ജോര്‍ജ് സാംപോളി സെവിയ്യെയും ഉനൈ എമിറി പി.എസ്.ജിയെയും പരിശീലിപ്പിക്കും
ജോര്‍ജ് സാംപോളി സെവിയ്യെയും ഉനൈ എമിറി പി.എസ്.ജിയെയും പരിശീലിപ്പിക്കും
സെവിയ്യയെ ബാഴ്സലോണയെയും റയല്‍ മാഡ്രിഡിനെയും അത്‌ലറ്റികോ മാഡ്രിഡിനെയും മറികടക്കാനുള്ള ദൌത്യം ഏറ്റെടുത്തിരിക്കുകയാണ് സാംപോളി.
ചിലിക്ക് കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക സമ്മാനിച്ച ജോര്‍ജ് സാംപോളി സ്പാനിഷ് ക്ലബ് സെവിയ്യയുടെ പരിശീലകനാകും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ജനുവരിയില്‍ ചിലിയുടെ പരിശീലക പദവി ഒഴിഞ്ഞ ശേഷം സാംപോളി എവിടെ പോയെന്ന ചോദ്യത്തിന് ഉത്തരമായി. സെവിയ്യയെ ബാഴ്സലോണയെയും റയല്‍ മാഡ്രിഡിനെയും അത്‌ലറ്റികോ മാഡ്രിഡിനെയും മറികടക്കാനുള്ള ദൌത്യം ഏറ്റെടുത്തിരിക്കുകയാണ് സാംപോളി. ആക്രമണ ഫുട്ബോളായിരിക്കും തന്റെ നയമെന്ന് സാംപോളി ഉറപ്പ് നല്‍കി. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ആക്രമണ ഫുട്ബോളില്‍ വിശ്വസിക്കുന്നയാളാണ് താന്‍. സെവിയ്യയെ യൂറോപ്പിലെ മികച്ച ടീമാക്കി മാറ്റുകയാണ് ലക്ഷ്യം സാംപോളി പറഞ്ഞു.
ആരാധകരുടെ ആഗ്രഹത്തിന് അനുസരിച്ച് ടീമിനെ തയ്യാറാക്കാന്‍ കഴിയുമെന്നും സാംപോളി പ്രതീക്ഷ പ്രകടിപ്പിച്ചു. ആദ്യമായാണ് സാംപോളി യൂറോപ്പില്‍ ഒരു ടീമിനെ പരിശീലിപ്പിക്കുന്നത്. ചിലിയെ ലോകത്തെ മുഖ്യധാരാ ടീമുകളില്‍ ഒന്നാക്കിയാണ് സാംപോളി ലാറ്റിനമേരിക്ക വിട്ടത്. ചിലിക്ക് ചരിത്രത്തിലാദ്യമായി കോപ്പ അമേരിക്ക കിരീടം സമ്മാനിച്ചത് സാംപോളിയാണ്. അമ്പത്തിയാറുകാരനായ സാംപോളി കഴിഞ്ഞ വര്‍ഷം ലോകത്തെ ഏറ്റവും മികച്ച പരിശീലകനുള്ള മത്സരത്തില്‍ ലൂയി എന്‍റിക്വെക്ക് തൊട്ട് പിന്നില്‍ എത്തിയിരുന്നു. ഒരു വര്‍ഷത്തെ കൂടി കരാറുണ്ടായിരുന്ന സെവിയ്യയുടെ മുന്‍ കോച്ച് ഉനൈ എമിറി ക്ലബുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്ഥാനം ഒഴിഞ്ഞത്. സെവിയ്യയെ 106 മത്സരങ്ങളില്‍ ജയിപ്പിച്ച എമിറി ക്ലബിനെ ഏറ്റവുമധികം ജയങ്ങളിലേക്ക് നയിച്ച പരിശീലകനാണ്. തുടര്‍ച്ചയായ മൂന്ന് യൂറോപ്പ ലീഗിലും എമിറിയുടെ കീഴില്‍ സെവിയ്യ ചാമ്പ്യന്‍മാരായിരുന്നു. ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജെര്‍മന്റെ ചുമതല എമിറി ഏറ്റെടുത്തു. ലോറന്‍റ് ബ്ലാങ്ക് രാജി വെച്ച ഒഴിവിലാണ് നിയമനം.
Adjust Story Font
16