ബോള്‍ട്ടിന്റെ വില്ലനായ ഗാറ്റ്‌ലിന്‍ വെറുക്കപ്പെടേണ്ടവനോ?
ബോള്‍ട്ടിന്റെ വില്ലനായ ഗാറ്റ്‌ലിന്‍ വെറുക്കപ്പെടേണ്ടവനോ?
മിനുറ്റുകള്‍ക്കകം ഗാറ്റ്‌ലിന്റെ വിക്കി പീഡിയ പേജില്‍ പേര് ജസ്റ്റിന്‍ ചതിയന്‍ ഗാറ്റ്‌ലിന്‍ എന്നാക്കി മാറ്റുന്നതുവരെയെത്തി പ്രതിഷേധങ്ങള്‍.
ഹുസൈന്‍ ബോള്‍ട്ട് അജയ്യനായി വിടവാങ്ങുന്നത് കാണാനെത്തിയ ലണ്ടന്‍ സ്‌റ്റേഡിയത്തിലെ 56000ത്തോളം പേര്‍ കണ്ടത് ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ഒന്നാമതെത്തുന്നതാണ്. കാണികളുടെ നിരാശ കൂവലുകളുടെ രൂപത്തില്‍ പുറത്തുവരികയും ചെയ്തു. മിനുറ്റുകള്‍ക്കകം ഗാറ്റ്‌ലിന്റെ വിക്കി പീഡിയ പേജില്‍ പേര് ജസ്റ്റിന്‍ ചതിയന്‍ ഗാറ്റ്‌ലിന്‍ എന്നാക്കി മാറ്റുന്നതുവരെയെത്തി പ്രതിഷേധങ്ങള്‍. എന്തായിരിക്കും ഗാറ്റ്‌ലിനെ കാണികളുടെ ഇത്രയേറെ വെറുക്കപ്പെട്ടവനാക്കി മാറ്റുന്നത്?
സ്വപ്‌നതുല്യമായ വിജയങ്ങള്‍ക്കപ്പുറം ഉത്തേജക മരുന്നുകളുടെ നിഴലില്‍ പോലും വന്നിട്ടില്ലെന്നതാണ് ഹുസൈന്‍ ബോള്‍ട്ടിനെ ആരാധകരുടെ ഇഷ്ട താരമാക്കുന്നത്. ഒരു വശത്ത് ബോള്‍ട്ട് നായകനായി വിലസുമ്പോള്‍ വില്ലന്‍ പരിവേഷമായിരുന്നു പലപ്പോഴും അമേരിക്കക്കാരനായ ജസ്റ്റിന്‍ ഗാറ്റ്‌ലിന്. ഉത്തേജക മരുന്ന് കഴിച്ചതിന് 2001ലും 2006ലും ഗാറ്റ്‌ലിന്‍ പിടിക്കപ്പെട്ടിട്ടുണ്ട്. 2006ല്‍ എട്ട് വര്‍ഷത്തെ സസ്‌പെന്‍ഷന്‍ നേരിടുകയും ചെയ്തു. ഇത് പിന്നീട് നാല് വര്‍ഷമാക്കി കുറച്ചതോടെയാണ് ഗാറ്റ്‌ലിന്‍ 2010ല്‍ അത്‌ലറ്റിക്‌സില്‍ തിരിച്ചെത്തിയത്. ഇത്രയേറെ വെല്ലുവിളികള്‍ നേരിട്ടിട്ടും 35കാരനായ ഗാറ്റ്‌ലിന്‍ ഇപ്പോഴും വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. 2020ലെ ടോക്യോ ഒളിംപിക്‌സ് സ്വര്‍ണ്ണമാണ് ഗാറ്റ്‌ലിന്റെ ഇപ്പോഴത്തെ സ്വപ്നം.
ഹുസൈന്‍ ബോള്‍ട്ടിനെ പോലെ അത്‌ലറ്റിക്‌സിനെ ഇത്രയേറെ ജനകീയനാക്കിയ മറ്റൊരു താരമില്ല. അതിസമ്മര്‍ദ്ദത്തിന്റെ 100 മീറ്റര്‍ മത്സരങ്ങളെ സമ്മര്‍ദ്ദമേതുമില്ലാതെ ഉല്ലാസപൂര്‍വ്വം നേരിടുന്ന ബോള്‍ട്ട് ശൈലി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. തന്റെ അവസാനത്തെ വ്യക്തിഗത 100 മീറ്റര്‍ മത്സരത്തില്‍ 0.03 സെക്കന്റിന്റെ വ്യത്യാസത്തില്‍ മൂന്നാമതെത്തിയിട്ടും രോഷ പ്രകടനം നടത്താന്‍ ബോള്‍ട്ട് തയ്യാറായിരുന്നില്ല. അഭിനന്ദിക്കാനെത്തിയ ബോള്‍ട്ടിന് മുന്നില്‍ ട്രാക്കില്‍ ഗാറ്റ്‌ലിന്‍ മുട്ടുകുത്തിയിരിക്കുന്നത് മത്സരത്തിലെ നിമിഷമാവുകയും ചെയ്തു. കാണികളുടെ ഈ കൂവലുകള്‍ താങ്കള്‍ അര്‍ഹിക്കുന്നില്ലെന്നാണ് ബോള്‍ട്ട് ഗാറ്റ്‌ലിനെ കെട്ടിപ്പിടിച്ചുകൊണ്ട് ചെവിയില്‍ പറഞ്ഞത്. ഇത് പിന്നീട് ഗാറ്റ്‌ലിന്‍ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ട്രാക്കില്‍ തിരിച്ചെത്തിയ 2010 മുതല്‍ ഗാറ്റ്‌ലിന്‍ ബോള്‍ട്ടിനെ നിഴല്‍ പോലെ പിന്തുടരുന്നുണ്ട്. 2008 ന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ പരാജയം അറിയാത്തയാളാണ് ഹുസൈന്‍ ബോള്‍ട്ട്. ആറ് വര്‍ഷം മുമ്പ് ദേഗുവിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് അയോഗ്യനായത് മാത്രമാണ് ഏക അപവാദം. അന്ന് മാത്രമായിരിക്കും ഒരു പക്ഷേ പരസ്യമായി ബോള്‍ട്ട് തന്റെ നിരാശ പരസ്യമായി പ്രകടിപ്പിച്ചത്. പിന്നീടിന്നുവരെ പ്രധാന ടൂര്‍ണ്ണമെന്റുകളിലൊന്നില്‍ പോലും ബോള്‍ട്ട് ഫൗള്‍ സ്റ്റാര്‍ട്ടായില്ലെന്നതും ചരിത്രം.
