സന്തോഷ് ട്രോഫിയുമായെത്തിയ കേരള ടീമിന് ഉജ്വല വരവേല്‍പ്പ്
വാദ്യമേളങ്ങളുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയായിരുന്നു കേരളം സന്തോഷ് ട്രോഫി താരങ്ങളെ വരവേറ്റത്.
നീണ്ട 14 വർഷങ്ങൾക്ക് ശേഷം സന്തോഷ് ട്രോഫി കിരീടം നേടി നാട്ടിൽ തിരിച്ചെത്തിയ കേരള ടീമിന് ആവേശകരമായ സ്വീകരണം. വാദ്യമേളങ്ങളുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയായിരുന്നു കേരളം സന്തോഷ് ട്രോഫി താരങ്ങളെ വരവേറ്റത്. ഏപ്രിൽ ആറിന് വിജയദിനമായി ആചരിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ സ്വീകരണം. മുദ്രാവാക്യം വിളികളും പൂമാലകളുമായി ആരാധകർ തടിച്ച് കൂടി. കലൂര്‍ സ്റ്റേഡിയത്തില്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു അടുത്ത സ്വീകരണം.
കേരളത്തിന് അഭിമാനകരമായ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന് പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ കേരളത്തിന്റെ ഗോൾ വല കാത്ത മിഥുൻ പറഞ്ഞു. സമ്മർദ്ദം വകവെക്കാതെ കപ്പിലേക്ക് നീങ്ങാനായത് ടീമിന്റെ ഒത്തൊരുമയുടെ കൂടെ വിജയമാണെന്ന് ടീം കോച്ച് സതീവൻ ബാലൻ പറഞ്ഞു. വിജയ ദിനമായി ആചരിക്കുന്ന ആറാം തിയതി വൈകുന്നേരം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാര്‍ സ്വീകരണം നൽകും.
Adjust Story Font
16