കൊഹ്‍ലിക്കും ജാദവിനും തകര്‍പ്പന്‍ സെഞ്ച്വറി; ഇന്ത്യക്ക് 3 വിക്കറ്റ് ജയം
കൊഹ്‍ലിക്കും ജാദവിനും തകര്‍പ്പന്‍ സെഞ്ച്വറി; ഇന്ത്യക്ക് 3 വിക്കറ്റ് ജയം
ഇംഗ്ലണ്ടിനെതിരായ പൂനെ ഏകദിനത്തില്‍ സെഞ്ച്വറി നേടി വിരാട് കൊഹ്‍ലി നായകന്റെ മികവ് പുറത്തെടുത്തു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 3 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ 11 പന്ത് ബാക്കി നിര്‍ത്തി 7 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്ടന്‍ വിരാട് കൊഹ്‍ലിയും കേദാര്‍ ജാദവും നേടിയ അതിവേഗ സെഞ്ച്വറികളാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
ഏകദിന ക്യാപ്ടനായുള്ള വിരാട് കോഹ്‍ലിയുടെ പട്ടാഭിഷേകത്തിന് സാക്ഷികളാകാന്‍ പൂനെ എംസിഎ സ്റ്റേഡിയത്തില്‍ എത്തിയ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഉജ്വല വിരുന്നാണ് ടീം ഇന്ത്യ ഒരുക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് കളം നിറഞ്ഞു. ജേസണ്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 350 റണ്‍സ് ഇംഗ്ലണ്ട് സ്കോര്‍ ബുക്കില്‍ ചേര്‍ത്തു.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 63 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, യുവരാജ് സിങ്, എം എസ് ധോണി എന്നിവര്‍ ഡ്രസ്സിങ് റൂമില്‍ മടങ്ങിയെത്തി. പക്ഷേ കേദാര്‍ ജാദവ് ക്യാപ്ടനെ സാക്ഷിനിര്‍ത്തി പ്രത്യാക്രമണത്തിന് തുടക്കമിട്ടു. സ്വതസിദ്ധ ശൈലിയില്‍ കോഹ്‍ലിയും ബാറ്റ് ചെയ്തതോടെ ഇന്ത്യന്‍ സ്കോറിങ് കുതിച്ചു. 93 പന്തില്‍ കൊഹ്‍ലി സെഞ്ച്വറി പൂര്‍ത്തിയാക്കി. പരിക്ക് വകവെക്കാതെ ഷോട്ടുകള്‍ ഉതിര്‍ത്ത ജാദവ് 65 പന്തിലാണ് കരിയറിലെ രണ്ടാം സെഞ്ച്വറി നേടിയത്. ഇരുവരും ഒന്നിച്ച അഞ്ചാം വിക്കറ്റില്‍ 200 റണ്‍സ് പിറന്നു.
കൊഹ്‍ലിയും ജാദവും പുറത്തായ ശേഷം ഇംഗ്ലണ്ട് മത്സരത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും 40 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ജയം ഉറപ്പിച്ചു. ഇന്ത്യ നേടിയ 356 റണ്‍സ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറാണ്.
കേദാര്‍ ജാദവിനെ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. പരമ്പരയിലെ അടുത്ത മത്സരം 19ന് കട്ടക്കില്‍ നടക്കും.
Adjust Story Font
16