മരുന്നടിക്കേസ്: നര്‍സിങിന്റെ വിലക്ക് നീക്കി; ഒളിമ്പിക്സില്‍ പങ്കെടുത്തേക്കും
മരുന്നടിക്കേസ്: നര്‍സിങിന്റെ വിലക്ക് നീക്കി; ഒളിമ്പിക്സില്‍ പങ്കെടുത്തേക്കും
വൈകീട്ട് നാലുമണിക്ക് തീരുമാനം അറിയിക്കുമെന്ന് ഉത്തേജക വിരുദ്ധ ഏജന്‍സി മേധാവി നവീന്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഗുസ്തി താരം നര്‍സിങ് യാദവിനെ കുറ്റവിമുക്തനാക്കി ഉത്തേജക വിരുദ്ധ അച്ചടക്ക സമിതിയുടെ വിധി. തന്റെ ശരീരത്തില്‍ ഉത്തേജക മരുന്ന് പ്രവേശിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നര്‍സിങിന്റെ വാദം നാഡയുടെ അച്ചടക്ക സമിതി അംഗീകരിച്ചു. ഇതോടെ നര്‍സിങിന് ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള വഴിയൊരുങ്ങി. ഇതിന് മുന്നോടിയായി ഒരു ഉത്തേജക പരിശോധന കൂടി നടക്കും. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് നര്‍സിങ് പ്രതികരിച്ചു.
എട്ട് മണിക്കൂറോളം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് കായിക ഇന്ത്യ ആകാംക്ഷയോടെ കാത്തിരുന്ന വിധി നാഡയുടെ അച്ചടക്ക സമിതി പുറത്ത് വിട്ടത്. ബോധ പൂര്‍വ്വം നര്‍സിങ് ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ല. ഒരു ജൂനിയര്‍ താരം ഭക്ഷണത്തില്‍ അറിയാതെ കലര്‍ത്തി നല്‍കുകയായിരുന്നു. നര്‍സിങിന്റെയും റസ്ലിങ് ഫെഡറേഷന്റെയും ഈ വാദം അച്ചടക്ക സമിതി അംഗീകരിച്ചു. ബോധപൂര്‍വ്വം ഉത്തോജക മരുന്ന് ഉപയോഗിച്ചിട്ടില്ലെങ്കില്‍ ശിക്ഷാ നടപടിയില്‍ നിന്ന് താരത്തെ ഒഴിവാക്കാമെന്ന നാഡ നിയമത്തിലെ വകുപ്പ് ഉപയോഗിച്ച് നര്‍സിങിന് ഭാവി മത്സരങ്ങളില്‍ പങ്കെടുക്കാമെന്നും വിധി വ്യക്തമാക്കി.
വിധി വന്നയുടനെ ഡല്‍ഹി അശോക് റോഡിലെ റസ്ലിങ് ഫെഡറേഷന്‍ ആസ്ഥാനത്തെത്തിയ നര്‍സിങിനെ ഭാരവാഹികള്‍ ആവേശത്തോടെ സ്വീകരിച്ചു. ഒപ്പം നിന്നവര്‍ക്കുള്ള നന്ദി പ്രകാശനത്തില്‍ ഒതുക്കി പ്രതികരണം. പത്തൊമ്പതിനാണ് ഒളിമ്പിക്സിലെ ഗുസ്തി മത്സരങ്ങള്‍ ആരംഭിക്കുന്നത്. അതിന് മുമ്പായി ഒരു ഉത്തേജക പരിശോധന കൂടി നടക്കും. ആ ഫലം അനുകൂലമായാല്‍ നര്‍സിങ് റിയോയിലേക്ക് പറക്കും. അതേസമയം, അടുത്ത 21 ദിവസത്തിനുള്ള അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡക്ക് വിധിക്കെതിരെ അപ്പീലും നല്‍കാം.
Adjust Story Font
16