പോളിയോയെ മറികടന്ന് വില്‍മ നേടിയ ഒളിമ്പിക് ജയം
പോളിയോയെ മറികടന്ന് വില്‍മ നേടിയ ഒളിമ്പിക് ജയം
ഒളിമ്പിക്സില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടു വില്‍മ റുഡോള്‍ഫിന്റെ വിജയം
ഒളിമ്പിക്സ് ട്രാക്കില്‍ ആവേശകരമായ മത്സരങ്ങള്‍ പലതുണ്ടായിട്ടുണ്ട്. അവയില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാണ് വില്‍മ റുഡോള്‍ഫിന്റേ വിജയം. ലക്ഷ്യത്തിലേക്കുളള കുതിപ്പിനെ തടയിടാനത്തിയ പോളിയോ എന്ന രോഗത്തെ ഇച്ഛാശക്തികൊണ്ട് മറി കടന്ന ചരിത്രമാണ് വില്‍മ റുഡോള്‍ഫിന്റേത്. ഒളിമ്പിക്സില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടു വില്‍മ റുഡോള്‍ഫിന്റെ വിജയം.
1960ലെ റോം ഒളിമ്പിക്സ് . കായിക ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ വനിതകളുടെ 100 മീറ്റര്‍ ട്രാക്കിലേക്ക്. പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന വില്‍മ റുഡോള്‍ഫ് എന്ന പെണ്‍കുട്ടിയുടെ മത്സരം. അതായിരുന്നു ആ മത്സരത്തിന്റെ ആകര്‍ഷണം. വെടിമുഴങ്ങി. വില്‍മ റുഡോള്‍ഫ് ഒന്നാം സ്ഥാനത്ത്. തീര്‍ന്നില്ല വില്‍മയുടെ നേട്ടം. 200ലും 4 ഗുണം 100 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണമെഡല്‍.
മൂന്ന് സ്വര്‍ണ്ണവുമായി ഒളിമ്പിക് വേദിയില്‍ നിന്നും വില്‍മ മടങ്ങുമ്പോള്‍ കായികലോകത്തിനൊപ്പം വൈദ്യശാസ്ത്രത്തിനും അത്ഭുതമായിരുന്നു. 1940ല്‍ അമേരിക്കയില്‍ ജനിച്ച വില്‍മ നാലാം വയസ്സില്‍ ഇന്‍ഫന്റയില്‍ പരാലിസിസ് എന്നരോഗം ബാധിച്ച് കിടപ്പിലായി. പക്ഷേ വില്മയുടെ അമ്മ അവളില്‍ കായികതാരമാവുക എന്ന ആഗ്രഹം വളര്‍ത്തിയെടുത്തു. തളര്‍ന്ന കിടപ്പിലും വില്‍മയത് സ്വപ്നം കണ്ടു. പതിയെ അവള്‍ നടക്കാന്‍ തുടങ്ങി. പിന്നീട് ഓടാനും. ആദ്യമാദ്യം പരാജയം മാത്രമായപ്പോഴും വില്‍മ പിറകോട്ടു പോയില്ല. ലക്ഷ്യം ഒളിമ്പിക്സ് മാത്രം. ആ ലക്ഷ്യം നേടിയെന്ന് മാത്രമല്ല. മനശ്ശക്തി കൊണ്ട് ശാരീരികാവശതകളെ മറികടന്ന് ലോക കായിക ഭൂപടത്തില്‍ തന്റെ പേര് പതിപ്പിച്ചാണ് വില്‍മ ട്രാക്കില്‍ നിന്ന് മടങ്ങിയത്.
Adjust Story Font
16