Quantcast

മെസിക്ക് ഹാട്രിക്ക്; അര്‍ജന്റീന ലോകകപ്പിന്, ചിലി പുറത്ത്

MediaOne Logo

Subin

  • Published:

    31 May 2018 4:07 AM GMT

മെസിക്ക് ഹാട്രിക്ക്; അര്‍ജന്റീന ലോകകപ്പിന്, ചിലി പുറത്ത്
X

മെസിക്ക് ഹാട്രിക്ക്; അര്‍ജന്റീന ലോകകപ്പിന്, ചിലി പുറത്ത്

ഇക്വഡോര്‍ ആദ്യ ഗോള്‍ നേടിയ മത്സരത്തില്‍ 3-1നാണ് അര്‍ജന്‍റീനയുടെ വിജയം...

ഇക്വഡോറിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ മെസി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അര്‍ജന്റീനക്ക് ജയം. ഇക്വഡോറിനെ 3-1ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്. മെസി അര്‍ജന്റീനക്കുവേണ്ടി ഹാട്രിക് നേടി. പെറുവുമായി സമനില പാലിച്ച കൊളംബിയ നാലാം സ്ഥാനക്കാരായി നേരിട്ട് യോഗ്യത നേടിയപ്പോള്‍ അഞ്ചാം സ്ഥാനക്കാരായി പെറു പ്ലേ ഓഫിനുള്ള യോഗ്യത നേടി. യൂറുഗ്വേ ബൊളീവിയയെ 4-2 ന് തകര്‍ത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബ്രസീലിനോട് ഏകപക്ഷീയമായ മൂന്നു ഗോളിന് തോറ്റ കോപ അമേരിക്ക ചാമ്പ്യന്മാരായ അലക്‍സിസ് സാഞ്ചസിന്റെ ചിലിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകര്‍ന്നു.

9127 അടി ഉയരത്തിലുള്ള ഇക്വഡോറിന്റെ ഹോം ഗ്രൗണ്ടായ ക്വിറ്റോയില്‍ മെസി തനിസ്വരൂപം പുറത്തെടുത്തപ്പോള്‍ ശ്വാസം മുട്ടിയത് ഇക്വഡോറിന്. ഹാട്രിക് നേടിയ ഗോളൊന്നുമതി മെസിയെന്ന വിശ്വതാരത്തിന്റെ പ്രതിഭക്ക് അടിവരയിടാന്‍. ഗോളില്‍ നിന്നും നാല്‍പ്പത് വാര അകലെ നിന്നാണ് മെസിക്ക് നെഞ്ചുയരത്തില്‍ പന്ത് കിട്ടുന്നത്. പന്തുമായി ഒഴുകി വന്ന മെസി മൂന്ന് ഇക്വഡോര്‍ പ്രതിരോധക്കാരെ മറികടന്നു. ബോക്സിലേക്ക് എത്തിയതും ഗോളിക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി മാറി.

#YoAmoAMiSelección El 10 y su magia: #Messi concreta su triplete personal con este remate. ¡Genio! pic.twitter.com/CN91Ms1Lf0

— Selección Argentina (@Argentina) October 11, 2017

അര്‍ജന്റീനയുടെ നെഞ്ചില്‍ തീ കോരിയിട്ട് ഒന്നാം മിനുറ്റില്‍ തന്നെ ഇക്വഡോറാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. റൊമാരിയോ ഇബാറയുടെ ഗോള്‍ അര്‍ജന്റീനയെ നോവിച്ചുണര്‍ത്തി. പന്ത്രണ്ടാം മിനുറ്റില്‍ തന്നെ സമനില ഗോള്‍ പിറന്നു. ആദ്യ പകുതിയില്‍ തന്നെ ഇരുപതാം മിനുറ്റില്‍മെസി അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടി.

ഹോം ഗൗണ്ടില്‍ കളിക്കുന്ന ഇക്വഡോര്‍ നിരന്തരം സമ്മര്‍ദ്ദം ഉയര്‍ത്തുന്നതിനിടെ മൂന്നാം ഗോള്‍ നേടാതെ ജയമുറപ്പിക്കാന്‍ മെസിക്കും സംഘത്തിനുമാകുമായിരുന്നില്ല. ഹാട്രിക്കും ജയവും ലോകകപ്പ് യോഗ്യതയും ഉറപ്പിച്ച് മെസിയുടെ മനോഹര ഗോള്‍ അറുപത്തൊന്നാം മിനുറ്റില്‍ പിറന്നു. മെസിയും ഡി മരിയയും തകര്‍ത്തു കളിച്ച മത്സരം കൂടിയായിരുന്നു കഴിഞ്ഞത്.

