വണ്‍... ടൂ... ത്രീ...ബ്ലാസ്റ്റേഴ്‍സിനെ നാണംകെടുത്തി ഫോര്‍ലാന്റെ ഹാട്രിക്
വണ്‍... ടൂ... ത്രീ...ബ്ലാസ്റ്റേഴ്‍സിനെ നാണംകെടുത്തി ഫോര്‍ലാന്റെ ഹാട്രിക്
ബ്ലാസ്റ്റേഴ്‍സിന്റെ വലയില്‍ മൂന്നു വട്ടം വെടിപൊട്ടിച്ച ഫോര്‍ലാന്‍ മുംബൈ സിറ്റി എഫ്‍സിക്ക് സ്വന്തം തട്ടകത്തില്‍ ഒരുക്കിയത് അവിസ്‍മരണീയ ജയം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‍സിനെ നാണംകെടുത്തി ഡീഗോ ഫോര്‍ലാന്‍. ബ്ലാസ്റ്റേഴ്‍സിന്റെ വലയില്‍ മൂന്നു വട്ടം വെടിപൊട്ടിച്ച ഫോര്‍ലാന്‍ മുംബൈ സിറ്റി എഫ്‍സിക്ക് സ്വന്തം തട്ടകത്തില്‍ ഒരുക്കിയത് അവിസ്‍മരണീയ ജയം. സ്വന്തം കാണികള്‍ക്ക് ഇതിനേക്കാള്‍ മികച്ചൊരു വിജയം മുംബൈക്ക് ഒരുക്കാനില്ലെന്ന് തെളിയിക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്‍സിനെതിരായ പടയോട്ടം. മുംബൈയുടെ ആക്രമണച്ചൂടില്‍ ബ്ലാസ്റ്റേഴ്‍സ് ഉരുക്കിത്തീര്‍ന്നു.
തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‍സിന്റെ പ്രതിരോധ നിരയെ വരച്ച വരയില്‍ നിര്‍ത്തിയായിരുന്നു മുംബൈയുടെ മുന്നേറ്റം. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ നിലയുറപ്പിക്കും മുമ്പ് ബ്ലാസ്റ്റേഴ്‍സിന്റെ വലയിലേക്ക് വെടിയുതിര്‍ത്ത ഫോര്‍ലാന്‍ മഞ്ഞപ്പടയുടെ ആത്മവിശ്വാസം തുടക്കത്തില്‍ തന്നെ തകര്‍ത്തു കളഞ്ഞു. ആദ്യ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പ് 14 ാം മിനിറ്റില്‍ ഫോര്‍ലാന്‍ വീണ്ടും ബ്ലാസ്റ്റേഴ്‍സിന്റെ വല തുളച്ചു. 63 ാം മിനിറ്റില്‍ ആല്‍വസിന്റെ പാസില്‍ നിന്നു ഫോര്‍ലാന്‍ അനായാസം ബ്ലാസ്റ്റേഴ്‍സ് ഗോളിയെ പരാജയപ്പെടുത്തി ഹാട്രിക് ഗോളില്‍ മുത്തമിട്ടു. 67 ാം മിനിറ്റില്‍ ഫോര്‍ലാനെ പിന്‍വലിച്ച് കര്‍ഡോസയെ യുദ്ധക്കളത്തിലേക്ക് പറഞ്ഞയച്ചപ്പോള്‍ വരാനിരിക്കുന്ന നാശത്തേക്കുറിച്ച് ബ്ലാസ്റ്റേഴ്‍സിന് ഊഹിക്കാന്‍ പോലും കഴിഞ്ഞില്ല. കൂടുതല്‍ നാണംകെടാതെ പ്രതിരോധത്തിലേക്ക് വലിയാന്‍ പോലും മഞ്ഞപ്പടക്ക് കഴിഞ്ഞില്ല. അക്ഷരാര്‍ഥത്തില്‍ നിലംപരിശാകുകയായിരുന്നു ബ്ലാസ്റ്റേഴ്‍സ്.
69 ാം മിനിറ്റില്‍ എത്തി ആല്‍വസിന്റെ വക ഗോള്‍. ഇതോടെ ബ്ലാസ്റ്റേഴ്‍സ് നാലു ഗോളുകള്‍ക്ക് പിന്നിലായി. 73 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‍സിന്റെ തിരുനെറ്റി തുളച്ച് ലൂസിയാന്‍ ഗോയന്റെ ഗോളെത്തി. 5-0 ന് പിന്നിലായതോടെ ബ്ലാസ്റ്റേഴ്‍സ് കെട്ടുപൊട്ടിയ പട്ടംപോലെയായി. അലസമായ പാസും തിരിച്ചുവരുന്ന പന്തുകളെ കാലിലൊതുക്കാന്‍ കഴിയാത്തതും മുംബൈയുടെ പ്രതിരോധ നിരയെ ഭേദിക്കാന്‍ പലവട്ടം അവസരം കിട്ടിയിട്ടും അതിലൊന്ന് പോലും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടതും ബ്ലാസ്റ്റേഴ്‍സിന്റെ വിധിയെഴുതുകയായിരുന്നു. ഒരു ലോക്കല്‍ ക്ലബ്ബിന്റെ മികവു പോലും പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‍സിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാല്‍ അത് അതിശയോക്തിയാകില്ല.
Adjust Story Font
16