ലസിത് മലിംഗ മുംബൈ ഇന്ത്യന്‍സില്‍
- Published:
1 Jun 2018 6:00 AM GMT
ലസിത് മലിംഗ മുംബൈ ഇന്ത്യന്‍സില്‍
ലേലത്തില്‍ അനാഥനാക്കപ്പെട്ട മലിംഗ ഐപിഎല്‍ പുതിയ സീസണില്‍ മുംബൈയുടെ പാളയത്തിലുണ്ടാകും.
ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ മുംബൈ ഇന്ത്യന്‍സില്‍. ലേലത്തില്‍ അനാഥനാക്കപ്പെട്ട മലിംഗ ഐപിഎല്‍ പുതിയ സീസണില്‍ മുംബൈയുടെ പാളയത്തിലുണ്ടാകും. കളിക്കാരനായല്ല, ടീമിന്റെ ബോളിങ് ഉപദേശകനായിട്ടാണ് മലിംഗയുടെ പുതിയ ഇന്നിങ്സ്.
മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു മലിംഗ. 2015-ല്‍ അവരെ ജേതാക്കളാക്കിയത് മലിംഗയുടെ തീപാറുന്ന പന്തുകളായിരുന്നു. പക്ഷേ ഇത്തവണത്തെ താരലേലത്തില്‍ മലിംഗയ്ക്കു വേണ്ടി ആരും രംഗത്തുണ്ടായിരുന്നില്ല. ഇതോടെ ക്രിക്കറ്റില്‍ നിന്ന് മലിംഗ വിട പറയുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. ഇതിനിടെയാണ് സ്വന്തം തറവാട്ടില്‍ കാരണവരുടെ റോളിലേക്ക് മലിംഗ എത്തുന്നത്. മുംബൈ ഇന്ത്യന്‍സ് തന്റെ വീടാണെന്നും ടീമിനൊപ്പം ഇതുവരെയുള്ള യാത്ര അത്ഭുതാവഹമായിരുന്നുവെന്നും മലിംഗ പറഞ്ഞു. ഇപ്പോള്‍ ഉപദേശകനായി മുംബൈ ടീമിനൊപ്പം എത്തുന്നു. പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണെന്നും മലിംഗ പ്രതികരിച്ചു. ടീമിലെ യുവതാര നിരയ്ക്ക് മലിംഗയുടെ സാന്നിധ്യം കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നതായി മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി പറഞ്ഞു. നേരത്തെ ദേശീയ ടീമില്‍ നിന്നു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മലിംഗ തഴയപ്പെടുകയായിരുന്നു. 34കാരനായ മലിംഗ കഴിഞ്ഞ സെപ്‌റ്റംബറില്‍ ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയ്‌ക്കു ശേഷം ലങ്കന്‍ ടീമില്‍ എത്തിയിട്ടില്ല. ലങ്കക്ക് വേണ്ടി മൂന്നു ഫോര്‍മാറ്റിലുമായി 492 വിക്കറ്റുകള്‍ മലിംഗ വീഴ്‌ത്തിയിട്ടുണ്ട്.
Adjust Story Font
16