2008 മുതല്‍ ബോള്‍ട്ട് നടത്തിയ അജയ്യ പ്രയാണത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയതും ഗാറ്റ്‌ലിനായിരുന്നു. 2015ല്‍ ബീജിംങില്‍ തന്ത്രപരമായ പിഴവുകൊണ്ടുമാത്രമാണ് ഗാറ്റ്‌ലിന് ബോള്‍ട്ടിന് പിന്നില്‍ രണ്ടാമനാകേണ്ടി വന്നത്. ഫിനിഷിംങ് ലൈനിന് വളരെ മുമ്പ് തന്നെ മുന്നോട്ടാഞ്ഞതാണ് ഗാറ്റ്‌ലിന് തിരിച്ചടിയായത്. സെക്കന്റിന്റെ നൂറിലൊരംശത്തിന്റെ മുന്‍തൂക്കം മാത്രമാണ് ബോള്‍ട്ടിന് അന്ന് ലഭിച്ചത്. തിന്മയുടെ മേല്‍ നന്മയുടെ വിജയമെന്ന നിലയിലാണ് അന്നത്തെ ബോള്‍ട്ടിന്റെ വിജയം ആഘോഷിക്കപ്പെട്ടത്. 'അദ്ദേഹം കിരീടം നിലനിര്‍ത്തി. പെരുമ സംരക്ഷിച്ചു. ഒരുപക്ഷേ അദ്ദേഹം തന്റെ കായിക ഇനത്തെ തന്നെ രക്ഷിച്ചു' എന്നാണ് അന്ന് ബിബിസി കമന്റേറ്റര്‍ പറഞ്ഞത്.
ലോക അത്‌ലറ്റിക്‌സില്‍ സമാനതകളില്ലാത്ത വിജയം നേടിയിട്ടുള്ള താരമാണ് ഹുസൈന്‍ ബോള്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹം നേടിയിട്ടുള്ള 19 സ്വര്‍ണ്ണങ്ങളില്‍ 13ഉം വ്യക്തിഗത ഇനങ്ങളിലായിരുന്നു. ഇതില്‍ എട്ട് ഒളിംപിക്‌സ് സ്വര്‍ണ്ണവും ഉള്‍പ്പെടുന്നു. കാള്‍ ലൂയിസും മരിയോണ്‍ ജോണ്‍സും അടക്കമുള്ള പകരം വെക്കാനില്ലാത്ത അത്‌ലറ്റുകള്‍ ഉത്തേജക മരുന്നിന്റെ നിഴലിലേക്ക് പോയി ആരാധകരെ നിരാശരാക്കിയവരാണ്. ഇവിടെയാണ് കരിയറില്‍ ഒരിക്കല്‍ പോലും ഉത്തേജക മരുന്ന് ആരോപണം പോലും ഉയരാത്ത ഹുസൈന്‍ ബോള്‍ട്ട് ആരാധകരുടെ പ്രിയ താരമായി മാറുന്നത്.
മത്സരശേഷം 30കാരനായ ഹുസൈന്‍ ബോള്‍ട്ട് തനിക്ക് പ്രചോദനമാണെന്ന് പറഞ്ഞത് 35കാരനായ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ തന്നെയാണ്. 2008 ബെയ്ജിംങ് ഒളിംപിക്‌സ് മുതലാണ് ബോള്‍ട്ട് യുഗം തുടങ്ങുന്നത്. അതിനും നാല് വര്‍ഷം മുമ്പ് 2004ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടി വരവറിയിച്ച താരമാണ് ഗാറ്റ്‌ലിന്‍. അഞ്ച് ഒളിംപിക്‌സ് മെഡലുകളടക്കം മറ്റേതൊരു മെഡലിനേക്കാളും ഗാറ്റ്‌ലിന്‍ ഓര്‍മ്മിക്കപ്പെടുക ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ടിനെ തോല്‍പ്പിച്ച് നേടിയ ഈ സ്വര്‍ണ്ണത്തിന്റെ പേരിലായിരിക്കും.
Adjust Story Font
16