Quantcast

കോഹ്‌ലിയുടെ അമിതാവേശം പുറത്താക്കി, ദേഷ്യം പരസ്യമാക്കി ധവാന്‍

MediaOne Logo

Subin

  • Published:

    27 May 2018 5:50 AM GMT

കോഹ്‌ലിയുടെ അമിതാവേശം പുറത്താക്കി, ദേഷ്യം പരസ്യമാക്കി ധവാന്‍
X

കോഹ്‌ലിയുടെ അമിതാവേശം പുറത്താക്കി, ദേഷ്യം പരസ്യമാക്കി ധവാന്‍

നേരത്തെ ഒരു തവണമാത്രമാണ് ശിഖര്‍ ധവാന്‍ ഏകദിനത്തില്‍ റണ്ണൗട്ടായതെന്നതും ശ്രദ്ധേയമാണ്. അന്നും ക്രീസിലുണ്ടായിരുന്നത് കോഹ്‍ലിയായിരുന്നു...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ പോരാട്ടവീര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ഈ പോരാട്ടവീര്യം എതിര്‍ടീമിനെന്നപോലെ അപൂര്‍വമായെങ്കിലും സ്വന്തം ടീമിനും തലവേദനയാകാറുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ഡര്‍ബന്‍ ഏകദിനത്തിലും അത്തരമൊരു സംഭവമുണ്ടായി. ധവാന്റെ റണ്ണൗട്ടില്‍ ഒന്നാം പ്രതി കോഹ്‌ലിയുടെ അമിതാവേശമായിരുന്നു.

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യത്തെ നല്ല രീതിയില്‍ പിന്തുടരുന്നതിനിടെയാണ് ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ നഷ്ടമാകുന്നത്. രണ്ട് ഫോറും ഒരു സിക്‌സറുമെല്ലാം പായിച്ച് ഫോമിന്റെ വഴിയിലാണെന്ന സൂചന നല്‍കിയതിന് ശേഷമായിരുന്നു രോഹിത് മോര്‍ണെ മോര്‍ക്കലിന്റെ പന്തില്‍ എഡ്ജ് നല്‍കി പുറത്താകുന്നത്. മൂന്നാമനായി ക്രീസിലെത്തിയ കോഹ്‌ലി അമിതാവേശം കാണിച്ച് പുറത്താക്കുന്നതിന് മുമ്പ് 29 പന്തില്‍ 35 റണ്ണെടുത്തിരുന്നു ശിഖര്‍ ധവാന്‍. ആറ് ബൗണ്ടറികളുടെ അകമ്പടിയില്‍ മികച്ച ഇന്നിംങ്‌സിനുള്ള അടിത്തറയിട്ടതിന് ശേഷമായിരുന്നു ധവാന്‍ അപ്രതീക്ഷിതമായി പുറത്തായത്.

Why Kohli why?! pic.twitter.com/DooQE6VeE1

— Cricket Videos (@cricvideos5) February 1, 2018

ക്രിസ് മോറിസ് എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ആ റണ്ണൗട്ട്. ഫുള്‍ ലെഗ്തില്‍ വന്ന പന്തില്‍ ക്രിസ് മോറിസ് എല്‍ബി അപ്പീല്‍ നടത്തുന്നുണ്ടായിരുന്നു. ഒരു നിമിഷം പന്തെവിടെയെന്ന് ധവാന്‍ തിരയുമ്പോഴേക്കും കോഹ്ലി പകുതി ദൂരം പിന്നിട്ടിരുന്നു. ഇതോടെ ഓടുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം ധവാന് മുന്നിലുണ്ടായില്ല. കുതിച്ചെത്തിയ ഐഡന്‍ മര്‍ക്രാമിന്റെ ഏറില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് തെറിക്കുമ്പോഴും ക്രീസിലെ പകുതി ദൂരം മാത്രമേ ധവാന്‍ പിന്നിട്ടിരുന്നുള്ളൂ. ഔട്ടായതിന് പിന്നാലെ കോഹ്‌ലിയുടെ ഇല്ലാത്ത റണ്ണിനായുള്ള ഓട്ടത്തിനോട് ദേഷ്യത്തില്‍ കയ്യുയര്‍ത്തി പ്രതികരിച്ച ശേഷമാണ് ധവാന്‍ ക്രീസ് വിട്ടത്.

നിര്‍ണ്ണായക നിമിഷത്തിലെ അനാവശ്യ റണ്ണൗട്ട് വിവാദമാകാതിരുന്നത് മത്സരത്തില്‍ പിന്നീട് അനായാസമായി ഇന്ത്യ ജയിച്ചതുകൊണ്ട് കൂടിയാകാം. കോഹ്‌ലിയുടെ സെഞ്ചുറി(112) മികവില്‍ ഇന്ത്യ ആറ് വിക്കറ്റിന് മത്സരം ജയിക്കുകയായിരുന്നു. നേരത്തെ ഒരു തവണമാത്രമാണ് ശിഖര്‍ ധവാന്‍ ഏകദിനത്തില്‍ റണ്ണൗട്ടായതെന്നതും ശ്രദ്ധേയമാണ്. 2015 ലോകകപ്പില്‍ പാകിസ്താനെതിരെ അഡ്‌ലൈഡില്‍ നടന്ന മത്സരത്തിനിടെയായിരുന്നു അത്. അന്നും ക്രീസിന്റെ എതിര്‍ഭാഗത്ത് വിരാട് കോഹ്‌ലിയായിരുന്നു. കളിക്കളത്തിലെ അമിതാവേശം മൂലം റണ്ണൗട്ടാക്കി സ്വന്തം ടീമംഗങ്ങളെ ബലികൊടുക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ കോഹ്‌ലിക്കെതിരായുണ്ട്. ആ ആരോപണത്തിന് അടിവരയിടുന്നതാണ് ധവാന്റെ ഈ റണ്ണൗട്ട്.

TAGS :

Next Story