ധോണിയെ നായക സ്ഥാനത്ത് നിന്നും നീക്കുന്നത് സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നതായി സന്ദീപ് പാട്ടീല്‍
ധോണിയെ നായക സ്ഥാനത്ത് നിന്നും നീക്കുന്നത് സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നതായി സന്ദീപ് പാട്ടീല്‍
ആസ്ത്രേലിയയില്‍ ഇന്ത്യ കഠിനമായ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ടെസ്റ്റില്‍ നിന്നും വിരമിക്കാനുള്ള ധോണിയുടെ തീരുമാനം തങ്ങളെ ഞെട്ടിച്ചതായി മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
ഇന്ത്യയുടെ നായക സ്ഥാനത്തു നിന്ന് മഹേന്ദ്ര സിങ് ധോണിയെ നീക്കുന്നത് സംബന്ധിച്ച് സെലക്ടര്‍മാര്‍ പല തവണ ആലോചിച്ചിരുന്നതായി മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍. മറ്റൊരു താരത്തെ നായക സ്ഥാനം ഏല്‍പ്പിച്ച് ഒരു പരീക്ഷണം നടത്തുന്നത് സംബന്ധിച്ച് പല തവണ ചിന്തിച്ചിരുന്നെങ്കിലും 2015 ലോകകപ്പ് കണക്കിലെടുത്ത് ഇതില്‍ നിന്നും പിന്‍മാറുകയായിരുന്നു. കാര്യങ്ങള്‍ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പുതിയ നായകന് ആവശ്യമായ സമയം നല്‍കണമെന്നായിരുന്നു ഞങ്ങളുടെ വിലയിരുത്തല്‍. അതിനാല്‍ ധോണിയെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. തക്ക സമയത്താണ് വിരാടിന് നായക സ്ഥാനം ലഭിച്ചതെന്നാണ് എന്‍റെ വിശ്വാസം. ഏകദിന , ട്വന്‍റി20 മത്സരങ്ങളിലും ഇന്ത്യയെ നയിക്കാന്‍ വിരാടിന് സാധിക്കും. പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് - പാട്ടീല്‍ പറഞ്ഞു.
ആസ്ത്രേലിയയില്‍ ഇന്ത്യ കഠിനമായ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ടെസ്റ്റില്‍ നിന്നും വിരമിക്കാനുള്ള ധോണിയുടെ തീരുമാനം തങ്ങളെ ഞെട്ടിച്ചതായി മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി. കഠിനമായ ഒരു പരമ്പരയായിരുന്നു അത്. മുങ്ങാന്‍ പോകുന്ന ഒരു കപ്പലിന്‍റെ കപ്പിത്താനായിരുന്നു ധോണിയെന്ന് ഞാന്‍ പറയില്ല. പക്ഷേ കാര്യങ്ങള്‍ വിചാരിച്ച പോലെ മുന്നോട്ട് പോയിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ടീമിലെ മുതിര്‍ന്ന അംഗം വിരമിക്കുക എന്നത് ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. ആത്യന്തികമായി അത് ധോണിയുടെ വ്യക്തിപരമായ തീരുമാനമാണ്. ആ സ്വകാര്യത മാനിക്കുന്നു.
യുവരാജ് സിങിനെയും ഗൌതം ഗംഭീറിനെയും ടീമില്‍ നിന്നും പുറത്താക്കുന്നതില്‍ ധോണിക്ക് പങ്കുണ്ടായിരുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പാട്ടീല്‍ പറഞ്ഞു.
Adjust Story Font
16