ലോകകപ്പ് സന്നാഹം; ബ്രസീലിനും അര്‍ജന്റീനക്കും കൊളംബിയക്കും ജയം
ലോകകപ്പ് സന്നാഹം; ബ്രസീലിനും അര്‍ജന്റീനക്കും കൊളംബിയക്കും ജയം
റഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. അര്‍ജന്റീന ഇറ്റലിയേയും കൊളംബിയ ഫ്രാന്‍സിനെയും തോല്‍പ്പിച്ചു
ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനക്കും കൊളംബിയക്കും ജയം. റഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. അര്‍ജന്റീന ഇറ്റലിയേയും കൊളംബിയ ഫ്രാന്‍സിനെയും തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ജര്‍മ്മനിയെ സമനിലയില്‍ തളച്ച് സ്‌പെയിന്‍ കരുത്ത് കാട്ടി.
റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലാണ് ആഥിതേയരായ റഷ്യ ബ്രസീലിനെ നേരിട്ടത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായി മാറിയപ്പോള്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളും പിറന്നു. മത്സരത്തിന്റെ അന്‍പത്തി മൂന്നാം മിനുട്ടില്‍ മിറാന്‍ഡയിലൂടെയാണ് ബ്രസീല്‍ മുന്നേറ്റം കുറിച്ചത്. വില്ല്യന്റെ കോര്‍ണ്ണറില്‍ സില്‍വ ഗോള്‍ ലക്ഷ്യമാക്കിയെങ്കിലും റഷ്യന്‍ ഗോളി തട്ടിയകറ്റി. എന്നാല്‍ പന്ത് കാല്‍പ്പിടിയിലാക്കിയ മിറാന്‍ഡ റഷ്യന്‍ പ്രതിരോധത്തിന് ഒരവസരവും നല്‍കാതെ ബ്രസീലിന് ലീഡ് നല്‍കി. എട്ടു മനിട്ടിനകം ബ്രസീല്‍ വീണ്ടും ലക്ഷ്യം കണ്ടു. പെനാല്‍ട്ടി കിക്ക് മുതലാക്കി ഫിലിപ്പോ കുട്ടീഞ്ഞോയാണ് രണ്ടാമത് റഷ്യന്‍ വല കുലുക്കിയത്. മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും പൗളീഞ്ഞ്യോയുടെ ബൂട്ടിലൂടെ മൂന്നാം ഗോളും ലക്ഷ്യം കണ്ടതോടെ റഷ്യന്‍ പതനം പൂര്‍ണ്ണമായി. വില്ല്യന്റെ മനോഹരമായ പാസാണ് പൌളീഞ്ഞ്യോ വലയിലേക്ക് തിരിച്ച് വിട്ടത്. പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ റഷ്യക്കെതിരെ ഇറങ്ങിയത്.
നിലവിലെ ലോകകപ്പ് ചാമ്പ്യന്‍മാരായ ജര്‍മ്മനിയെ സമനിലയില്‍ തളച്ച് സ്‌പെയിന്‍ കരുത്ത് കാട്ടി. കളിയുടെ ആറാം മിനുട്ടില്‍ ആന്‍ഡ്രേഴ്‌സ് ഇനിയെസ്റ്റയുടെ പാസ് ജര്‍മ്മന്‍ വലയിലെത്തിച്ച് റോഡ്രിഗോ മൊറീനയിലൂടെ സ്‌പെയിന്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. മുപ്പത്തി അഞ്ചാം മിനുട്ടില്‍ മ്യൂലറിലൂടെ ജര്‍മ്മനി പകരം വീട്ടിയപ്പോള്‍ മത്സരം സമനിലയിലായി. അതേ സമയം അര്‍ജന്റീന മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇറ്റലിയെയും തകര്‍ത്തു. എവര്‍ ബാനെഗ, മാനുവല്‍ ലാന്‍സിനി എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. ഫ്രാന്‍സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കൊളംബിയയും തകര്‍ത്തു.
Adjust Story Font
16