ഐഎസ്എല്‍ നാലാം പതിപ്പിന് നാളെ കൊച്ചിയില്‍ തുടക്കം
ഐഎസ്എല്‍ നാലാം പതിപ്പിന് നാളെ കൊച്ചിയില്‍ തുടക്കം
മണിക്കൂറുകള്‍ക്കകം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നും ആ മഞ്ഞക്കടലിരമ്പം കേള്‍ക്കാം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്‍റെ നാലാം സീസണിന് നാളെ കൊച്ചിയില്‍ തുടക്കമാകും. ഏറെ മാറ്റങ്ങളോടെയെത്തുന്ന നാലാം പതിപ്പിന് ആവേശകരമായ സ്വീകരണമൊരുക്കാനുള്ള ഒരുക്കത്തിലാണ് ഫുട്ബോള്‍ ആരാധകര്‍. കേരളാ ബ്ലാസ്റ്റേഴ്സും അമര്‍ തോമര്‍ കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം.
രാജ്യം നാലാമതും ഒരു പന്തിന് പിന്നാലെ നാലുപാടും ഒടാനൊരുങ്ങുന്നു. നാലാം വരവ് പക്ഷെ മുമ്പത്തെ പോലെയായിരിക്കില്ല. നാലുമാസം കഴിയണം കാല്‍പ്പന്ത് കളിയുടെ കാലവര്‍ഷം പെയ്ത് തീരാന്‍. പച്ചപ്പുല്‍ മൈതാനിയില്‍ ചുടു ചോര ചിന്താന്‍ പഴയ പോലെ എട്ടു പേരല്ല പത്തും തികഞ്ഞ മേന്മയുമായി പത്തു ടീമുകള്‍.
നാല് വയസ്സ് തികയുന്ന എട്ട് ടീമുകള്‍ക്കൊപ്പം പിച്ചവെക്കാനെത്തുന്നത് ജാംഷെഡ്പൂരും ബംഗളൂരു എഫ്സിയും. രീതികളില്‍ പക്ഷെ മാറ്റമില്ല. ആദ്യ നാല് ടീമുകള്‍ അവസാന നാലിലേക്ക് മുന്നേറും. കലാശപ്പോര് അടുത്ത മാര്‍ച്ചില്‍. നാലാം വര്‍ഷമെത്തുന്ന മേളക്ക് മേന്മകള്‍ വേറെയുമുണ്ട് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അംഗീകാരമുണ്ട് ഇനി മുതല്‍ ഐഎസ്എല്‍ ചാംപ്യന്മാര്‍ക്ക് എഎഫ്സി കപ്പ് യോഗ്യതാ റൌണ്ടിലും പിന്നെ ഫെഡറേഷന്‍ കപ്പിലും കളിക്കാം.
ആരാധകരുടെ എണ്ണം കണ്ട് സ്വന്തം കണ്ണ് തള്ളിപ്പോയ ബ്ലാസ്റ്റേഴ്സിന് സ്വന്തം മണ്ണില്‍ മേള തുടങ്ങേണ്ട ഉത്തരവാദിത്തമുണ്ട് ഇത്തവണ. അത് കൊണ്ട് തന്നെ കൊച്ചി മഞ്ഞുപുതച്ചുനില്‍ക്കുകയാണ്. മണിക്കൂറുകള്‍ക്കകം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നും ആ മഞ്ഞക്കടലിരമ്പം കേള്‍ക്കാം.
എട്ട് മണിക്ക് കളി തുടങ്ങുമെങ്കില്‍ അതിന് മുമ്പേ ആഘോഷം തുടങ്ങും. മണ്ണിലെ താരങ്ങളെ വരവേല്‍ക്കാന്‍ വിണ്ണിലെ മിന്നും താരങ്ങള്‍ കൊച്ചിയിലെ മണ്ണിലേക്കിറങ്ങി വരും. കാത്തിരിക്കുന്നു രാജ്യം പുതിയ കാഴ്ച്ചകള്‍ക്കും പുതിയ ഉയിര്‍പ്പുകള്‍ക്കുമായി.
Adjust Story Font
16