ഞങ്ങള്‍ സമ്മര്‍ദ്ദത്തില്‍ വാടിപ്പോയിരുന്നു, പക്ഷേ ടീമില്‍ അഭിമാനിക്കുന്നു: മിഥാലി രാജ്
ഞങ്ങള്‍ സമ്മര്‍ദ്ദത്തില്‍ വാടിപ്പോയിരുന്നു, പക്ഷേ ടീമില്‍ അഭിമാനിക്കുന്നു: മിഥാലി രാജ്
ടീമിലെ യുവനിരക്കാര്‍ അവരുടെ മികച്ച പ്രകടനം പുറത്തെടുത്തു
കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട വിജയം. ഇന്ത്യയുടെ പെണ്‍പുലികള്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഒരിക്കല്‍ കൂടി നഷ്ടപ്പെടുത്തി..പക്ഷേ അതൊരിക്കലും ഒരു തോല്‍വിയായിരുന്നില്ല. മധുരമുള്ള പരാജയമായിരുന്നു. മിഥാലിയുടെ ചുണക്കുട്ടികള്‍ പൊരുതിത്തോറ്റു എന്നു വേണം പറയാന്‍.
വളരെക്കാലത്തിന് ശേഷം പെണ്‍ ക്രിക്കറ്റിലേക്ക് ഇന്ത്യന്‍ കായികലോകം കണ്ണ് പായിച്ചത് ഈയിടെയായിരുന്നു. അന്ന് വരെ ചാനലുകളില്‍ ചെറിയൊരു ഹെഡ്ഡിംഗില്‍ മാത്രം നിറഞ്ഞിരുന്ന ഇന്ത്യന്‍ പെണ്ണുങ്ങളുടെ വിജയം മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റിയത് ഈ ലോകകപ്പിലൂടെയാണ്. മിഥാലിയുടെ ക്യാപ്റ്റന്‍സിയെയും ഹര്‍മന്‍ പ്രീതിന്റെ സെഞ്ചുറിയേയും മാധ്യമങ്ങള്‍ പ്രകീര്‍ത്തിച്ചു. 90 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍ പിന്നീടു നേരിട്ട 25 പന്തില്‍ സ്വന്തമാക്കിയത് 71 റണ്‍സാണ്. 1983 ലോകകപ്പിലെ കപില്‍ ദേവിന്റെ 175ന് തുല്യമെന്നായിരുന്നു ഹര്‍ഷ ഭോഗ്ലെയുടെ ട്വിറ്റര്‍ സന്ദേശം. എന്നാല്‍ താരതമ്യങ്ങള്‍ക്കപ്പുറമായിരുന്നു ഹര്‍മന്‍ പ്രീത് കൌറിന്റെ സെഞ്ചുറി എന്ന നിസ്സംശയം പറയാം.
മുന്‍പൊരിക്കലും ഇല്ലാത്ത ആവേശത്തോടെയാണ് ഞായറാഴ്ചയിലെ ഫൈനലിനെ ഇന്ത്യാക്കാര്‍ നോക്കിക്കണ്ടത്. ശ്വാസമടക്കിപ്പിടിച്ച് ശരിക്കും കളി കാണുകയായിരുന്നു ഇന്ത്യാക്കാര്‍. മിഥാലിയുടെ പുലിക്കുട്ടികള്‍ തീര്‍ച്ചയായും കിരീടം ഇത്തവണ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് വിജയം ഒന്‍പത് റണ്‍സിന് അകലെയായിരിക്കെ അവര്‍ അടിയറ പറഞ്ഞു. കണ്ണീരോടെയാണ് നമ്മുടെ പെണ്‍കുട്ടികള്‍ ക്രീസ് വിട്ടത്. അതേ ഞങ്ങള്‍ സമ്മര്‍ദ്ദത്തിലായിരുന്നു, പരാജയത്തെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ ഭയപ്പെട്ടു..മത്സരത്തിന് ശേഷം മിഥാലി രാജ് പറഞ്ഞു. പക്ഷേ ടീമിനെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ നന്നായി കളിച്ചു, ടീമിലെ യുവനിരക്കാര്‍ അവരുടെ മികച്ച പ്രകടനം പുറത്തെടുത്തു..മിഥാലി കൂട്ടിച്ചേര്‍ത്തു.
ഫാസ്റ്റ് ബൌളറായ ഗുലാന്‍ ഗോസ്വാമിയുടെ പ്രകടനത്തെക്കുറിച്ചും മിഥാലി പറഞ്ഞു. ഗുലാന്‍ വളരെ അനുഭവ സമ്പത്തുള്ള ബൌളറാണ്. ടീം എന്താണോ ആഗ്രഹിക്കുന്നത്, അത് നല്‍കാന്‍ ഗുലാന് കഴിയാറുണ്ട്. പക്ഷേ വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ടും മികച്ച ടീമായിരുന്നു. ആരാധകര്‍ക്കിടയില്‍ നിന്നും മികച്ച പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതിന് നന്ദിയുണ്ട്. ഇത് കളിക്കാര്‍ക്ക് തീര്‍ച്ചയായും പ്രോത്സാഹനമാകും.
പരാജയപ്പെട്ടുവെങ്കിലും ഇന്ത്യന്‍ വനിതകള്‍ നന്നായി കളിച്ചുവെന്ന് ഇംഗ്ലീഷ് ക്യാപറ്റന്‍ ഹെതര്‍ നൈറ്റ് പറഞ്ഞു. എല്ലാം ക്രഡിറ്റും അവര്‍ക്കാണ്. അവര്‍ നല്ലൊരു കളി സമ്മാനിച്ചു.
Adjust Story Font
16