താരങ്ങളുടെ മാന്യത കണ്ട് ടീം ഇന്ത്യയുടെ ഫാനായി മാറിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഡ്രൈവര്‍
താരങ്ങളുടെ മാന്യത കണ്ട് ടീം ഇന്ത്യയുടെ ഫാനായി മാറിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഡ്രൈവര്‍
ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലെങ്കിലും രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനമാകുമ്പോഴേക്കും ഇന്ത്യ ജയിക്കണമെന്ന് തുറന്നു പറയാന്‍ മാത്രം ആരാധകനായി ക്രോഗ് മാറി...
ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ കൊണ്ടുപോകുന്നതാണ് ജോലിയെങ്കിലും ആന്ദ്രേ ക്രോഗ് ടീം ഇന്ത്യയുടെ ആരാധകനാണ്. ഡ്രൈവര്‍മാരോടുള്ള ഇരുടീമിന്റേയും പെരുമാറ്റത്തിലെ വ്യത്യാസങ്ങളാണ് ആന്ദ്രേ ക്രോഗിനെ ഇന്ത്യയുടെ ആരാധകനാക്കിയത്. കോഹ്ലിയും സംഘവും ജയിക്കുന്നതാണ് തനിക്കിഷ്ടമെന്ന് തുറന്ന് പറയാനും ക്രോഗിന് മടിയില്ല.
ആദ്യ ടെസ്റ്റില്‍ കേപ് ടൗണിലും പിന്നീട് സെഞ്ചൂറിയനിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ മൈതാനത്തെത്തിക്കുന്നതും തിരിച്ച് ഹോട്ടലിലേക്ക് കൊണ്ടുവന്നതും ആന്ദ്രേ ക്രോഗായിരുന്നു. ആ സമയത്തുണ്ടായ അനുഭവങ്ങളാണ് ക്രോഗിനെ ഇന്ത്യന്‍ ആരാധകനാക്കിയത്. ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലെങ്കിലും രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനമാകുമ്പോഴേക്കും ഇന്ത്യ ജയിക്കണമെന്ന് തുറന്നു പറയാന്‍ മാത്രം ആരാധകനായി ക്രോഗ് മാറി.
'കുറച്ചു ദിവസങ്ങളായി ഞാന്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പമുണ്ട്. ഇവര്‍ നമ്മളെ ശ്രദ്ധിക്കാറുപോലുമില്ല. പ്രത്യേകിച്ചും കളിക്കാരനല്ലാത്ത ഒരാളുണ്ട്. അയാളുടെ പെരുമാറ്റം അസഹ്യമാണ്. അയാള്‍ ഡ്രൈവര്‍മാരെ മനുഷ്യരായി പോലും കാണുന്നുണ്ടോ എന്ന് സംശയമാണ്. അയാളെ അപേക്ഷിച്ച് കളിക്കാര്‍ ഭേദമാണ്. അവരുടെ ഒപ്പം പോയാല്‍ ഒരു കാപ്പിപോലും കിട്ടില്ല. അവരെ സ്റ്റേഡിയത്തിലേക്കും തിരിച്ചും സുരക്ഷിതമായി എത്തുക്കുന്നതിന് ഒരു കാപ്പി പോലും ഞാന്‍ അര്‍ഹിക്കുന്നില്ലേ? ' ആന്ദ്രേ ക്രോഗ് ചോദിക്കുന്നു.
'നേരെ മറിച്ച് ഇന്ത്യക്കാര്‍ അവരുടെ ഡ്രൈവറോട് പെരുമാറുന്നത് നോക്കൂ. അവരുടെ ഡ്രൈവര്‍ റൂണി മോഡ്‌ലേ എന്റെ സുഹൃത്താണ്. ഇന്ത്യക്കാര്‍ വളരെ സൗഹാര്‍ദപരമായാണ് ഡ്രൈവറോട് പെരുമാറുന്നത്. കളിക്കാര്‍ മൈതാനത്ത് പരിശീലിക്കുമ്പോഴും കളിക്കുമ്പോഴുമെല്ലാം ഞങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും കിട്ടുമെന്ന് ഉറപ്പുവരുത്താന്‍ പോലും അവര്‍ ശ്രദ്ധിക്കുന്നു. ഇന്ത്യക്കാര്‍ ഞങ്ങള്‍ക്ക് കളിയുടെ ടിക്കറ്റുകള്‍ വരെ സൗജന്യമായി നല്‍കി. എന്റെ ഒരു സുഹൃത്ത് കളികാണാനെത്തുകയും ചെയ്തു' താന്‍ ടീം ഇന്ത്യയുടെ ഫാനായ വഴി ആന്ദ്രേ ക്രോഗ് വിശദീകരിക്കുന്നു.
ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ് മൂന്ന് ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്കയോട് അടിയറവെച്ചെങ്കിലും ഇന്ത്യക്ക് അഭിമാനിക്കാം. കളിക്കാരുടെ മനുഷ്യത്വപരമായ പെരുമാറ്റമൊന്നുകൊണ്ട് മാത്രം ഒരു ദക്ഷിണാഫ്രിക്കന്‍ ആരാധകനെ ലഭിച്ചെന്നോര്‍ത്ത്. അതും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ സ്വന്തം ബസ് ഡ്രൈവര്‍.
Adjust Story Font
16