ധോണിയില്ലെ, ഇന്ത്യക്കിനിയൊരു പരിശീലകനെ ആവശ്യമുണ്ടോ?
ധോണിയില്ലെ, ഇന്ത്യക്കിനിയൊരു പരിശീലകനെ ആവശ്യമുണ്ടോ?
കൊഹ്‍ലിയുടെ ഇടപെടല്‍ പ്രതീക്ഷിച്ച് ജഡേജ ശക്തമായി തന്നെ അപ്പീല്‍ തുടര്‍ന്നു. ഇതിനിടെയാണ് ധോണി ഇടപെട്ടത്. മറ്റൊന്നും സംഭവിക്കാത്തതു പോലെ പന്ത് കയ്യിലെടുത്ത ധോണി അത് തിരികെ ബൌളര്‍ക്ക് എറിഞ്ഞു കൊടുത്തു.....
നായകന്‍ കൊഹ്‍ലിയുമായുള്ള ഭിന്നതകളുടെ പേരില്‍ അനില്‍ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള തിരക്കിലാണ് ബിസിസിഐയും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയും. കൊഹ്‍ലിയുമായി മാനസികമായി ഏറെ ഒത്തുപോകുന്ന മുന്‍ ടീം ഡയറക്ടര്‍ രവിശാസ്ത്രിയാണ് സാധ്യത പട്ടികയില്‍ മുന്നില്‍. മറ്റാരെക്കാളും കൊഹ്‍ലി ആശ്രയിക്കുന്ന മുന്‍ നായകന്‍ ധോണിയുള്ളപ്പോള്‍ ഒരു പരിശീലകന്‍ ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണോയെന്ന ചോദ്യവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കുംബ്ലെയുടെ സാന്നിധ്യം അത്രയേറെ പ്രകടമല്ലാതിരുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റിലുടനീളം കൊഹ്‍ലി ഏറെ ആശ്രയിച്ചത് ധോണിയെയാണെന്നത് ഈ വാദത്തിന് ആക്കം കൂട്ടുന്നു. ശ്രീലങ്കക്കെതിരായ മത്സരം കൈപ്പിടിയില്‍ നിന്നും വഴുതിമാറുകയാണെന്ന് തോന്നിയ ഘട്ടത്തില്‍ പാര്‍ട്ട് ടൈം ബൌളര്‍മാരെ ഉപയോഗിക്കാനുള്ള ധോണിയുടെ നിര്‍ദേശമാണ് കളിയുടെ ഗതിയെ തന്നെ മാറ്റിമറിച്ചതെന്നത് കൊഹ്‍ലി തന്നെ പിന്നീട് തുറന്നു സമ്മതിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കെതിരായ മത്സരത്തിനു ശേഷവും ഫീല്‍ഡിനെ കുറിച്ച് ധോണി എന്ത് ചിന്തിക്കുന്നുവെന്നത് ചോദിച്ചറിയുന്നതിന്‍റെ സുഖം വളച്ചുകെട്ടില്ലാതെ കൊഹ്‍ലി വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറുന്ന കൊഹ്‍ലിയെന്ന നായകന് ക്യാപ്റ്റന്‍ കൂളെന്ന വന്‍മരം നല്‍കുന്ന തണലിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ആ വാക്കുകള്‍.
നിര്‍ണായകമായ തീരുമാനങ്ങള്‍ക്കായി ധോണിയുടെ അവസാന വാക്കിനായി കൊഹ്‍ലി കാത്തുനില്‍ക്കാറുണ്ടെന്നതിന്‍റെ ഉദാഹരണങ്ങള്‍ അനവധിയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ നാല്‍പതാമത്തെ ഓവറില്‍ ഭൂംറയെറിഞ്ഞ ആദ്യ പന്ത് ആന്‍ഡില്‍ പെഹുല്‍ക്കായോയുടെ പാഡിലുരസി. ബൌളര്‍ ഉടന്‍ തന്നെ അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ പോള്‍ റൈഫല്‍ അത് നിഷേധിച്ചു. സ്ലിപ്പിലായിരുന്ന കൊഹ്‍ലി ബൌളര്‍ക്കൊപ്പം അപ്പീല്‍ ചെയ്തു, അമ്പയറുടെ അടുത്തേക്ക് നീങ്ങുന്നതിനിടെ അപ്പീല്‍ തുടര്‍ന്ന കൊഹ്‍ലി തിരിഞ്ഞ് ധോണിയെ നോക്കി. ഡിആര്‍എസിനായി അവസാന അനുമതിക്കായാണ് ആ തിരിഞ്ഞു നോട്ടമെന്ന് കമന്‍ററി ബോക്സിലിരുന്ന സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെടുകയും ചെയ്തു. ധോണിയുമായി വീണ്ടും കൊഹ്‍ലി ആശയവിനിമയം നടത്തി. അത്ര ഉറപ്പില്ലെങ്കിലും ഡിആര്‍എസിന് പോകുകയാകും ഉചിതമെന്ന് ധോണി സൂചിപ്പിച്ചതോടെ കൊഹ്‍ലി അപ്പീല്‍ ചെയ്തു. അന്തിമ ഫലം ഭൂംറക്കും ഇന്ത്യക്കും അനുകൂലമായി മാറുകയും ചെയ്തു.
