Quantcast

ലോകകായിക മാമാങ്കം കൊടിയിറങ്ങി; മെഡല്‍ പട്ടികയില്‍ അമേരിക്ക ഒന്നാമത്

MediaOne Logo

Sithara

  • Published:

    15 May 2018 9:32 PM GMT

ലോകകായിക മാമാങ്കം കൊടിയിറങ്ങി; മെഡല്‍ പട്ടികയില്‍ അമേരിക്ക ഒന്നാമത്
X

ലോകകായിക മാമാങ്കം കൊടിയിറങ്ങി; മെഡല്‍ പട്ടികയില്‍ അമേരിക്ക ഒന്നാമത്

46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവുമടക്കം 121 മെഡലുകളാണ് അമേരിക്കയുടെ സമ്പാദ്യം

വിശ്വകായിക കിരീടം ഇക്കുറിയും അമേരിക്കക്ക് തന്നെ. 46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവുമടക്കം 121 മെഡലുകളാണ് അമേരിക്കയുടെ സമ്പാദ്യം. 67 മെഡലുകളുമായി ബ്രിട്ടന്‍ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തുമുണ്ട്. ഒരു വെള്ളിയും വെങ്കലവുമടക്കം 2 മെഡലുകളുമായി ഇന്ത്യ അറുപത്തിയേഴാം സ്ഥാനത്താണ്.

എക്കാലത്തെയും ചാമ്പ്യന്മാരായ അമേരിക്ക മറ്റൊരു സ്വപ്നനേട്ടം കൂടി റിയോയില്‍ യാഥാര്‍ഥ്യമാക്കി. ഒളിംപിക്സ് ചരിത്രത്തില്‍ അമേരിക്കയുടെ മെഡല്‍ സമ്പാദ്യം 1000 കടന്നു. 1020 മെഡലുകളാണ് അമേരിക്കയുടെ ക്രെഡിറ്റിലുള്ളത്. മൈക്കല്‍ ഫെല്‍പ്സും കാത്തി ലെഡക്കിയും സിമോണ്‍ ബിലെസും റയാന്‍ മര്‍ഫിയും ഒത്തുപിടിച്ചതോടെ 46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവും അമേരിക്കയുടെ കൂടെപ്പോന്നു. 121 മെഡലുകള്‍. അത്‌ലറ്റിക്സിലും സ്വിമ്മിങ്ങിലും ജിംനാസ്റ്റിക്സിലുമാണ് അമേരിക്ക ഏറ്റവുമധികം മെഡലുകള്‍ വാരിക്കൂട്ടിയത്. ബോക്സിങ്ങിലും ടെന്നീസിലും ഗുസ്തിയിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

27 സ്വര്‍ണവും 23 വെള്ളിയും 17 വെങ്കലവുമടക്കം 67 മെഡലുകള്‍ നേടി ബ്രിട്ടനാണ് രണ്ടാം സ്ഥാനത്ത്. ലണ്ടന്‍ ഒളിംപിക്സില്‍ രണ്ടാം സ്ഥാനത്തായിരുന്ന ചൈനയെ പിന്തള്ളിയാണ് ബ്രിട്ടന്റെ കുതിപ്പ്. സൈക്ലിങ്ങിലും തുഴച്ചിലിലുമാണ് ബ്രിട്ടന്റെ പ്രധാന നേട്ടങ്ങള്‍. നിരാശയോടെയാണ് ചൈന റിയോയില്‍ നിന്ന് മടങ്ങുന്നത്., ലണ്ടന്‍ ഒളിംപിക്സില്‍ 88 മെഡലുണ്ടായിരുന്ന ചൈനക്ക് റിയോയില്‍ 70ലെത്താനേ കഴിഞ്ഞൂള്ളൂ. 38 സ്വര്‍ണം 26 ആയി കൂപ്പുകുത്തി. ജിംനാസ്റ്റിക്സിലെയും ബാഡ്മിന്റണിലെയും ആധിപത്യത്തിനേറ്റ വിള്ളലാണ് മെഡല്‍നിലയിലും പ്രതിഫലിച്ചത്.
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ വിലക്കിനെത്തുടര്‍ന്ന് റഷ്യയ്ക്കുണ്ടായ നഷ്ടം ചെറുതല്ല.

നാലാം സ്ഥാനത്തുള്ള റഷ്യക്ക് 19 സ്വര്‍ണവും 18 വെള്ളിയുമടക്കം 56 മെഡലുകളാണുള്ളത്. 42 മെഡലുകളുള്ള ജര്‍മനിയാണ് അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ ഒളിംപിക്സില്‍ പതിനൊന്നാം സ്ഥാനത്തായിരുന്ന ജപ്പാനാണ് ഇക്കുറി ആറാം സ്ഥാനത്ത്. ബാഡ്മിന്റണിലും ഷൂട്ടിങ്ങിലും ജിംനാസ്റ്റിക്സിലും ജപ്പാന് മികവ് പുലര്‍ത്താനായി. ആതിഥേയരായ ബ്രസീല്‍ 13ാം സ്ഥാനത്താണ്. ഫുട്ബോളിലെയും വോളിബോളിലെയും സ്വര്‍ണനേട്ടങ്ങളാണ് പ്രധാനം. ജിംനാസ്റ്റിക്സിലും ബോക്സിങ്ങിലും മെഡല്‍വേട്ടക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം 2 മെഡലുമായി ഇന്ത്യ അറുപത്തിയേഴാം സ്ഥാനത്താണ്. ആറ് മെഡലുമായി 55ആം സ്ഥാനത്തായിരുന്നു ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യ.

TAGS :

Next Story