ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സില്‍ ആശ്ചര്യപ്പെട്ട് ക്രിക്കറ്റ് ലോകം
ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സില്‍ ആശ്ചര്യപ്പെട്ട് ക്രിക്കറ്റ് ലോകം
46 പന്തില്‍ നിന്ന് പുറത്താകാതെ 89 റണ്‍സാണ് ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത്
പഞ്ചാബ് കിങ്‌സ് ഇലവനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് തോറ്റെങ്കിലും എ.ബി ഡിവില്ലിയേഴ്‌സിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സ് ക്രിക്കറ്റ് ലോകത്തെ ഒരിക്കല്‍ കൂടി കീഴടക്കുന്നു. 46 പന്തില്‍ നിന്ന് പുറത്താകാതെ 89 റണ്‍സാണ് ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത്. ഒമ്പത് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. സിക്‌സറുകള്‍ പലതും തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ളതും.
പരിക്ക് മാറി ഡിവില്ലിയേഴ്‌സ് ടീമിലെത്തിയത് തന്നെ കാണികള്‍ക്ക് ആഹ്ലാദിക്കാന്‍ വകനല്‍കിയിരുന്നു. ആദ്യ വിക്കറ്റ് വീണതിന് ശേഷം ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സ് തുടക്കം തന്നെ ആക്രമിച്ച് കളിച്ചില്ല എന്നതാണ് പ്രത്യേകത. എന്നാല്‍ മോശം പന്തുകളെ അടിച്ചകറ്റാനും മറന്നില്ല. അവസാന ഓവറുകളിലാണ് ഡിവില്ലിയേഴ്‌സ് തന്റെ തനിരൂപം പുറത്തെടുത്തത്. 16 ഓവര്‍ കഴിഞ്ഞപ്പോള്‍ ബാംഗ്ലൂര്‍ നാലിന് 80 എന്ന നിലയിലായിരുന്നു.
ശേഷിക്കുന്ന നാല് ഓവറുകളില്‍ 68 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. ഡിവില്ലിയേഴ്‌സാണ് ഈ ഓവറുകളില്‍ തകര്‍ത്താടിയത്. ആസ്‌ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കില്‍ ക്ലാര്‍ക്കുള്‍പ്പെടെ പലരും ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സില്‍ അല്‍ഭുതം പ്രകടിപ്പിച്ച് ട്വിറ്ററില്‍ രംഗത്തെത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 148 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 14.3 ഓവറില്‍ ലക്ഷ്യം മറികടന്നു. അംലയും(58) മാക്‌സ്‌വല്ലുമാണ്(43) പഞ്ചാബിനായി തിളങ്ങിയത്.
Adjust Story Font
16