'എനിക്ക് വിശ്രമം വേണം' വിരാട് കോഹ്‌ലി
'എനിക്ക് വിശ്രമം വേണം' വിരാട് കോഹ്‌ലി
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയുടെ അവസാന ടെസ്റ്റിനു ശേഷം നടന്ന പുരസ്‌ക്കാര ദാന ചടങ്ങിനിടെയാണ് കോഹ്‌ലി ഇക്കാര്യം തുറന്നു പറഞ്ഞത്.
'കഴിഞ്ഞ 48 മാസമായി തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുകയാണ് ഞാന്‍. ഇപ്പോള്‍ എനിക്ക് വിശ്രമം ആവശ്യമാണ്. എന്റെ ശരീരം അത് ആവശ്യപ്പെടുന്നുണ്ട്' ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വാക്കുകളാണിത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയുടെ അവസാന ടെസ്റ്റിനു ശേഷം നടന്ന പുരസ്‌ക്കാര ദാന ചടങ്ങിനിടെയാണ് ഇന്ത്യയുടെ തിരക്കേറിയ ഷെഡ്യൂളിനെക്കുറിച്ച് പരാതി പറയേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് കോഹ്‌ലി വിശദീകരിച്ചത്.
തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പരകള്‍ വിജയിക്കുകയെന്ന അപൂര്‍വ്വ റെക്കോഡ് നേടിക്കൊണ്ടാണ് വിരാട് കോഹ്‌ലിയും സംഘവും ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പര അവസാനിപ്പിച്ചത്. നേരത്തെ ആസ്‌ത്രേലിയ മാത്രമാണ് തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പര വിജയിച്ചിട്ടുള്ളത്. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും മാന്‍ ഓഫ് ദ മാച്ചും പരമ്പരയിലെ താരവുമായ ശേഷമാണ് കോഹ്‌ലി വിശ്രമത്തിനൊരുങ്ങുന്നത്. അഞ്ച് ഇന്നിംങ്‌സുകളില്‍ നിന്ന് 152.50 എന്ന വമ്പന്‍ ശരാശരിയില്‍ 610 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്.
IND vs SL 2017, 3rd Test: Match Presentation https://t.co/HUIvgyiadF #BCCI
— subin (@zubahan) December 6, 2017
ടെസ്റ്റില്‍ കരിയറിലെ ആറാമത്തെ ഇരട്ട സെഞ്ചുറിയാണ് കോഹ്‌ലി കുറിച്ചത്. ആദ്യമായാണ് ഒരു ക്യാപ്റ്റന്‍ ആറ് ടെസ്റ്റ് ഇരട്ട സെഞ്ചുറികള്‍ നേടുന്നത്. ക്രിക്കറ്റ് ഇതിഹാസതാരം ബ്രയാന്‍ ലാറയുടെ റെക്കോഡാണ് കോഹ്‌ലി ഇവിടെ മറികടന്നത്. തന്റെ തന്നെ വ്യക്തിഗത സ്‌കോര്‍ 235 റണ്‍സില്‍ നിന്നും 243 റണ്‍സായി ഉയര്‍ത്താനും കോഹ്‌ലിക്കായി. ഇന്ത്യയുടെ സച്ചിനും സേവാഗിനുമൊപ്പം ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറികളുടെ റെക്കോഡ് പങ്കിടുകയാണ് ഇപ്പോള്‍ കോഹ്‌ലി.
ഇന്ത്യന്‍ ടീമിന്റെ തിരക്കേറിയ മത്സരങ്ങളെക്കുറിച്ച് കോഹ്ലി നേരത്തെയും ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പര്യേടനം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കാന്‍ തീരുമാനിച്ചതിനെതിരെ പരസ്യമായി തന്നെ കോഹ്‌ലി രംഗത്തെത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുന്നോടിയായി ഒരുങ്ങാന്‍ സമയം ലഭിക്കാത്തതിനാല്‍ പേസിനെ പിന്തുണക്കുന്ന പിച്ചൊരുക്കാന്‍ ഗതികെട്ട് നിര്‍ദ്ദേശം നല്‍കിയെന്നും കോഹ്‌ലി ഏറ്റുപറഞ്ഞിരുന്നു. അന്നത്തെ വിമര്‍ശങ്ങള്‍ക്ക് ശേഷം ശ്രീലങ്കക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുക.
Adjust Story Font
16