ന്യൂസിലന്‍റിന് 68 റണ്‍സ് വിജയലക്ഷ്യം
ന്യൂസിലന്‍റിന് 68 റണ്‍സ് വിജയലക്ഷ്യം
ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യ എട്ട് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് നേടി.
കാര്യവട്ടം ട്വന്റി 20യില്‍ ന്യൂസിലന്റിന് 68 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യ എട്ട് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് നേടി. ഇന്ത്യ ന്യൂസിലന്‍റ് ട്വന്‍റി 20 പരമ്പരയിലെ അവസാന മത്സരം മഴ മൂലം എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു.
മഴമൂലം നനഞ്ഞ മൈതാനത്ത് നിര്‍ണ്ണായകമായ ടോസിന്റെ അനുഗ്രഹം കിവീസിനാണ് ലഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യയുടെ ഓപണര്‍മാര്‍ വേഗം തന്നെ മടങ്ങി. രോഹിത് ശര്‍മയേയും(8) ധവാനേയും(6) തുടര്‍ച്ചയായ പന്തുകളില്‍ മടക്കി ടിംസൗത്തിയാണ് ന്യൂസിലന്റ് തുടക്കത്തിലേ മുന്‍തൂക്കം നല്‍കിയത്. കൂറ്റനടികള്‍ക്ക് മുതിര്‍ന്ന ക്യാപ്റ്റന്‍ കോഹ്ലി ആറ് പന്തുകളില്‍ നിന്നും ഒരു ഫോറും ഒരു സിക്‌സും പറത്തി 13 റണ്ണെടുത്തെങ്കിലും നിലയുറപ്പിക്കാനാകാതെ മടങ്ങി. ഇഷ് സോധിയാണ് കോഹ്ലിയേയും ശ്രേയസ് അയ്യരേയും മടക്കിയത്.
അവസാന ഘട്ടത്തില്‍ മനീഷ് പാണ്ഡെയും(17) ഹാര്‍ദിക് പാണ്ഡ്യയും(15*) ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 67ലെത്തിച്ചു. അവസാന ഓവറിലെ രണ്ടാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച പാണ്ഡെയെ ലോങ് ഓണില്‍ പറന്നു വന്ന് ഗോള്‍ കീപ്പറുടെ ശൈലിയില്‍ പന്ത് പിടിച്ചെടുത്ത് സാറ്റനര്‍ സഹതാരം സഹതാരത്തിന്റെ കൈകളിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു. ന്യൂസിലന്റിന്റെ അസാമാന്യഫീല്‍ഡിംങ് മികവ് ഇന്ത്യന്‍ സ്‌കോറില്‍ പത്ത് റണ്‍സിന്റെയെങ്കിലും കുറവു വരുത്തി.
മഴ രസംകൊല്ലിയായി എത്തിയിട്ടും രണ്ടര മണിക്കൂറോളം ആവേശം കൈവിടാതെ സൂക്ഷിച്ച കാര്യവട്ടത്തെ കാണികളോടാണ് ഇരുടീമുകളും നന്ദി പറയേണ്ടത്. ഒരു കളി തോറ്റ ശേഷം തിരിച്ചുവന്ന് ഏകദിന പരമ്പര നേടിയ ഇന്ത്യക്ക് ട്വന്റി 20യില്‍ അതേ നാണയത്തിലാണ് ന്യൂസിലാന്റ് മറുപടി നല്‍കിയത്. കഴിഞ്ഞ രണ്ട് കളികളിലും ആദ്യം ബാറ്റ് ചെയ്തവര്‍ക്കായിരുന്നു ജയം.
Adjust Story Font
16