ഡിആര്‍എസുമായി ബന്ധപ്പെട്ട് ധോണിയുടെ തീരുമാനം എത്രമാത്രം പ്രസക്തമാണെന്ന് വ്യക്തമാകുന്ന മറ്റൊരു രസകരമായ സന്ദര്‍ഭം ശ്രീലങ്കക്കിതെരെയുള്ള ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ നടന്നു. ഇരുപതാമത് ഓവര്‍ എറിഞ്ഞ ജഡേജ കുശാല്‍ മെന്‍ഡിസിനെതിരെ എല്‍ബിഡബ്ലിയുവിന് അപ്പീല്‍ ചെയ്തു. അമ്പയര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും കൊഹ്‍ലിയുടെ ഇടപെടല്‍ പ്രതീക്ഷിച്ച് ജഡേജ ശക്തമായി തന്നെ അപ്പീല്‍ തുടര്‍ന്നു. ഇതിനിടെയാണ് ധോണി ഇടപെട്ടത്. മറ്റൊന്നും സംഭവിക്കാത്തതു പോലെ പന്ത് കയ്യിലെടുത്ത ധോണി അത് തിരികെ ബൌളര്‍ക്ക് എറിഞ്ഞു കൊടുത്തു. റിവ്യൂവിന്‍റെ സാധ്യകള്‍ വ്യക്തമാക്കി കൊണ്ടുള്ള ആ ഇടപെടലിന്‍റെ സന്ദേശം കൃത്യമായി മനസിലാക്കിയ ജഡേജ ബൌളിങ് മാര്‍ക്കില്‍ തിരിച്ചെത്തി അടുത്ത പന്തിനായി ഒരുങ്ങി.
ധോണിയുടെ അനുഭവ സമ്പത്ത് തന്നിലെ നായകനെ രാകിമിനുക്കാനായി ഉപയോഗപ്പെടുത്തുന്നതിനും അത് പരസ്യമായി തന്നെ വെളിപ്പെടുത്താനും കൊഹ്‍ലിയും ഇത് ആസ്വദിച്ച് നീങ്ങുന്ന ധോണിയുമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശക്തി. നായക പദവി കൈമാറ്റത്തിനു ശേഷം കൊഹ്‍ലിയുടെ ടീമിനെ വാര്‍ത്തെടുക്കാന്‍ അവസരം നല്‍കി തന്‍റെ കടമ അറിഞ്ഞു പെരുമാറിയെന്നതാണ് ധോണിയെ വ്യത്യസ്തനാക്കുന്ന ഘടകം. ശ്രീനിവാസന്‍ കാലത്തെ ധോണിയാകാനാണ് കൊഹ്‍ലിയുടെ ആഗ്രഹമെന്നും ഒരു നായകന് ഇത്രമാത്രം സ്വാധീനം അനുവദിക്കേണ്ടതുണ്ടോയെന്നുമുള്ള വിമര്‍ശങ്ങള്‍ ശക്തമാകുന്നതിനോടൊപ്പം തന്നെ ധോണി ഉള്ളപ്പോളെന്തിന് വേറൊരു പരിശീലകനെന്ന വാദം പ്രസക്തമാകുന്നതും ഇരുവരും തമ്മിലുള്ള ഈ സുതാര്യ ബന്ധം ഒന്നുകൊണ്ട് മാത്രമാണ്.
Adjust Story Font
16