ജയത്തോടെ ലാറ്റിനമേരിക്കന്‍ പോയിന്റ് ടേബിളില്‍ അര്‍ന്റീന മൂന്നാം സ്ഥാനത്തെത്തി. 18 മത്സരങ്ങളില്‍ നിന്നും അര്‍ജന്റീനക്ക് 28 പോയിന്റാണ് ലഭിച്ചത്. അത്ര തന്നെ മത്സരങ്ങളില്‍ നിന്നും 41 പോയിന്റ് നേടിയ ബ്രസീലാണ് ഒന്നാമത്. ബ്രസീലിനോട് തോറ്റ ചിലിക്ക് റഷ്യന്‍ ലോകകപ്പ് യോഗ്യത നേടാനായില്ല.
ഗബ്രിയേല്‍ ജീസസ് രണ്ടു തവണയും പൗളിഞ്ഞോ ഒന്നും വല ചലിപ്പിച്ചാണ് ചിലിക്കെതിരെ മികച്ച ജയം നേടാന്‍ ബ്രസീലിനെ സഹായിച്ചത്. മുന്നേറണമെങ്കില്‍ ജയം അനിവാര്യമായിരുന്ന ചിലി സാവോപോളോയിലെ ആദ്യ പകുതിയില്‍ മഞ്ഞപ്പടയെ ഗോള്‍രഹിതമായി പിടിച്ചുനിര്‍ത്തിയെങ്കിലും 55-ാം മിനുട്ടില്‍ പൗളിഞ്ഞോ ആദ്യ വെടി പൊട്ടിച്ചു. 57-ാം മിനുട്ടില്‍ നെയ്മറിന്റെ പാസില്‍ നിന്ന് ലീഡുയര്‍ത്തിയ ജീസസ് 93-ാം മിനുട്ടില്‍ വില്ലിയന്റെ സഹായത്തോടെയാണ് പട്ടിക പൂര്‍ത്തിയാക്കിയത്.

പെറുവിനെ അവരുടെ തട്ടകത്തില്‍ നേരിട്ട കൊളംബിയ 56-ാം മിനുട്ടില്‍ ഹാമിസ് റോഡ്രിഗസിന്റെ ഗോളില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ 76-ാം മിനുട്ടില്‍ ഗ്വെറേറോ പെറുവിനെ ഒപ്പമെത്തിച്ചു. ചിലി തോറ്റതോടെ, പെറുവിന് പ്ലേ ഓഫ് ഭാഗ്യം ലഭിക്കുകയും ചെയ്തു.

ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളാണ് ബൊളീവിയക്കെതിരെ യൂറുഗ്വായ്ക്ക് ജയമൊരുക്കിയത്. 24-ാം മിനുട്ടില്‍ ഗാസ്റ്റന്‍ സില്‍വയുടെ ഓണ്‍ഗോളില്‍ പിന്നിലായിപ്പോയ ആതിഥേയര്‍ക്കു വേണ്ടി 39-ാം മിനുട്ടില്‍ കാസറസ് ഒരു ഗോള്‍ മടക്കി. 42-ാം മിനുട്ടില്‍ കവാനി ലീഡുയര്‍ത്തിയപ്പോള്‍ 60, 76 മിനുട്ടുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. 79-ാം മിനുട്ടില്‍ ഡീഗോ ഗോഡിന്റെ ഓണ്‍ ഗോള്‍ പിറന്നെങ്കിലും മത്സരം 4-2 ന് യൂറുഗ്വായ് സ്വന്തമാക്കി.

ലോകകപ്പ് യോഗ്യതക്ക് വിദൂര സാധ്യതയുണ്ടായിരുന്ന പാരഗ്വേയെ വെനിസ്വെല അട്ടിമറിച്ചു. 84-ാം മിനുട്ടില്‍ യാങ്കല്‍ ഹെരേരയാണ് ഗോള്‍ നേടിയത്. 89-ാം മിനുട്ടില്‍ പാരഗ്വേയുടെ ഗുസ്താവോ ഗോമസും വില്‍കര്‍ എയ്ഞ്ചലും ചുവപ്പു കാര്‍ഡ് കണ്ടു മടങ്ങി.

TAGS :

Next Story