രോഹിത് ശര്‍മ എന്ന പഠിക്കാത്ത കുട്ടി
രോഹിത് ശര്‍മ എന്ന പഠിക്കാത്ത കുട്ടി
ഏകദിന, ട്വന്‍റി20 മത്സരങ്ങളിലെ ആക്രമണോത്സുകതയില്‍ നിന്നു ടെസ്റ്റിന്‍റെ പക്വതയിലേക്ക് രോഹിത് ഇനിയുമെത്തിയിട്ടില്ലെന്ന സൂചനയായാണ് ഈ പുറത്താകലിനെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. താരത്തിന്‍റെ .....
ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാല് ബൌളര്‍മാരുമായി ഇന്ത്യ കളം പിടിച്ചതിനു പിന്നിലെ പ്രധാന വസ്തുത രോഹിത് ശര്‍മയില്‍ നായകന്‍ വിരാട് കൊഹ്‍ലിക്കുള്ള വിശ്വാസമായിരുന്നു. അമിത് മിശ്ര എന്ന സ്പിന്നറെ ഒഴിവാക്കി ആറ് ബാറ്റ്സ്മാന്‍മാരെന്ന ഫോര്‍മുലയിലേക്ക് ഇന്ത്യ കളം മാറ്റി പിടിച്ചതിന്‍റെ ബലത്തിലാണ് രോഹിത് ടീമിലേക്ക് നടന്നു കയറിയത്. നായകന്‍റെ വിശ്വാസം കാത്തു സൂക്ഷിക്കുന്ന തരത്തില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് പക്ഷേ ഒരിക്കല്‍ കൂടി നായകനെയും ഇന്ത്യയെയും നിരാശപ്പെടുത്തി. സ്പിന്നറെ കടന്നാക്രമിക്കാനുള്ള അനാവശ്യമായ ആവേശം ഫീല്‍ഡറുടെ കൈപ്പിടിയില്‍ അവസാനിക്കുകയായിരുന്നു. ആറാം ബാറ്റ്സ്മാന്‍റെ നേട്ടം ഇന്ത്യക്ക് ലഭിച്ചില്ലെന്നതിനെക്കാള്‍ ക്രിക്കറ്റ് ലോകത്തെയും രോഹിത് ശര്‍മയുടെയും അനുഭാവികളെ ഞെട്ടിച്ചത് താരം പുറത്തായ ഷോട്ടായിരുന്നു. രോഹിതിന്‍റെ ടെസ്റ്റ് ഇന്നിങ്സുകളില്‍ ഇത്തരമൊരു ഷോട്ടും പുറത്താകലും ഇതാദ്യമായല്ല - ഒരേ പിഴവിന്‍റെ തനിയാവര്‍ത്തനം. ഏകദിന, ട്വന്‍റി20 മത്സരങ്ങളിലെ ആക്രമണോത്സുകതയില്‍ നിന്നു ടെസ്റ്റിന്‍റെ പക്വതയിലേക്ക് രോഹിത് ഇനിയുമെത്തിയിട്ടില്ലെന്ന സൂചനയായാണ് ഈ പുറത്താകലിനെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. താരത്തിന്‍റെ ഫോമിനെക്കാളേറെ പുറത്താകുന്ന രീതി ചര്‍ച്ചയാകുന്നതും ഇതുകൊണ്ടു തന്നെ.
ടെസ്റ്റില്‍ രോഹിതിന്‍റെ സമാന പുറത്താകലുകള്‍ നമുക്കൊന്ന് പരിശോധിക്കാം
2015 ഡല്‍ഹിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ: വിരാട് കൊഹ്‍ലി പുറത്തായ ശേഷമാണ് രോഹിത് ക്രീസിലെത്തിയത്. ഇമ്രാന്‍ താഹിറായിരുന്നു ബൌളര്‍. രോഹിതിന്‍റെ ബലഹീനത തിരിച്ചറിഞ്ഞ് ലോങ് ഓണില്‍ ദക്ഷിണാഫ്രിക്ക ഫീല്‍ഡറെ വിന്യസിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെ ക്രീസിനു പുറത്തേക്ക് വന്ന താരത്തിന്‍റെ കൂറ്റന്‍ അടി വിശ്രമിച്ചത് ഫീല്‍ഡറുടെ കൈകളില്‍.
