യൂറോ കപ്പ്: ഫ്രാന്‍സ് - പോര്‍ച്ചുഗല്‍ ഫൈനല്‍ ഇന്ന്
യൂറോ കപ്പ്: ഫ്രാന്‍സ് - പോര്‍ച്ചുഗല്‍ ഫൈനല്‍ ഇന്ന്
16 വര്‍ഷത്തിന് ശേഷം യൂറോ കിരീടമാണ് ഫ്രാന്‍സിന്റെ ലക്ഷ്യമെങ്കില്‍ കന്നി യൂറോ കപ്പാണ് പോര്‍ച്ചുഗലിന്റെ ലക്ഷ്യം
യൂറോ കപ്പ് ഫൈനലില്‍ ഇന്ന് ഫ്രാന്‍സ് പോര്‍ച്ചുഗലിനെ നേരിടും. 16 വര്‍ഷത്തിന് ശേഷം യൂറോ കിരീടമാണ് ഫ്രാന്‍സിന്റെ ലക്ഷ്യമെങ്കില്‍ കന്നി യൂറോ കപ്പാണ് പോര്‍ച്ചുഗലിന്റെ ലക്ഷ്യം. രാത്രി 12.30നാണ് മത്സരം.
യൂറോപ്യന്‍ ഫുട്ബോളിനെ ഇനിയുള്ള നാല് കൊല്ലം ആര് ഭരിക്കണം? 16 വര്‍ഷത്തെ കാത്തിരിപ്പിന് ഫ്രഞ്ച് പട്ടാളം അന്ത്യമിടുമോ? കന്നി യൂറോ കൈപിടിയിലൊതുക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്കാകുമോ? മോഹിപ്പിക്കുന്ന യൂറോ കപ്പില്‍ മുത്തമിടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സാധിക്കുമോ? യൂറോ കപ്പിന്റെ കലാശപ്പോരില്‍ ആതിഥേയരായ ഫ്രാന്‍സ് പോര്‍ച്ചുഗലിനെ നേരിടുമ്പോള്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ് ഫുട്ബോള്‍ ലോകം.
സാക്ഷാല്‍ സിദാന്റെ കരുത്തില്‍ 2000ലാണ് ഫ്രഞ്ച് പട ഇതിന് മുന്‍പ് കപ്പ് നേടിയത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിന് സ്വന്തം മണ്ണില്‍ അന്ത്യമിടാനായാല്‍ അതിലപ്പുറം സന്തോഷം ദെഷാംസിന്റെ സംഘത്തിനില്ല. ഉംതിതിയും എവ്റയും സാഗ്നയും നയിക്കുന്ന പ്രതിരോധം യൂറോപ്പിലെ മികച്ചതാണ്. മാറ്റ്യൂഡിയും പോഗ്ബയും മധ്യനിരയിലെ കലാകാരന്മാരാണ്. സിസോകോയും പയറ്റും പിന്നെ ആന്‍റോണിയോ ഗ്രീസ്മാനെന്ന ഗോളടിയന്ത്രവും. ഇതെല്ലാം കൂടിയാണ് ഫ്രാന്‍സിനെ പ്രവചനക്കാരുടെ ഇഷ്ട ടീമാക്കുന്നത്.
മറുവശത്ത് കന്നി കിരീടമാണ് പോര്‍ച്ചുഗീസുകാരുടെ ലക്ഷ്യം. വിയര്‍പ്പധികം ഒഴുക്കേണ്ടി വന്നിട്ടില്ല അവര്‍ക്ക് ഫൈനല്‍ വരെയെത്താന്‍. അതുകൊണ്ട് മാത്രം അവരെ എഴുതിത്തള്ളേണ്ടതില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന സമകാലിക ഫുട്ബോളിലെ അതികായന്‍ തന്നെയാണ് അതിന് കാരണം. മികച്ച ഫോമിലല്ലെങ്കിലും 90 മിനുട്ടുകള്‍ക്കിടെ വല്ലപ്പോഴും മാത്രമുള്ള ക്രിസ്റ്റ്യാനോയുടെ മിന്നലാട്ടം മതി കളിയുടെ ഗതി തന്നെ മാറ്റിമറിക്കാന്‍. പെപ്പെ നേതൃത്വം നല്‍കുന്ന പ്രതിരോധം ഇനിയും നന്നാവേണ്ടിയിരിക്കുന്നു. മധ്യനിരയില്‍ റെനാറ്റോ സാഞ്ചസെന്ന പുത്തന്‍ കൂറ്റുകാരന്‍ പോര്‍ച്ചുഗീസുകാരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നു. കിരീടം നേടാനായാല്‍ സാക്ഷാല്‍ യൂസേബിയോക്കും ലൂയിസ് ഫിഗോക്കൊന്നും സാധിക്കാത്തതായിരിക്കും ക്രിസ്റ്റ്യാനോയും സംഘവും സ്വന്തമാക്കുക. രാത്രി പന്ത്രണ്ടരക്കാണ് മത്സരം.
Adjust Story Font
16