ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍ വരുന്നു, അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടവുമായി
ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍ വരുന്നു, അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടവുമായി
ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും അടക്കമുള്ള പ്രമുഖര്‍ അണിനിരന്ന ടൂര്‍ണ്ണമെന്റിലാണ് അഫ്ഗാനിസ്ഥാന്റെ കിരീട നേട്ടം
അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടി അഫ്ഗാനിസ്ഥാന്‍ പുതു ചരിത്രം രചിച്ചു. ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും അടക്കമുള്ള പ്രമുഖര്‍ അണിനിരന്ന ടൂര്‍ണ്ണമെന്റിലാണ് അഫ്ഗാനിസ്ഥാന്റെ കിരീട നേട്ടം. ഫൈനലില്‍ പാകിസ്ഥാനെ 185 റണ്‍സിന് തോല്‍പിച്ചാണ് അഫ്ഗാനിസ്ഥാന്റെ ചുണക്കുട്ടികള്‍ വിജയം ആഘോഷിച്ചത്.
Many congratulations!!! AFGHANISTAN is the CHAMPION of ACC U19 Youth Asia Cup 2017. Historic day for Afghanistan and @ACBofficials.#AFGvsPAK #ACCU19YAC pic.twitter.com/VkfZw3rPDj
— Atif Mashal (@MashalAtif) November 19, 2017
കലാശപോരാട്ടത്തില്‍ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 249 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്റെ മറുപടി വെറും 63 റണ്ണില്‍ അവസാനിച്ചു. 13 റണ്‍ മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുജീബ് സര്‍ദാനാണ് അഫ്ഗാനിസ്ഥാന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. പ്രാഥമിക റൗണ്ട് മത്സരത്തിലും ആറ് വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ തകര്‍ത്തത് ഓഫ് സ്പിന്നറായ മുജീബായിരുന്നു. അന്ന് ഏഴ് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ചത്. ടൂര്‍ണ്ണമെന്റിലാകെ അഞ്ച് കളികളില്‍ നിന്ന് 20 വിക്കറ്റുകള്‍ മുജീബ് നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ അഫ്ഗാനിസ്ഥാനുവേണ്ടി ഓപണര്‍മാരായ റഹ്മത്തുള്ള ഗുര്‍ബാസും(40) ഇബ്രാഹിം സാദ്രനും(36) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഗുര്‍ബാസ് വീണപ്പോള്‍ മത്സരം കൈപ്പിടിയിലൊതുക്കാമെന്ന് പാകിസ്താന്‍ കരുതിയെങ്കിലും മൂന്നാമനായെത്തിയ ഇക്രം ഫൈസിയുടെ(107*) സെഞ്ചുറിയുടെ ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്‌കോര്‍ 248 വരെയെത്തി. മധ്യനിരയില്‍ നിന്നോ വാലറ്റത്തുനിന്നോ കാര്യമായ പിന്തുണ ലഭിക്കാതെയാണ് ഫൈസി സെഞ്ചുറി നേടി അഫ്ഗാനിസ്ഥാന്‍ ഇന്നിംങ്‌സിന്റെ നെടുംതൂണായത്.
മറുപടി ബാറ്റിംങിനിറങ്ങിയ പാകിസ്താന്റെ ഓപണര്‍മാരായ മുഹമ്മദ് ആരിഫിനേയും(4) ഒമൈര്‍ യൂസുഫിനേയും(0) പുറത്താക്കി മുജീബ് തുടക്കത്തിലേ അഫ്ഗാന് മുന്‍തൂക്കം നല്‍കിയത്. ആറ് ഓവറില്‍ 18 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ലെഗ് സ്പിന്നര്‍ ഖായിസ് അഹമ്മദ് മുജീബിന് പിന്തുണ നല്‍കി. പാകിസ്താന്‍ നിരയില്‍ മുഹമ്മദ് താഹ(19) ക്യാപ്റ്റന്‍ ഹസന്‍ ഖാന്‍(10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത് എന്നത് തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു.
ഫൈനലില്‍ സെഞ്ചുറി നേടിയ ഇക്രം ഫൈസി കളിയിലെ താരമായപ്പോള്‍ അഫ്ഗാനിസ്ഥാന്റെ തന്നെ മുജീബ് സര്‍ദാന്‍ ടൂര്‍ണ്ണമെന്റിലെ താരമായി.
Adjust Story Font
16