ലെ അറ്റ്ലാന്‍ഡ ഒളിംപിക്സില്‍ സ്വര്‍ണം നേടുമ്പോള്‍ കിമ്മിന് പതിനേഴ് വയസ്സ്. ഒളിമ്പിക് വനിതാ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വര്‍ണ മെഡല്‍ ജേതാവെന്ന നേട്ടം കിം സ്വന്തം പേരില്‍ കുറിച്ചു. സിഡ്നിയില്‍ പക്ഷേ കിമ്മിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഷൂട്ടിംഗ് ഡബിള്‍ ട്രാപ്പില്‍ പക്വത നേടിയ കിമ്മിനെയാണ് ഏഥന്‍സില്‍ കണ്ടത്. 2008ല്‍ കിമ്മിന് കളംമാറി ചവിട്ടേണ്ടി വന്നു. തന്റെ ഇഷ്ടയിനമായ ഡബിള്‍ ട്രാപ് ഒളിമ്പിക്സില്‍ നിന്നും എടുത്തുമാറ്റിയതോടെ ബീജിംഗ് ഒളിമ്പിക്സില്‍ സ്കീറ്റ് വിഭാഗത്തിലാണ് കിം മത്സരിച്ചത്. അവിടെയും ആരാധകരെ നിരാശരാക്കിയില്ല. വെള്ളി മെഡലുമായി മടക്കം.

ലണ്ടന്‍ ഒളിമ്പിക്സിലേക്കെത്തുമ്പോള്‍ സ്കീറ്റില്‍ കിം റോഡിക്ക് വെല്ലുവിളിയുയര്‍ത്താന്‍ ആരുമുണ്ടായിരുന്നില്ല. ലോക റെക്കോഡിന് ഒപ്പമെത്തിയ പ്രകടനത്തിലൂടെ കിം സ്വര്‍ണം പിടിച്ചെടുത്തു. 100 ഷോട്ടുകളില്‍ 99-ഉം ലക്ഷ്യത്തിലെത്തിച്ചാണ് കിം സ്‌കീറ്റില്‍ ലോക റെക്കോഡിന് ഒപ്പമെത്തിയത്. ഇതോടെ അഞ്ച് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ അമേരിക്കന്‍ താരമെന്ന ബഹുമതിയും കിം സ്വന്തമാക്കി. ഇനി റിയോയാണ് കിമ്മിന് മുന്നിലുള്ളത്. ഇവിടെയും മെഡല്‍ നേടാനായാല്‍ ഒളിമ്പിക്സ് ചരിത്ര താളുകളില്‍ കിം റോഡിയുടെ പേരും എഴുതപ്പെടും.

TAGS :

Next Story