2016 മുംബൈയില്‍ ന്യൂസിലാന്‍ഡിനെതിരായ സന്നാഹ മത്സരം: വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ മോശം ഫോം ദിലീപ് ട്രോഫിയിലും തുടര്‍ന്ന രോഹിതിനെ സംബന്ധിച്ചിടത്തോളം സെലക്ടര്‍മാരുടെ മനം കവരാന്‍ ലഭിച്ച സുവര്‍ണാവസരം. ലെഗ് സ്പിന്നര്‍ സോധിയെ കടന്നാക്രമിച്ചാണ് രോഹിത് തുടങ്ങിയത്. ഒരു സിക്സറിനും ബൌണ്ടറിയും പിറന്നെങ്കിലും രോഹിതിന്‍റെ ആവേശം കെട്ടടങ്ങിയിരുന്നില്ല. ഇതുകണ്ട് ന്യൂസിലാന്‍ഡ് നായകന്‍ അതിര്‍ത്തിയില്‍ ഫീല്‍ഡറെയും വിന്യസിച്ചു. പതിവു പോലെ ചടുലമായ ചുവടുകളോടെ ബൌളറെ കടന്നാക്രമിച്ച രോഹിതിന് പക്ഷേ ബാറ്റ് പന്തില്‍ മുട്ടിക്കാനായില്ല. വിക്കറ്റ് കീപ്പര്‍ ബാക്കി കര്‍മ്മം നിര്‍വഹിച്ചു. അലസതയുടെ ആള്‍രൂപമെന്ന വിശേഷണവും പേറി ഒരിക്കല്‍ കൂടി രോഹിത് കൂടാരത്തിലേക്ക് മടങ്ങി.
2016 കാണ്‍പൂരില്‍ ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ടെസ്റ്റ്: ഇന്ത്യ പരുങ്ങലിലായിരുന്നെങ്കിലും രോഹിതിലെ ആക്രമണകാരിക്ക് കൂച്ചുവിലങ്ങിടാന്‍ ആ സ്ഥിതി പര്യാപ്തമായിരുന്നില്ല. പതിവ് ശൈലിയില്‍ തകര്‍ത്താടിയ രോഹിത് താളം കണ്ടെത്തിയെന്ന പ്രതീതി ജനിച്ച സമയം. മികച്ച രീതിയില്‍ പന്തെറിയുന്ന ന്യൂസിലാന്‍ഡ് സ്പിന്നര്‍ സാന്‍റ്നറെ നായകന്‍ പന്ത് ഏല്‍പ്പിച്ചു. രോഹിതിനെ അറിഞ്ഞു കൊണ്ടു തന്നെ അതിര്‍ത്തിയില്‍ ഫീല്‍ഡറെയും നിര്‍ത്തി. പിന്നെ എല്ലാം പഴയ പടി. ക്രീസില്‍ നിന്നും ചാടി ബൌളറെ ആക്രമിച്ച രോഹിത് ലോങ് ഓണില്‍ പിടികൊടുത്തു മടങ്ങി.
എത്ര കൊണ്ടാലും പഠിക്കാത്ത കുട്ടിയാണ് താനെന്ന് രോഹിത് ഒരിക്കല്‍ കൂടി തെളിയിക്കുമ്പോള്‍ അത് തിരികൊളുത്തുന്നത് താരത്തിനെതിരായ വിമര്‍ശ ശരങ്ങള്‍ക്കാണ്. പ്രതിഭയുടെ ആഴക്കടലായ രോഹിതിനെപ്പോലെ അവസരങ്ങള്‍ ലഭിച്ച താരം വേറെയുണ്ടാകില്ല. ഏകദിന, ട്വന്‍റി20 മത്സരങ്ങളിലും ഐപിഎല്ലിലും തന്നിലൊളിഞ്ഞിരിക്കുന്ന അലസതയെ ആക്രമണോത്സുകത കൊണ്ട് മറികടന്ന് രചിച്ച മിന്നുന്ന ഇന്നിങ്സുകള്‍ രോഹിതിന് തണലാകുമ്പോള്‍ അത്തരമൊരു പ്രകടനം ടെസ്റ്റില്‍ രോഹിതില്‍ നിന്നും ഇനിയും പിറക്കാനിരിക്കുന്നെയുള്ളൂ. ഈ കാത്തിരിപ്പ് ഇനി എത്രനാളെന്നതാണ് വലിയ ചോദ്യം.
Adjust Story Font
16